Advertisement

‘കമല ഹാരിസ് അമേരിക്കൻ പ്രസിഡൻ്റാവും’; സൂചന നൽകി ജോ ബൈഡൻ

July 17, 2024
Google News 2 minutes Read
Biden with Kamala

അമേരിക്കയുടെ പ്രസിഡൻ്റായി കമല ഹാരിസ് വരുമെന്ന സൂചനകൾ നൽകി ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ബൈഡൻ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഡെമോക്രാറ്റുകൾ ബൈഡൻ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്‍മാറണമെന്ന് മുറവിളി കൂട്ടുന്നതിനിടെയാണ് ബൈഡൻ തന്നെ കമല പ്രസിഡൻ്റാകുമെന്ന് വ്യക്തമാക്കിയത്.

നവംബർ അഞ്ചിനാണ് അമേരിക്കയിൽ പ്രസിഡൻ്റ് പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അമേരിക്കയുടെ മികച്ച വൈസ് പ്രസിഡൻ്റ് മാത്രമല്ല കമല ഹാരിസെന്നും അവർ അമേരിക്കയുടെ പ്രസിഡൻ്റാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടാം തവണ അമേരിക്കൻ പ്രസിഡൻ്റ് പദവിയിലെത്തിയാൽ ആദ്യ 100 ദിവസത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് താൻ പദ്ധതി തയ്യാറാക്കി കഴിഞ്ഞെന്നും അദ്ദേഹം ഇതേ പ്രസംഗത്തിൽ പറഞ്ഞു.

ബൈഡനെ മാറ്റി കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് പദത്തിലെത്തിയാൽ അത് ചരിത്രമാകുമെന്ന് ഉറപ്പാണ്. രാജ്യത്ത് പ്രസിഡൻ്റ് പദത്തിലെത്തുന്ന ആദ്യ വനിതയും ആദ്യ കറുത്ത വർഗക്കാരിയുമായിരിക്കും ഇന്ത്യൻ വംശജയായ കമല ഹാരിസ്. ആദ്യ പൊതു സംവാദത്തിൽ ട്രംപിനോട് ഏറ്റുമുട്ടി പിന്നിലായിപ്പോയ ബൈഡനെ ഡെമോക്രാറ്റ് നേതാക്കൾ തന്നെ തള്ളിപ്പറയുന്ന ഘട്ടത്തിലാണ് ഈ റിപ്പോർട്ടും പുറത്തുവരുന്നത്.

അമേരിക്കയിൽ ഡെമോക്രാറ്റുകളെ സംബന്ധിച്ച് ബൈഡനെ ഒഴിച്ചു നിർത്തിയാൽ രണ്ടാമത്തെ പരിഗണന നിലവിൽ അമേരിക്കയുടെ വൈസ് പ്രസിഡൻ്റായ കമല ഹാരിസിനാണ്. ഡൊണാൾഡ് ട്രംപിനെതിരായ പോരാട്ടത്തിൽ കമല ഹാരിസ് മത്സരിക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും അത്രയധികം ജനകീയയല്ലെന്നതാണ് കമല നേരിടുന്ന ന്യൂനത. അതേസമയം ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ജെഡി വാൻസിനെ പൊതു സംവാദത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് കമല.

സിഎൻഎൻ നടത്തിയ സമീപ സർവേയിൽ കമലയും ട്രംപും തമ്മിൽ ശക്തമായ മത്സരത്തിനുള്ള സാധ്യതയുണ്ടെന്നാണ് തെളിഞ്ഞത്. 45 ശതമാനം പേർ കമലയെയും 47 ശതമാനം പേർ ട്രംപിനെയും പിന്തുണച്ചു. എന്നാൽ മത്സരത്തിൽ പിന്മാറില്ലെന്ന ഉറച്ച നിലപാട് ബൈഡൻ സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ കമല ഹാരിസ് പ്രസിഡൻ്റ് പദത്തിലേക്ക് മത്സരിക്കുമോയെന്ന് ഇപ്പോഴും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല.

Story Highlights :  Kamala Harris could be President of US says Biden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here