Advertisement

‘അപ്പുറത്ത് തന്നെ കാണണമെന്ന് സരിനോട് ഷാഫി പറഞ്ഞത് ‘തഗ്ഗെന്ന്’ വി ടി ബെല്‍റാം; ഇത് ജോജുവിന് കിട്ടയതുപോലുള്ള മറുപടിയെന്ന് കുറിപ്പ്

November 3, 2024
Google News 3 minutes Read
V T balram slams dr P sarin in fb post

രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും സരിനെ അഭിവാദ്യം ചെയ്യാതിരുന്നതിനെതിരെ സിപിഐഎം നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെ സരിനെ പരിഹസിച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹ വേദിയില്‍ വോട്ടുചോദിക്കാനെത്തിയ സരിനോട് ഷാഫി പറമ്പില്‍ പറഞ്ഞത് നല്ല തഗ്ഗ് മറുപടിയാണെന്ന് വി ടി ബല്‍റാം ഫേസ്ബുക്കിലെഴുതി. ഷാഫിയുടെ ടൈമിംഗ് എജ്ജാതിയാണെന്നും ബല്‍റാം പ്രശംസിച്ചു. ഷാഫീ ഞാന്‍ അപ്പുറത്തുണ്ടെന്ന് സരിന്‍ പറഞ്ഞപ്പോള്‍ എപ്പോഴും അപ്പുറത്ത് തന്നെയുണ്ടാകണമെന്ന് ഷാഫി തിരിച്ചടിച്ചത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പ്രശംസ. സിനിമാ റിവ്യൂയിട്ടതിന് ഭീഷണിപ്പെടുത്തിയ ജോജുവിന് റിവ്യൂവര്‍ ആദര്‍ശ് നല്‍കിയതുപോലുള്ള തഗ്ഗ് മറുപടിയാണിതെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. (V T balram slams dr P sarin in fb post)

വി ടി ബല്‍റാമിന്റെ വാക്കുകള്‍:

ഇക്കഴിഞ്ഞ ദിവസം റിവ്യൂവര്‍ ആദര്‍ശ് സംവിധായകന്‍ ജോജുവിനോട് പറഞ്ഞ തഗ്ഗ് ഡയലോഗിന് ശേഷം ഇന്നിതാ മറ്റൊന്ന്.
‘ഷാഫീ.. ഷാഫീ.. ഞാനിപ്പുറത്ത് ഉണ്ട്.’
ഷാഫി: ‘ആ എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാവണം’
എജ്ജാതി ടൈമിംഗ്

എന്നാല്‍ സിപിഐഎം നേതാവ് എം ബി രാജേഷ് സംഭവത്തെ ഗൗരവമായിക്കണ്ട് രൂക്ഷവിമര്‍ശനമാണ് ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്. എത്ര വിനയം അഭിനയിക്കാന്‍ ശ്രമിച്ചാലും ഉള്ളിലുള്ള യഥാര്‍ത്ഥ സംസ്‌കാരം പുറത്ത് ചാടുമെന്നും, പരസ്പരം മത്സരിക്കുന്നത് കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ? മനുഷ്യര്‍ ഇത്ര ചെറുതായിപ്പോയൊ എന്നുമായിരുന്നു മന്ത്രി കുറിപ്പില്‍ പങ്കുവെച്ചത്.

Read Also: ‘പരസ്പരം മത്സരിക്കുന്നത് കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ, മനുഷ്യർ ഇത്ര ചെറുതായിപ്പോയോ?’; മന്ത്രി എം ബി രാജേഷ്

മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ് ഇങ്ങനെ:

മനുഷ്യര്‍ ഇത്ര ചെറുതായിപ്പോകാമോ?

എത്ര വിനയം അഭിനയിക്കാന്‍ ശ്രമിച്ചാലും ഉള്ളിലുള്ള യഥാര്‍ത്ഥ സംസ്‌കാരം ചില സന്ദര്‍ഭങ്ങളില്‍ പുറത്തുചാടും. ഇന്ന് കല്യാണവീട്ടില്‍ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്.

പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരില്‍ നിന്നുണ്ടായത്. എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശന്‍ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയില്‍ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല. ശ്രീ. വി കെ ശ്രീകണ്ഠനോട് 2019 ല്‍ ഞാന്‍ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാള്‍ അതുവഴി പോകുമ്പോള്‍ ശ്രീകണ്ഠന്‍ എന്റെ വീട്ടില്‍ വന്ന് ഭക്ഷണവും കഴിച്ച് സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയില്‍ ശ്രീ. വി ടി ബല്‍റാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല.

എതിര്‍ സ്ഥാനാര്‍ത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. ഡോ. സരിന്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ അങ്ങോട്ട് wish ചെയ്യാന്‍ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും സ്‌പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കും.

Story Highlights : V T balram slams dr P sarin in fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here