അമിത് ഷായുടെയും ഭാര്യയുടെയും സമ്പത്ത് അഞ്ച് വർഷം കൊണ്ട് ഇരട്ടിയായി: പത്രികയിൽ വെളിപ്പെടുത്തൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഭാര്യയുടെയും ആസ്തി അഞ്ച് വർഷം കൊണ്ട് ഇരട്ടിയായി. ഗാന്ധിനഗറിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അമിത് ഷാ, പത്രികയ്ക്ക് ഒപ്പമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏപ്രിൽ 19നാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. ഇത് പ്രകാരം അമി ഷായുടെയും ഭാര്യയുടെയും സ്വന്തം പേരിലുള്ള ആസ്തി ഇപ്പോൾ 65.67 കോടി രൂപയുടേതാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ പത്രികയിൽ ഇത് 30.49 കോടി രൂപയായിരുന്നുയ അഞ്ച് വർഷം കൊണ്ട് 100 ശതമാനം വളർച്ചയാണ് സമ്പത്തിൽ രേഖപ്പെടുത്തിയത്.
അമിത് ഷായുടെ കൈയ്യിൽ പണമായും ബാങ്ക് നിക്ഷേപമായും ബാങ്കിലെ സമ്പാദ്യമായും, സ്വർണം, വെള്ളി എന്നിവയായും ജംഗമ വസ്തുക്കളായും 20.23 കോടി രൂപയുടെ വസ്തുക്കളുണ്ട്. 17.46 കോടി രൂപയുടെ ഓഹരികളും 72.87 ലക്ഷം രൂപ വില മതിക്കുന്ന മൂല്യമേറിയ കല്ലുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. എന്നാൽ ഒരൊറ്റ വാഹനം പോലും ഇദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
Read Also: ഇലക്ടറൽ ബോണ്ട് കേസ് : പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ
അതേസമയം അമിത് ഷായുടെ ഭാര്യ സോനൽ ഷായുടെ പേരിലും പണമായും ബാങ്ക് നിക്ഷേപവും സമ്പാദ്യവുമായും ഓഹരി നിക്ഷേപമായും 22.46 കോടി രൂപയുടെ ആസ്തിയുണ്ട്. സ്വർണം വെള്ളി എന്നിവയുടെ ആഭരണങ്ങൾ 1.10 കോടി രൂപയുടേത് സോനലിന്റെ ഉടമസ്ഥതയിലുണ്ട്.
ഗുജറാത്തിലെ ഗാന്ധി നഗറിൽ കൃഷി ഭൂമിയും വീടുകളും പ്ലോട്ടുകളുമൊക്കെയായി 16.31 കോടി രൂപ വിലമതിക്കുന്ന സ്വത്ത് അമിത് ഷായുടേ പേരിലുണ്ട്. ഗുജറാത്തിൽ തന്നെ പല ഭാഗത്തായി സോനലിന് 6.55 കോടി വിലമതിക്കുന്ന ഭൂസ്വത്തുക്കൾ ഉണ്ട്. അമിത് ഷാക്കെതിരെ നിലവിൽ മൂന്ന് കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്നും പത്രകയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Lok Sabha election 2024: Amit Shah and his wife own assets worth over Rs 65.67 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here