Advertisement

എഴുതപ്പെട്ടതിന്റെ വാഴ്ത്ത്; പൗലോ കൊയ്‌ലോയുടെ ‘മക്തൂബി’ന്റെ പശ്ചാത്തലത്തിൽ കൊയ്‌ലോ വിവർത്തകയുടെ കുറിപ്പ്

May 13, 2024
Google News 9 minutes Read
Note on background of Paulo Coelho's new book Maktub

സി കബനി

നാടുകള്‍ തോറും ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സ്പാനിഷുകാരനായ ഒരു പാതിരി ആസ്റ്റക്കുകാരായ ഒരു കൂട്ടം പുരോഹിതന്മാരെ അവര്‍ താമസിക്കുന്ന ദ്വീപില്‍ വെച്ച് കാണാനിടയായി. ‘നിങ്ങള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്?’ പാതിരി ചോദിച്ചു.’ഞങ്ങള്‍ക്ക് ഒരേയൊരു പ്രാര്‍ത്ഥനയേയുള്ളൂ,’ ആസ്റ്റക്ക് പുരോഹിതന്മാരിലൊരാള്‍ പറഞ്ഞു. ‘ഞങ്ങള്‍ പറയും, തമ്പുരാനേ, അങ്ങും മൂന്ന്, ഞങ്ങളും മൂന്ന്. ഞങ്ങളോട് കരുണ കാണിക്കേണമേ.’ ‘അതിസുന്ദരമായ പ്രാര്‍ത്ഥന,’ പാതിരി പറഞ്ഞു. ‘പക്ഷേ തമ്പുരാന്‍ വിളി കേള്‍ക്കുന്നത് പൂര്‍ണ്ണമായും ഇത്തരം പ്രാര്‍ത്ഥനയ്ക്കല്ല. കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു പ്രാര്‍ത്ഥന ഞാന്‍ നിങ്ങളെ പഠിപ്പിക്കാം.’പാതിരി അവര്‍ക്ക് കത്തോലിക്കാമട്ടിലുള്ള ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു കൊടുത്തു. പിന്നീടയാള്‍ പ്രേഷിതവൃത്തികളുടെ അലച്ചിലുകളില്‍ മുഴുകാനായി അവിടെ നിന്നും യാത്രയായി. വര്‍ഷങ്ങള്‍ക്കുശേഷം പയിനില്‍ നിന്നു തരിച്ചു വരുമ്പോള്‍, പാതിരിയുടെ കപ്പല്‍ ആസ്റ്റക്ക് പുരോഹിതന്മാരുടെ ദ്വീപിനടുത്ത് നങ്കൂരമിടാന്‍ ഇടയായി. കപ്പലിന്റെ മുകള്‍ത്തട്ടില്‍ നിന്നും പാതിരി തീരത്തു നിന്ന് തനിക്കു നേരെ കൈ വീശിക്കാണിക്കുന്ന പുരോഹിതന്മാരെ കണ്ടു. അവര്‍ മൂവരും ജലത്തിനു കുറുകേ തന്റെ നേര്‍ക്ക് നടന്നടുക്കുന്നതാണ് പിന്നീട് പാതിരി കണ്ടത്. ‘പാതിരീ!’ അവരിലൊരൊള്‍ കപ്പലിനടുത്തെത്തിയപ്പോള്‍ ഉറക്കെ വിളിച്ചു: ‘തമ്പുരാന്‍ വിളികേള്‍ക്കുന്ന പ്രാര്‍ത്ഥന ഒരു വട്ടം കൂടി ഞങ്ങള്‍ക്ക് ചൊല്ലിത്തരൂ. അതു ഞങ്ങള്‍ മറന്നു പോയി.’ ‘അതില്‍ വലിയ കാര്യമൊന്നുമുണ്ടെന്നു തോന്നുന്നില്ല,’ ആ മഹാത്ഭുതത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് പാതിരി പറഞ്ഞു. ദൈവം തമ്പുരാന്‍ എല്ലാ ഭാഷകളുടെയും ഉടയോനാണെന്ന് തിരിച്ചറിയാന്‍ വൈകിയതിന് അയാള്‍ ദൈവത്തിനോട് മാപ്പിരിക്കുകയും ചെയ്തു.

പൗലോ കോയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകമായ ‘മക്തൂബി’ലെ കഥകളിലൊന്നാണിത്. ‘ആന്‍ ഇന്‍സ്പിരേഷണല്‍ കമ്പാനിയന്‍ ടു ദി ആല്‍കെമിസ്റ്റ് ‘ എന്ന് ഉപശീര്‍ഷകമുള്ള ‘മക്തൂബ് ‘ അദ്ദേഹത്തിന്റെ അതേ പേരുള്ള (മക്തൂബെന്നാല്‍ ‘എഴുതപ്പെട്ടത് ‘ എന്നര്‍ത്ഥം) ഫോലെ ദെ സാവോ പോളോയില്‍ 1993 മുതല്‍ ഒരു വര്‍ഷക്കാലം എഴുതിയ പംക്തിയിലെയും മാന്വല്‍ ഓഫ് ദി വാറിയര്‍ ഓഫ് ലൈറ്റിലെയും കഥകളുടെയും കുറിപ്പുകളുടെയും സമാഹാരമാണ്. പൗലോ കോയ്‌ലോ ആമുഖത്തില്‍ എഴുതുന്നു: ഉപദേശം നല്‍കുന്ന ഒരു പുസ്തകമല്ല ‘മക്തൂബ്,’ അത് അനുഭവങ്ങളുടെ കൈമാറ്റമാണ്. കഴിഞ്ഞ ഏഴുവര്‍ഷം എന്റെ ഗുരുവിന്റെ അടുക്കല്‍ നിന്നു പഠിച്ചവയാണതില്‍ അധികവും. ഒരിക്കല്‍ മാത്രം കാണുകയും എന്നാല്‍ മറക്കാനാവാത്ത സന്ദേശങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്ത ചില ആളുകളും സുഹൃത്തുക്കളും തന്ന കഥകളുമുണ്ട്. കൂടാതെ ഞാന്‍ വായിച്ചതും മനുഷ്യകുലത്തിന്റെ ആത്മീയപാരമ്പര്യത്തിന്റെ ഭാഗമായതുമായ കഥകളുമുണ്ട്.

ഇന്ത്യന്‍ ജസ്യൂട്ട് പുരോഹിതനായിരുന്ന ആന്തണി ദെ മെല്ലോ എഴുത്തുകാരന്റെ പങ്കിനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ കൊണ്ടാണ് ആമുഖം കൊയ്‌ലോ അവസാനിപ്പിക്കുന്നത്: അയാളുടെ വേല നെയ്ത്തുകാരുടെയും ചായം മുക്കുന്നവന്റെയുമാണ്. പരുത്തിയുടെയോ നൂലിന്റെയോ യാതൊരു കീര്‍ത്തിയും അയാള്‍ അവകാശപ്പെടുന്നില്ല.’

നമ്മുടെ കാലത്തെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൗലോ കൊയ്‌ലോയുടെ മൂന്നു പുസ്തകങ്ങള്‍ ഞാന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആദ്യം ചെയ്തത് ‘ബൈ ദി റിവര്‍ പീദ്ര ഐ സാറ്റ് ഡൗണ്‍ ആന്റ് വെപ്റ്റ് ‘ എന്ന നോവലാണ്. ‘പീദ്രാ നദിയോരത്തിരുന്ന് ഞാന്‍ തേങ്ങി എന്ന പേരില്‍ അതു പുറത്തിറങ്ങി. പിന്നീട് മാതാഹാരിയുടെ കഥ പറയുന്ന ‘ദി സ്‌പൈ’ ചാരസുന്ദരി എന്ന പേരില്‍. പിന്നീട് ‘ദി ആര്‍ച്ചര്‍’ അതേ പേരിലും.
ആദ്യമായി വായിച്ചത് കോയ്‌ലോയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട/ ആഘോഷിക്കപ്പെടുന്ന ‘ദി ആല്‍കെമിസ്റ്റാ’ണ്. അതിലാണ് ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ച പ്രസിദ്ധമായ ആ വാചകമുള്ളത്- ‘നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍, അത് നിങ്ങള്‍ക്ക് നേടിത്തരാന്‍ വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും.’ പൊരുതിനേടുന്നവര്‍ക്കുള്ള ആമുഖമായും പൊരുതിത്തളര്‍ന്നു പോയവര്‍ക്ക് ആശ്വാസമായും ഈ വാചകം ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടു.

Read Also: നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്; ജീവിതത്തിന്റെ ​ഗന്ധമുള്ള, പടയണിയുടെ ചടുലതയുള്ള കവിതകളുടെ കവി; ഓർമ്മയിൽ കടമ്മനിട്ട

ഇത്രയധികം ആളുകളെ ആകര്‍ഷിക്കാന്‍ സാഹിത്യഭംഗിക്കുപരിയായി എന്താണ് പൗലോ കോയ്‌ലോയുടെ കൃതികളിലുള്ളത്? അതില്‍ അന്തര്‍ലീനമായിരിക്കുന്ന തത്വചിന്ത എത്തരത്തിലുള്ളതാണ്? പായദേശകാലഭേദമന്യേ അതെങ്ങനെയാണ് ഇത്രയും ജനകീയവും ആകര്‍ഷകവുമാകുന്നത്? ചോദ്യങ്ങള്‍ നിരവധിയാണ്.

എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ള കോയ്‌ലോ കൃതി ‘പീദ്രാ നദി’ തന്നെ. കാവ്യഭംഗിയൂറുന്ന ഈ നോവലിന്റെ ആമുഖമായി എഴുതിയ പാതിരിമാരുടെ കഥ ‘മക്തൂബി’ലും എടുത്തു ചേര്‍ത്തിട്ടുണ്ട്. ആത്മീയതയും പ്രണയവും അസാദ്ധ്യമായി കോര്‍ത്തിണക്കിയ ഈ നോവല്‍ തന്റെ ബാല്യകാലപ്രണയിതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം പിലാര്‍ എന്ന യുവതി കണ്ടുമുട്ടുന്നതാണ്. അപ്പോഴേക്കും അയാള്‍ ഒരു ആത്മീയാചാര്യനായി മാറിയിരുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനെന്ന് ആരാധകര്‍ വാഴ്ത്തുന്ന ഒരാള്‍. ആത്മീയതയുടെ ഉന്മാദാവസ്ഥയും പ്രണയത്തിന്റെ തീവ്രതയും പശ്ചാത്തലമൊരുക്കുന്ന ഒരു യാത്ര തുടങ്ങുകയാണവര്‍. ജീവിതത്തിന്റെയും പ്രണയത്തിന്റെയും എല്ലാ നിഗൂഢതകളും പ്രതിഫലിപ്പിക്കുന്ന ഈ നോവല്‍ വിവര്‍ത്തകയെന്ന നിലയില്‍ എന്നെ ഏറെ കുഴക്കിയതാണ്. സങ്കീര്‍ത്തനങ്ങളുടെ കെട്ടിലും മട്ടിലുമാണ് ഭാഷ. അതീവസുന്ദരമായ, പീദ്രാനദി പോലെ ഒഴുകിപ്പരക്കുന്ന ആഖ്യാനം. അമ്മ ദൈവത്തെക്കുറിച്ചുള്ള സ്‌ത്രൈണമായ കനിവൂറുന്ന സങ്കല്പങ്ങളും. (ലൂര്‍ദ്ദ് മാതാവിന്റെ ആരാധകനാണ് കൊയ്‌ലോ. നിരവധി പുസ്തകങ്ങള്‍, മക്തൂബും ആര്‍ച്ചറുമടക്കം, അമലോത്ഭവയും പാപമേശാതെ ഗര്‍ഭം ധരിച്ചവളുമായ കന്യാമറിയത്തിനുള്ള പ്രാര്‍ത്ഥനയോടെയാണ് തുടങ്ങുന്നത്).

Read Also: ഓര്‍മയുടെ തീരത്തിന്നും തകഴി; മനുഷ്യരുടെ കണ്ണീരും വിയര്‍പ്പും പുരണ്ട കഥകളുടെ ശില്‍പിയുടെ വിയോഗത്തിന് കാല്‍നൂറ്റാണ്ട്

ഇതില്‍ ഒരു പാതിരിയും പിലാറുമായുള്ള അമ്മദൈവത്തെക്കുറിച്ചുള്ള സംഭാഷണമുണ്ട്. ലോകത്തിന് ഒരു ആത്മാവുണ്ട്. ചില പ്രത്യേകനിമിഷത്തില്‍ ആ ആത്മാവ് എല്ലാറ്റിലും എല്ലാവരിലും ഒരേ സമയം പ്രവര്‍ത്തിക്കുന്നു എന്നു പാതിരി പറയുമ്പോള്‍ ഒരു സ്‌ത്രൈണ ആത്മാവെന്നാണ് പിലാര്‍ മറുപടി പറയുന്നത്. കന്യാമറിയത്തെ ദൈവത്തിന്റെ സ്‌ത്രൈണമുഖത്തിന്റെ അവതാരമായി അംഗീകരിക്കണമെന്നും ദൈവത്തിന്റെ പുരുഷമുഖത്തിന്റെ അവതാരമാണ് യേശുക്രിസ്തുവെന്നുമാണ് പിലാറിന്റെ അഭിപ്രായം. ഒരു സ്ത്രീയെ കൂടി ഉള്‍പ്പെടുത്തി വിശുദ്ധത്രിത്വത്തെ അംഗീകരിക്കാന്‍ നാം എത്ര സമയമെടുക്കുമെന്നും പിലാര്‍ ചോദിക്കുന്നുണ്ട്. മാതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍പ്പെട്ട ത്രിത്വം.
എല്ലാ പ്രണയകഥകളും ഒന്നു തന്നെയെന്നും തീയാല്‍ എഴുതപ്പെട്ടത് വെള്ളത്താല്‍ അണയ്ക്കപ്പെടുമെന്നും പറയുന്ന ഈ നോവല്‍ കൊയ്‌ലോ കൃതികളില്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്ന ആത്മീയശോഭയാല്‍ ഉദ്ദീപ്തമാണ്.

ഘടനകൊണ്ടും പ്രമേയം കൊണ്ടും അടിസ്ഥാനപരമായി അന്യാപദേശകഥായണ് ‘ദി ആര്‍ച്ചര്‍’. അപകടസാദ്ധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, എന്തു മാറ്റങ്ങളാണ് ജീവിതത്തില്‍ വരുത്തേണ്ടതെന്ന് നിങ്ങള്‍ ഒരിക്കലും തിരിച്ചറിയില്ലെന്നതാണ് ‘ആര്‍ച്ചറി’ന്റെ ടാഗ് ലൈന്‍. അമ്പെയ്ത്തില്‍ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്സുയയുടെ കഥയാണത്. ദൂരദേശത്തു നിന്നും തെത്സുയയുടെ കഴിവുകള്‍ കേട്ടറിഞ്ഞെത്തുന്ന ഒരാളുമായി അമ്പെയ്ത്തുകാരന്‍ മത്സരത്തില്‍ ഏര്‍പ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനാണ്. അമ്പെയ്ത്തു മത്സരത്തിനൊടുവില്‍ അവന്‍ ചോദിക്കുന്ന ഉത്തരങ്ങളിലൂടെ തെത്സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്വങ്ങളെയും പരിചയപ്പെടുത്തുന്നു. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നു ഓരോ വരിയും. തിരസ്‌ക്കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ചും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കുന്നതിനെക്കുറിച്ചുമാണ് ഈ ചെറുനോവല്‍.

മരണമെന്ന ഗര്‍ത്തത്തിന്റെ വിളുമ്പിലൂടെ സദാ നടന്നു പോകുന്ന നാം മനുഷ്യരെക്കുറിച്ചുള്ളതും.ഈ പുസ്തകങ്ങളിലെല്ലാമുള്ള ആത്മീയവും തത്വചിന്താപരവുമായുള്ള ചിന്തകളെ കുറെക്കൂടി സ്പഷ്ടമായും തനിരൂപത്തിലും അവതരിപ്പിക്കുകയാണ് ‘മക്തൂബ്’. പ്രകാശത്തെ തിരയുകയും ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും ജ്ഞാനോദയത്തിലേക്കെത്തില്ല എന്നാണ് കൊയ്‌ലോ പറയുന്നത്. ‘സൂര്യനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നില്‍ക്കുന്നവര്‍ക്ക് കാഴ്ച നഷ്ടപ്പെടും.’
ഓറിയന്റല്‍ വിസ്ഡം എന്നറിയപ്പെടുന്ന ആത്മീയതത്വചിന്താധാരകളുടെ കയ്യൊപ്പുകളുള്ള കഥകളാണ് മക്തൂബിലെങ്ങുമുള്ളത്. ‘ഒറ്റക്കയ്യിന്റെ സംഗീതം’ പോലുള്ള ഹൈക്കു കഥകളുടെ സ്പര്‍ശമുള്ള കഥകളും ക്രൈസ്തവപാരമ്പര്യത്തിലെ കഥകളും നുറുങ്ങുകളുമുണ്ട്. ലാറ്റിനമേരിക്കന്‍ ജ്ഞാനസഞ്ചയത്തിലെ സൂക്ഷിപ്പുകളും. ഒരു കഥ നോക്കൂ- ഒരു മഠാധിപതിയെ കാണാന്‍ ഒരു അപരിചിതന്‍ വന്നു. ‘എനിക്ക് കൂടുതല്‍ മികച്ച ജീവിതം നയിക്കണമെന്നുണ്ട്. പക്ഷേ പാപകരമായ ചിന്തകള്‍ ചെറുക്കാന്‍ പറ്റുന്നില്ല,’ അയാള്‍ പറഞ്ഞു. പുറത്ത് കാറ്റടിക്കുന്നതു ശ്രദ്ധിച്ച മഠാധിപതി അപരിചിതനോട് പറഞ്ഞു, ‘ഇവിടെ നല്ല ചൂടാണ്. പോയി ഒരു കഷണം കാറ്റ് പിടിച്ചുകൊണ്ടുവന്ന് മുറി തണുപ്പിക്കാമോ?’ ‘അത് അസാദ്ധ്യമാണ്,’ അപരിചിതന്‍ പറഞ്ഞു. ‘ദൈവത്തെ നീരസപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കലും അതുപോലെ തന്നെ അസാദ്ധ്യമാണ്,’ മഠാധിപതി പറഞ്ഞു. ‘പക്ഷേ ആ പ്രലോഭനങ്ങളെ നിഷേധിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞാല്‍ അതുകൊണ്ട് ദോഷമൊന്നുമുണ്ടാകില്ല.’

എന്തുകൊണ്ടാണ് ആത്മീയത കലര്‍ന്ന, അത്ര ആഴമൊന്നുമില്ലാത്ത തത്വചിന്ത ഊടു പാകിയ കൊയ്‌ലോ കൃതികള്‍ സാഹിത്യമൂല്യത്തിനതീതമായി എല്ലാ തരക്കാരെയും ആകര്‍ഷിക്കുന്നതും ജനകീയമാകുന്നതുമെന്ന ചോദ്യത്തിനുള്ള ഉത്തരം മക്തൂബിലെ പല കഥകളിലുമുണ്ട്. ആത്മീതയതയിലേക്കുള്ള യാത്ര ദുഷ്‌ക്കരവും അതികഠിനവുമാണല്ലോ. അതില്‍ പല തരത്തിലുള്ള വെല്ലുവിളികളുമുണ്ട്, ചവിട്ടിക്കയറാന്‍ കല്ലും മുള്ളുമുള്ള കരിമലകയറ്റം തന്നെ. അത്തരം യാത്രകളുടെ അന്ത്യത്തില്‍ ജ്ഞാനികളായി തീര്‍ന്നവര്‍ക്ക് വെളിപ്പെടുന്ന ജ്ഞാനവും ആശയും പ്രത്യാശയും കഥകളിലൂടെയും നുറുങ്ങുകളിലൂടെയും കുറിപ്പുകളിലൂടെയും ഏതാണ്ടൊരു ക്യാപ്‌സൂള്‍ പരുവത്തില്‍ കിട്ടിയാലോ? അത് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന അശാന്തിയും ആത്മീയമായ ഇരുളും നിരാശയും അല്പമൊന്നയച്ചാലോ? ദുരയും മത്സരബുദ്ധിയും പണക്കൊതിയും അധികാരമത്സരങ്ങളും ചവിട്ടിയരയ്ക്കുന്ന ജീവിതങ്ങള്‍ക്ക് അല്പമൊരാശ്വാസം പകര്‍ന്നാലോ? വിധിയുടെ പ്രഹരങ്ങളാല്‍ വീണു കിടക്കുന്നവര്‍ക്ക് താങ്ങും മുമ്പോട്ടു നീങ്ങുന്നവര്‍ക്ക് തണലും നല്‍കിയാലോ? ഇതു തന്നെയാണ് കൊയ്‌ലോ കൃതികള്‍ ചെയ്യുന്നതും. ദൈവം നിവസിക്കുന്നത് മനുഷ്യര്‍ അനുവദിക്കുന്നയിടങ്ങളിലെല്ലാമാണെന്നും വിശ്വാസത്തെ വീണ്ടും കണ്ടെത്തുന്നത് പുക സഹിച്ചും തീ കത്തിച്ച് ജ്വലിപ്പിക്കുന്നതുപോലെയാണെന്നും കോയ്‌ലോ പറയുമ്പോള്‍ പരക്കുന്നത് പ്രത്യാശയാണ്. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് വിശ്വാസമില്ലാതെ നിലനില്‍ക്കാനാകില്ല, മറിച്ച് വിശ്വാസത്തിന് പ്രാര്‍ത്ഥനകളില്ലാതെ നിലനില്‍ക്കാനാകും. വാക്കിന്റെ ശക്തിയെക്കുറിച്ച് കൊയ്‌ലോ വാചാലനാകുന്നതും അതുകൊണ്ടു തന്നെ.

Read Also: മരുഭൂമി മുതല്‍ യുദ്ധഭൂമി വരെ

അദ്ദേഹം എഴുതുന്നു:
മനുഷ്യന്‍ സംഹാരത്തിനായി ഇന്നോളം കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും ഭയങ്കരവും ഏറ്റവും ചുണകെട്ടതുമായ ആയുധം വാക്കാണ്. കത്തികളിലും ആയുധങ്ങളിലും ചോരക്കറകളുണ്ടാകും. ബോംബുകള്‍ കെട്ടിടങ്ങളെയും തെരുവുകളെയും ചിന്നഭിന്നമാക്കും. വിഷങ്ങള്‍ കണ്ടുപിടിക്കാനാകും. എന്നാല്‍ വാക്കിന് ഒരു അവശേഷിപ്പുമില്ലാതെ മുച്ചൂടും മുടിക്കാനാകും. കുട്ടികളെ വര്‍ഷങ്ങളോളം അച്ഛനമ്മമാര്‍ നിയന്ത്രിക്കുന്നു. പുരുഷന്മാര്‍ ദയാശൂന്യമായി വിമര്‍ശിക്കപ്പെടുന്നു. സ്ത്രീകളെ ഭര്‍ത്താക്കന്മാരുടെ കുത്തുവാക്കുകള്‍ ഇഞ്ചിഞ്ചായി കൊല്ലുന്നു. ദൈവത്തിന്റെ സ്വരം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നവരാല്‍ യഥാര്‍ത്ഥവിശ്വാസികള്‍ മതത്തില്‍ നിന്നകലുന്നു. വായനക്കാരാ, നിങ്ങള്‍ ഈ ആയുധം ഉപയോഗിക്കുന്നുണ്ടോ? നിങ്ങള്‍ക്കതിരെ ഈ ആയുധം ഉപയോഗിക്കപ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ ആ രണ്ടു കാര്യങ്ങളും സംഭവിക്കാന്‍ അനുവദിക്കാതിരിക്കൂ.

കൊയ്‌ലോയുടെ ഗുരു പറയുന്നു; എഴുതൂ. അത് കത്തായാലും ഡയറിയായാലും കുത്തിക്കുറിക്കലായാലും, ചുമ്മാ എഴുതൂ. എഴുത്ത് നിങ്ങളെ ദൈവത്തോടും സഹജീവികളോടും അടുപ്പിക്കുന്നു. ലോകത്ത് നിങ്ങളുടെ വേഷത്തെക്കുറിച്ച് കൂടുതല്‍ മികച്ച ബോധ്യം വേണമെങ്കില്‍ എഴുതൂ. ആരും വായിച്ചില്ലെങ്കിലും നിങ്ങള്‍ പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ആരെങ്കിലും വായിക്കാന്‍ സാദ്ധ്യതയുണ്ടെങ്കിലും ആത്മാവു മുഴുവന്‍ നിക്ഷേപിച്ച് എഴുതൂ. അതു നിങ്ങളെ ചിന്തകള്‍ അടുക്കി വെക്കാനും ലോകത്തെ കൂടുതല്‍ വ്യക്തമായി കാണാനും സഹായിക്കും. ഒരു കഷണം കടലാസിനും പേനയ്ക്കും മഹാത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും- സങ്കടങ്ങളെ മാറ്റാനും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും നഷ്ടപ്പെട്ട പ്രത്യാശകളെ പുതുക്കാനും കഴിയും. വാക്കാണ് ശക്തി.

Read Also: വിശ്വവിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ അധികമാരും കാണാത്ത ‘ഇന്ദുലേഖ’ കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തി

എന്നെ വ്യക്തിപരമായി ആകര്‍ഷിച്ച കഥയാകട്ടെ മറ്റൊന്നാണ്: ഒരു യാത്രക്കാരന്‍ രണ്ടു സുഹൃത്തുക്കളോടൊത്ത് ന്യൂയോര്‍ക്കിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് സംഭാഷണത്തിനിടെ രണ്ടു സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കിക്കുകയും പരസ്പരം പ്രഹരിക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് ശാന്തരായപ്പോള്‍ അവരിലൊരാള്‍ മാപ്പു ചോദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘നമ്മളോട് ഏറ്റവും അടുപ്പമുള്ളവരെ വേദനിപ്പിക്കുന്നത് എത്രയെളുപ്പമാണ്. നിങ്ങളൊരു അപരിചിതനായിരുന്നെങ്കില്‍ ഞാനിത്രയും ദേഷ്യപ്പെടുമായിരുന്നില്ല. പക്ഷേ നമ്മള്‍ സുഹൃത്തുക്കളാണെന്ന വസ്തുതയും നിങ്ങള്‍ക്ക് എന്നെ ആരേക്കാളും നന്നായി അറിയാമെന്ന ബോധ്യവും കേറി ആക്രമിക്കാന്‍ എങ്ങനെയോ എനിക്ക് അനുമതി തന്നു.’ നമ്മെ മുറിപ്പെടുത്താനും ഹൃദയം തകര്‍ക്കാനും തളര്‍ത്താനും, ഏറ്റവും നന്നായും ക്രൂരമായും ആഴത്തിലും കഴിയുന്നത് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്ക്!

Story Highlights : Note on background of Paulo Coelho’s new book Maktub

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here