ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ ചേരാം; ഭാവിതാരങ്ങളെ തേടി ജംഷഡ്പൂര്‍ എഫ്‌സി

ടാറ്റ ഫുട്‌ബോള്‍ അക്കാദമി അവരുടെ ഭാവിതാരങ്ങളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 15 വയസ്സിന് താഴെയുള്ളവര്‍ക്കായി ആണ് സെലക്ഷന്‍ ട്രെയല്‍ സംഘടിപ്പിക്കുന്നത്. അക്കാദമിയില്‍ കളി പഠിച്ചതിന് ശേഷം അവരുടെ തന്നെ ക്ലബ് ആയ ജംഷഡ്പൂര്‍ എഫ്‌സിയുടെ ജൂനിയര്‍ ടീമിലേക്ക് എത്തിപ്പെടാനുള്ള അവസരവും ഉണ്ട്. 2011 ജനുവരി ഒന്നിനും 2012 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഈ മാസം 31 വരെ www.fcjamshedpur.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷക്കൊപ്പം ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും നല്‍കണം. ഓപ്പണ്‍ ട്രയല്‍സിലൂടെയായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പോടെ താമസിച്ച് പരിശീലനം നടത്താനുള്ള അവസരം ലഭിക്കും. പരിശീലനത്തിന്റെ ഭാഗമായി താരങ്ങള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സിയുടെ യൂത്ത് ടീമുകളില്‍ കളിക്കാനുള്ള അവസരം ലഭിക്കും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ക്ക് ജാര്‍ഖണ്ഡിനെയും രാജ്യത്തെയും പ്രതിനിധീകരിച്ച് കളിക്കാനുള്ള അവസരം ലഭിക്കും. താരങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം ഉള്‍പ്പെടെയുള്ളവ ടാറ്റ അക്കാദമിയായിരിക്കും നല്‍കുക.
1987-ല്‍ സ്ഥാപിതമായ ടാറ്റ ഫുട്‌ബോള്‍ അക്കാദമി (ടി.എഫ്.എ) രാജ്യത്തെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രഫഷനല്‍ ഫുട്‌ബോളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രണയ് ഹാല്‍ഡര്‍, ഉദാന്ത സിംഗ്, സുബ്രതാ പോള്‍, നോയല്‍ വില്‍സണ്‍, റോബിന്‍ സിംഗ്, നാരായണ്‍ ദാസ്, കാള്‍ട്ടണ്‍ ചാപ്മാന്‍, റെനെഡി സിംഗ്, മഹേഷ് ഗാവ്ലി എന്നീ താരങ്ങള്‍ ടാറ്റ ഫുട്‌ബോള്‍ അക്കാദമി വഴി എത്തിയവരാണ്.
Story Highlights: Tata football academy selection trail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here