‘ഇലക്ടറൽ ബോണ്ടിൻ്റെ മൂലയിലിരുന്നാണ് അഴിമതിക്കെതിരെ സംസാരിക്കുന്നത്’; പ്രധാനമന്ത്രിക്കെതിരെ ദീപിക മുഖപ്രസംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദീപിക മുഖപ്രസംഗം. ഇലക്ടറൽ ബോണ്ടിൻ്റെ ഇരുണ്ട മൂലയിൽ ഇരുന്നുകൊണ്ടാണ് പ്രധാനമന്ത്രി അഴിമതിക്കെതിരെ സംസാരിക്കുന്നത് എന്ന് ദീപിക കുറ്റപ്പെടുത്തി. നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ. (electoral bond modi deepika)
ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ആഗോള പട്ടികയിൽ രാജ്യം കൂപ്പുകുത്തി. എന്നിട്ട് രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറയുന്നു. ഇതിനെക്കാൾ നിർഭാഗ്യകരമാണ് മതത്തിന്റെ പേരിൽ വോട്ട് പിടിക്കാനുള്ള സാധ്യത ചികയുന്നത്. നുണപ്രചരണങ്ങളിൽ പ്രധാനമന്ത്രിയും ഭാഗമാകുന്നത് നിർഭാഗ്യകരമാണ്.
ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണ മാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് അദ്ദേഹം ഉധംപുരിൽ പറഞ്ഞത്. ഇത്തരം വിഷയങ്ങളെ മതത്തോട് തന്ത്രപൂർവം കൂട്ടിക്കെട്ടുകയാണ് പ്രധാനമന്ത്രി. പ്രതിപക്ഷത്തിൻറെ ഉന്നം മുഗളർക്ക് തുല്യമാണെന്നും ഇന്ത്യയിലെ രാജാക്കന്മാരെ തോൽപ്പിച്ചപ്പോഴല്ല, അവരുടെ അന്പലങ്ങൾ തകർക്കുകകൂടി ചെയ്തപ്പോഴാണ് മുഗളർക്കു തൃപ്തി കിട്ടിയതെന്നും പറയാൻ പ്രധാനമന്ത്രി മടി കാണിച്ചില്ല. തെരഞ്ഞെടുപ്പിനും അധികാരത്തിനും മുകളിലാണ് രാജ്യമെന്ന ബോധ്യത്തോടെ ഈ മതധ്രുവീകരണ മനോഭാവം അവസാനിപ്പിക്കേണ്ടതാണ് എന്നും ദീപിക പറയുന്നു.
മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:
ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണ മാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് അദ്ദേഹം ഉധംപുരിൽ പറഞ്ഞത്. എന്നിട്ടതിനെ മതവുമായി തന്ത്രപൂർവം കൂട്ടിക്കെട്ടുകയും ചെയ്തു.
പ്രതിപക്ഷത്തിൻറെ ഉന്നം മുഗളർക്ക് തുല്യമാണെന്നും ഇന്ത്യയിലെ രാജാക്കന്മാരെ തോൽപ്പിച്ചപ്പോഴല്ല, അവരുടെ അന്പലങ്ങൾ തകർക്കുകകൂടി ചെയ്തപ്പോഴാണ് മുഗളർക്കു തൃപ്തി കിട്ടിയതെന്നും പറയാൻ പ്രധാനമന്ത്രി മടി കാണിച്ചില്ല. തെരഞ്ഞെടുപ്പിനും അധികാരത്തിനും മുകളിലാണ് രാജ്യമെന്ന ബോധ്യത്തോടെ ഈ മതധ്രുവീകരണ മനോഭാവം അവസാനിപ്പിക്കേണ്ടതാണ്.
ഇലക്ടറൽ ബോണ്ടിൻറെ ഇരുണ്ട മൂലയ്ക്കിരുന്ന് രാജ്യത്തെ അഴിമതി നിർമാർജനം ചെയ്യുമെന്നു പറയുന്നതിനേക്കാൾ, ജനാധിപത്യത്തിൻറെയും അഭിപ്രായ സ്വാതന്ത്ര്യത്തിൻറെയും തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയുമൊക്കെ ആഗോള പട്ടികകളിൽ കൂപ്പുകുത്തിയിട്ടും രാജ്യം പുരോഗതിയിലേക്കു കുതിക്കുകയാണെന്നു പറയുന്നതിനേക്കാൾ, നിർഭാഗ്യകരമാണ് മതത്തിൻറെ പേരിൽ വോട്ടുപിടിക്കാനുള്ള സാധ്യത ഇനിയും ചികഞ്ഞുകൊണ്ടിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പ്രതിപക്ഷ ഉന്മൂലന തന്ത്രങ്ങളും മതവികാരങ്ങളെ കുത്തിയുണർത്തലും രാഷ്ട്രീയ പാർട്ടികൾ പരസ്പരം നടത്തുന്ന അധിക്ഷേപങ്ങളും നുണപ്രചാരണങ്ങളുമൊക്കെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ലോകത്തിനു മുന്പിൽ അപഹാസ്യമാക്കുകയാണ്. നായാട്ടോ യുദ്ധമോ അല്ല, ഇതു തെരഞ്ഞെടുപ്പാണെന്ന് രാജ്യം ഭരിക്കുന്നവരെയും ഭരിക്കാനിരിക്കുന്നവരെയുമൊക്കെ ഓർമിപ്പിക്കട്ടെ.
Story Highlights: electoral bond narendra modi deepika editorial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here