പണിയുണ്ടോ, ഞങ്ങൾ റെഡിയാണ്: വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ വൻ വർധന

ജോലി തേടി വിദേശത്ത് പോകുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിൽ മൂന്ന് വർഷത്തിനിടെ മൂന്നിരട്ടി വർധനവുണ്ടായെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ കേന്ദ്രമന്ത്രി ജയന്ത് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 മുതലുള്ള മൂന്ന് വർഷങ്ങളിലെ കണക്കാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്.
2021 ൽ 1.32 ലക്ഷം പേർക്ക് ജോലിക്കായി വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് നൽകിയെന്ന് കേന്ദ്രം പറയുന്നു. 2022 ൽ ഇത് 3.73 ലക്ഷമായി മാറി. 2023 ആയപ്പോൾ ഇത് 3.98 ലക്ഷമായി ഉയർന്നുവെന്നുമാണ് കണക്ക്. ഇന്ത്യയിലെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പരിശ്രമത്തിൻ്റെ ഭാഗമായി ഇസ്രയേൽ, തായ്‌വാൻ, മലേഷ്യ, ജപ്പാൻ, പോച്ചുഗൽ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാർ ഒപ്പുവെച്ചിട്ടുണ്ട്.
ഇസ്രയേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ബഹ്റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലെ തൊഴിലാളികൾക്ക് വേണ്ടി കൂടുതൽ ഡിമാൻഡുള്ളത്. നിർമ്മാണ മേഖല, ഗാർഹിക തൊഴിൽ എന്നിവയ്ക്ക് പുറമെ സർവീസ് സെക്ടറിലുമാണ് ജോലി ലഭിക്കുന്നത്, അധികവും.
രാജ്യത്ത് കേന്ദ്ര സർക്കാരിൻ്റെ ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 2200 അംഗീകൃത റിക്രൂട്ട്മെൻ്റ് ഏജൻ്റുമാർ ഉണ്ടെന്നും 2.82 ലക്ഷം വിദേശ തൊഴിൽ ദാതാക്കളുുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
Story Highlights : Indians leaving for work overseas tripled from 2021 to 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here