കത്തിക്കയറി സഞ്ജു; അന്താരാഷ്ട്ര ട്വന്റി20യിലെ രണ്ടാം സെഞ്ചുറി
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20യിൽ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി. 47 പന്തിലാണ് സെഞ്ചുറി നേട്ടം. അന്താരാഷ്ട്ര ട്വന്റി20 യിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറി. തുടർച്ചയായ രണ്ട് ട്വന്റി 20 നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും ഇനി സഞ്ജുവിന് സ്വന്തം. 50 പന്തിൽ 10 സിക്സും ഏഴ് ഫോറും ഉൾപ്പെടെ സഞ്ജു ആകെ നേടിയത് 107 റൺസ്.
ഹൈദരാബാദില്‍ കഴിഞ്ഞ മാസം 12-ന് ബംഗ്ലാദേശിനെതിരേ തകർത്തടിച്ച സഞ്ജു മിന്നൽ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ക്രീസിലെത്തിയത്. രണ്ടാം ഓവര്‍ മുതല്‍ കത്തിക്കയറിയ സഞ്ജു 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 107 റണ്‍സ് നേടിയ സഞ്ജുവിനെ ഒടുവില്‍ നകാബയോംസിയുടെ പന്തില്‍ ക്രിസ്റ്റിയന്‍ സ്റ്റബസ്സ് പിടികൂടുകയായിരുന്നു. സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന്‍ സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ സഞ്ജു-സൂര്യ സഖ്യം 76 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ സമ്പൂർണ തോൽവി വഴങ്ങിയതിനുപിന്നാലെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.
ദക്ഷിണാഫ്രിക്ക: റയാൻ റിക്കൽടൺ, എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക് ക്രൂഗർ, മാർക്കോ ജാൻസെൻ, ആൻഡിൽ സിമെലൻ, ജെറാൾഡ് കോറ്റ്‌സി, കേശവ് മഹാരാജ്, എൻകബയോംസി പീറ്റർ.
ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ.
Story Highlights : Sanju Samson slams his 2nd T20I century
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here