തൃശൂരിൽ വി.എസ്. സുനിൽകുമാർ, തിരുവനന്തപുരത്ത് പന്ന്യൻ; സിപിഐയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നവർ…

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലില്‍ അന്തിമ ധാരണയായി. തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ തന്നെയാണ് സിപിഐയുടെ സ്ഥാനാർത്ഥി. വയനാട്ടിൽ സിപിഐയുടെ മുതിർന്ന നേതാവ് ആനി രാജ സ്ഥാനാർത്ഥിയാകും. തൃശൂരില്‍ വി.എസ്.സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാറുമാണ് സ്ഥാനാര്‍ത്ഥികളാകുക. അന്തിമ തീരുമാനം 26ന് സിപിഐ സംസ്ഥാന നേതൃയോഗത്തിലാണ് കൈക്കൊള്ളുക.
കെ കെ ശൈലജ വടകരയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു. വടകരയിൽ കെകെ ശൈലജ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.
സിപിഐഎം സ്ഥാനാർത്ഥി പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെകെ ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെജെ ഷൈനുമാണ് പട്ടികയിലെ വനിതകൾ.
മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, കണ്ണൂരിൽ എംവി ജയരാജൻ, കാസർകോട് എംവി ബാലകൃഷ്ണൻ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ കെ രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. 15 മണ്ഡലങ്ങളിലാണ് സിപിഐഎം ആകെ മത്സരിക്കുന്നത്. സിപിഐ 4 മണ്ഡലങ്ങളിലാണ് മത്സര രംഗത്തുള്ളത്. കോട്ടയം സീറ്റ് കേരള കോൺഗ്രസിനാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here