Advertisement

‘കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനം; ഇടതുപക്ഷം ലക്ഷ്യങ്ങൾ‌ മറന്നോ?’ വിമർശിച്ച് CPI

June 29, 2024
Google News 2 minutes Read

കണ്ണൂരിൽ സിപിഐഎം വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുത്ത് സിപിഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണം പൊട്ടിക്കലിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കര്യസ്ഥരെന്ന് അദ്ദേഹം വിമർശിച്ചു. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇത്തരക്കാരിൽ നിന്ന് ബോധപൂർവം അകൽച്ചപാലിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നോട്ട് പോകാൻ കഴിയൂ എന്ന് ബിനോയ് വിശ്വം പ്രസ്താവനയിൽ പറയുന്നു. ഇടതുപക്ഷം പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി’; വിമർശനവുമായി AIYF

ജനങ്ങളോട് നീതി കാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചീത്ത പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും അവർക്ക് മാപ്പില്ലെന്നും ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പാർട്ടി വിട്ട മനു തോമസ് ​ഗുരുതര ആരോപണങ്ങളായിരുന്നു പി ജയരാജനെതിരെയും സിപിഐഎമ്മിനെതിരെയും ഉന്നയിച്ചത്. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു.അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു.

Story Highlights : CPI State Secretary Binoy Viswam reacts on Manu Thomas allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here