Advertisement

ദ്രാവിഡ കോട്ട ഭേദിക്കാനാകുമോ ബിജെപിക്ക്?; 2019 ആവര്‍ത്തിക്കാന്‍ ഡിഎംകെ; നാളെ 39 മണ്ഡലങ്ങളില്‍ തമിഴ്‌നാട് വിധിയെഴുതും

April 18, 2024
Google News 2 minutes Read
Loksabha poll 2024-Tamilnadu major parties- DMK-BJP-AIADMK

39 മണ്ഡലങ്ങളില്‍ നാളെ ജനവിധി തേടുകയാണ് തമിഴ്‌നാട്. ദ്രാവിഡമണ്ണില്‍ ചുവടുറപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 2019ലെ ഫലം സംസ്ഥാനത്ത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. അതേസമയം, തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളില്‍ തോറ്റതിന് ശേഷമുള്ള തിരിച്ചുവരവാണ് ഈ തെരഞ്ഞെടുപ്പെന്നാണ് എഐഎഡിഎംകെയുടെ പ്രതീക്ഷ.(Loksabha poll 2024- Tamilnadu DMK-BJP-AIADMK)

കെ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് തമിഴ്‌നാട്ടിലെ ദ്രാവിഡ കോട്ട ഭേദിക്കാനാകുമോ അതോ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും പുഞ്ചിരിക്കാന്‍ വകയുണ്ടാകുമോ എന്നാണ് തമിഴ് രാഷ്ട്രീയം കാത്തിരിക്കുന്നത്. സംസ്ഥാനത്തെ 6.23 കോടി വോട്ടര്‍മാരാണ് നാളെ ജനവിധി നിര്‍ണയിക്കുന്നത്.

സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈഗല്‍ പാര്‍ട്ടി (വിസികെ), സിപിഐ, സിപിഐഎം, മുസ്ലിം ലീഗ് എന്നിവരുടെ സഹായത്തോടെ വിജയപാത തുടരാനാണ് ഡിഎംകെയുടെ പ്രതീക്ഷ. എങ്കിലും പരമ്പരാഗത എതിരാളികളായ എഐഎഡിഎംകെയില്‍ നിന്നും ബിജെപിയുടെ ചില സീറ്റുകളില്‍ നിന്നും കനത്ത വെല്ലുവിളി ഡിഎംകെ നേരിടുന്നുണ്ട്. വള്ളാളര്‍, മുതലിയാര്‍, ഉടയാര്‍, നാടാര്‍, നായിഡു, മുസ്ലീം തുടങ്ങിയ സമുദായങ്ങളില്‍ നിന്നുമുള്ള വിശ്വസ്ത വോട്ടുകള്‍ ഉറപ്പിക്കുന്നുമുണ്ട് ഡിഎംകെ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോദിക്കെതിരെയും ബിജെപിക്കെതിരെയും പോരാട്ടമാവര്‍ത്തിച്ചിട്ടുണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പാര്‍ട്ടി നേതാക്കളും.

ബിജെപിയുമായുള്ള അഞ്ച് വര്‍ഷത്തെ ബന്ധം വേര്‍പെടുത്തിയ ശേഷം, സഖ്യകക്ഷികളെ കണ്ടെത്താന്‍ പാടുപെടുന്ന പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ, ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ), തമിഴകം (പിടി), എസ്ഡിപിഐ എന്നിവയ്ക്കൊപ്പമാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ പോരാടുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും എഐഎഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കില്‍ നിന്നുള്ള 25 % വോട്ട് ഉറപ്പിച്ചുനിര്‍ത്തുന്നുമുണ്ട് പാര്‍ട്ടി. എട്ട് ലോക്സഭാ സീറ്റുകളുള്ള പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ കൊങ്കു മേഖലയില്‍ എഐഎഡിഎംകെയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. പണ്ടേ എഐഎഡിഎംകെ കോട്ടയായി കണക്കാക്കപ്പെടുന്ന പ്രദേശമാണിത്.

Read Also: ആംആദ്മിയെ പിടിമുറുക്കി ഇ.ഡി; ഡല്‍ഹി വഖഫ് ബോര്‍ഡ് അഴിമതിക്കേസില്‍ എഎപി എംഎല്‍എ അറസ്റ്റില്‍

തുടര്‍ച്ചയായി തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സീറ്റുകള്‍ ഏതുവിധേനയും ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് പിന്തുടര്‍ന്നിരുന്നത്. 2019ലെ തെഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും കഴിഞ്ഞ തവണ നേടിയ 3.6 ശതമാനത്തില്‍ നിന്ന് വോട്ട് വിഹിതം വര്‍ധിപ്പിക്കാനാണ് ബിജെപി ഇത്തവണ ശ്രമിക്കുന്നത്. വെല്ലൂര്‍, കോയമ്പത്തൂര്‍, തിരുനെല്‍വേലി, കന്യാകുമാരി എന്നീ നാല് ലോക്സഭാ മണ്ഡലങ്ങളെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷ. പട്ടാളി മക്കള്‍ പാര്‍ട്ടി (പിഎംകെ), തമിഴ് മനില കോണ്‍ഗ്രസ്, അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) തുടങ്ങിയ കക്ഷികളും സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ പാര്‍ട്ടിയും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. തമിഴ്‌നാട് ജനസംഖ്യയുടെ 12 മുതല്‍ 15 % വരെ വരുന്ന വണ്ണിയാര്‍ സമുദായം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് പട്ടാളി മക്കള്‍ പാര്‍ട്ടി. ഇതോടെ തമിഴ്നാടിന്റെ വടക്കന്‍ മേഖലകളിലേക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ജനസംഖ്യയുടെ ഏകദേശം 12% വരുന്ന തേവര്‍ പ്രധാനമായും തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. എഎംഎംകെയുമായും ഒപിഎസുമായും സഖ്യമുണ്ടാക്കിയതോടെ ഈ മേഖലകളില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോണ്‍ഗ്രസിനെയും ഡിഎംകെയെയും ലക്ഷ്യമിട്ടുള്ള കച്ചത്തീവ് തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണംനടത്തിയത്. ദ്രാവിഡ രാഷ്ട്രീയത്തിന് ബദല്‍ സൃഷ്ടിക്കുന്നതിനുള്ള വെല്ലുവിളിയില്‍ ബിജെപിയുടെ ഭാവി രൂപപ്പെടുത്തുന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്.

Read Also: ഒരിക്കൽ സ്വന്തം സാമ്രാജ്യമായിരുന്ന അമേഠിയിലും റായ് ബറേലിയിലും മുട്ടിടിച്ച് ഗാന്ധി കുടുംബം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂര്‍, മുന്‍ തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജന്‍, നിലവിലെ ഡിഎംകെ എംപി തമിഴച്ചി തങ്കപാണ്ഡ്യന്‍, എഐഎഡിഎംകെ മുന്‍ എംപി ജെ ജയവര്‍ധന്‍ എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരം നടക്കുന്ന ഡിഎംകെയുടെ പരമ്പരാഗത കോട്ടയായ സൗത്ത് ചെന്നൈ, ഡിഎംകെ നേതാവ് എ രാജയുടെ തട്ടകമായ നീലഗിരി, 1996ല്‍ ലോക്‌സഭായില്‍ ബിജെപിക്ക് ഓപ്പണിങ് നല്‍കിയ കന്യാകുമാരി, ശിവഗംഗ, രാമനാഥപുരം, വിരുദുനഗര്‍, തിരുനെല്‍വേലി, തേനി, ധര്‍മപുരി എന്നിവയാണ് തമിഴ്‌നാട്ടില്‍ രാഷ്ട്രീയമുറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങള്‍.

Story Highlights : Loksabha poll 2024-Tamilnadu major parties- DMK-BJP-AIADMK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here