ബംഗാള്‍ പെണ്‍പുലിയെ വെല്ലാന്‍ കൃഷ്ണനഗർ രാജമാത
ലോക്‌സഭയിൽ ബിജെപിക്ക് വലിയ തലവേദനയുണ്ടാക്കിയ എംപിയായിരുന്നു തൃണമൂൽ എംപി മഹുവാ മോയ്ത്ര. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ അഞ്ചാം പട്ടികയിൽ മഹുവയെ നേരിടാനുള്ള അസ്ത്രം ബിജെപി കരുതിയിരുന്നു, രാജമാത അമൃത റോയ്. കഴിഞ്ഞ ആഴ്ച അമൃത റോയ് ബിജെപിയിൽ ചേർന്നതുമുതൽ സ്ഥാനാർഥിത്വത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങളും പടർന്നിരുന്നു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം ഉറപ്പായി. (Mahua Moitra Faces Royal Test In Krishnanagar Lok Sabha Seat)
കൃഷ്ണനഗർ ജനതയുമായി വലിയ ആത്മബന്ധമുള്ള നാദിയ രാജകുടുംബത്തിലെ മുതിർന്ന അംഗമാണ് അമൃത റോയ്. കലാ-സാംംസ്കാരിക രംഗത്ത് വലിയ പാരമ്പര്യമുള്ള നഗരമാണ് കൃഷ്ണനഗർ. ഇന്ത്യൻ ചരിത്രത്തിൻ്റെ ഭാഗമാ് മഹാരാജാ കൃഷ്ണ ചന്ദ്ര റോയ്. 18ാം നൂറ്റാണ്ടിലെ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സംസ്ഥാനത്തിൻ്റെ കിഴക്കൻ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. 55 വർഷം നീണ്ട ഭരണകാലത്ത് കലാ സാംസ്കാരിക ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികൾ രാജവാഴ്ച അവസാനിച്ചതിന് ശേഷം വന്ന ഭരണാധികാരികൾക്കും മാതൃകയായിരുന്നു. അമൃത റോയിയുടെ സ്ഥാനാർഥിത്വം മഹുവാ മോയ്ത്രയ്ക്കെതിരെ ബിജെപിയെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. ബിജെപിയുടെ നാദിയ ജില്ലാ നേതൃത്വമാണ് അമൃത റോയിയെ മത്സരിപ്പിക്കുന്നതിന് തീരുമാനിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അമൃത റോയിക്ക് താൽപര്യമില്ലായിരുന്നുവെന്നും നിരവധി തവണനേതാക്കൾ ഇവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ലോക്സഭയിൽ തീപാറുന്ന പ്രസംഗങ്ങളും ചോദ്യവുമായി ലോക്സഭയിൽ നിറഞ്ഞുനിന്ന എംപി ആയിരുന്നു മഹുവാ മോയ്ത്ര. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 6,14,872 വോട്ടുകൾ നേടി ബിജെപിയുടെ കല്യാൺ ചൗബയെ തോൽപ്പിച്ചാണ് മഹുവാ മോയ്ത്ര സഭയിലെത്തിയത്. ചോപ്ര, പലാഷിപര, കാളിഗഞ്ച് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് മഹുവ മോയ്ത്രയ്ക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാളിഗഞ്ചിൽ ബിജെപി ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങളും പാർട്ടിയിലെ ഉൾപ്പോരുകളും തൃണമൂലിന് തലവേദനയാണ്. ഇത് പരമാവധി ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്.
പാർലമെൻ്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് മഹുവാ മോയ്ത്ര. കഴിഞ്ഞ ദിവസം ഇവരുടെ കൊൽക്കത്തയിലെ വസതിയിൽ റെയ്ഡ് നടന്നിരുന്നു. അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് മഹുവയുടെ മുൻ സുഹൃത്ത് ആനന്ത് ദെഹദ്രായി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ പരാതി ഉന്നയിച്ചത്.തുടർന്ന് പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി അന്വേഷണം നടത്തി. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് മഹുവാ മോയ്ത്രയ്ക്ക് എംപി സ്ഥആനം നഷ്ടമായിരുന്നു. ജമ്മുകാശ്മീര്‍ പുനഃസംഘടന ബില്‍, മുത്തലാഖ് ബില്ലടക്കം ഇരുപത് ബില്ലുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ മുന്‍കൂറായി പരിശോധിക്കാന്‍ ഈ സമയത്ത് പാര്‍ലമെൻ്റിലെ എംപിമാര്‍ക്ക് അനുവാദം നല്‍കിയിരുന്നു.2019 ജുലൈക്കും 2023 ഏപ്രിലിനുമിടയില്‍ 47 തവണയാണ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് ലോഗിന്‍ അക്കൗണ്ട് യുഎഇയില്‍ വച്ച് ഹിരാനന്ദാനി ഗ്രൂപ്പ് ഉപയോഗിച്ചത്. പാര്‍ലമെന്‍റില്‍ മഹുവ ചോദിച്ച 61 ചോദ്യങ്ങളില്‍ 50 എണ്ണവും ഹിരാനന്ദാനി ഗ്രൂപ്പിന് വേണ്ടിയായിരുന്നുവെന്നും എത്തിക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
എന്നാൽ ഈ വിഷയങ്ങളൊന്നും തന്നെ കൃഷ്ണനഗഗറിൽ ചർച്ചയാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. അമൃത റോയിയും മഹുവാ മോയ്ത്രയും കൃഷ്ണനഗർ മണ്ഡലത്തിലെ വോട്ടർമാർക്ക് സുപരിചിതരാണ്. അമൃത റോയിയോട് വൈകാരികമായ ഒരു അടുപ്പം നാട്ടുകാർക്കുണ്ട്. എന്നാൽ മഹുവാ മോയ്ത്രയുടെ തീപാറുന്ന പ്രസംഗത്തിനൊപ്പം പിടിച്ചുനിൽക്കാൻ അമൃത റോയിക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here