ആർജെഡി നേതാവ് വി സുരേന്ദ്രൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിനിടെ ആർജെഡി നേതാവ് വി സുരേന്ദ്രൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി തിരുവന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കവടിയാറിലെ വീട്ടിലെത്തിയാണ് രാജീവ് ചന്ദ്രശേഖർ ഇടതുമുന്നണി നേതാവ് സുരേന്ദ്രൻപിള്ളയെ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള സൗഹൃദ കൂടിക്കാഴ്ച്ചയെന്നാണ് ഇരു കൂട്ടരുടെയും വിശദീകരണം. കൂടികാഴ്ച്ചയുടെ ദൃശ്യങ്ങൾ 24 നു ലഭിച്ചു. ട്വന്റിഫോർ എക്സ്ക്ലൂസീവ്.
കെ കുരണകാരന്റെ മകൾ പത്മജയടക്കം കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് കൂടണഞ്ഞപ്പോൾ ഇടതു നേതാക്കളിൽ ചിലരും പാർട്ടിയിലേക്ക് വരുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളുടെ പ്രതികരണം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെയാണ് വി സുരേന്ദ്രൻ പിള്ളയെ രാജീവ് ചന്ദ്രശേഖർ
കവടിയാറിലെ വീട്ടിലെത്തി കണ്ടത്. രാവിലെ ഒൻപതേകാലോടെ കവടിയാറിലെ സുരേന്ദ്രൻ പിള്ളയുടെ വീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖർ പതിനഞ്ചു മിനുറ്റോളം ചിലവിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയായിരുന്നു കൂടിക്കാഴ്ച്ച.
സൗഹൃദ സന്ദർശനം എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സാധാരണ നിലയിൽ വന്നു കണ്ടു വോട്ടു അഭ്യർത്ഥിച്ചുവെന്നും താൻ എൽഡിഎഫിന്റെ പ്രവർത്തകൻ ആണെന്ന് വിശദീകരിച്ചുവെന്നും സുരേന്ദ്രൻ പിള്ളയും പറയുന്നു. ആർജെഡിയിലെ ആഭ്യന്തര പ്രശ്നങ്ങൾ ഇടതു മുന്നണിയിൽ ഉന്നയിച്ചതടക്കം മുൻപ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് ഈ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലുണ്ടായ പുതിയ വിവാദത്തിൽ സുരേന്ദ്രൻ പിള്ളയോടുള്ള സിപിഐഎമ്മിന്റെ നിലപാട് നിർണ്ണായകം.
Story Highlights: Rajeev Chandrasekhar met with RJD leader V Surendran Pillai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here