കേരള ബിജെപിയിലെ ഭിന്നത; രഹസ്യ പരിശോധനയ്ക്ക് കേന്ദ്ര നേതൃത്വം; കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഫോണ്‍ പരിശോധനയെന്ന് സൂചന
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഉള്‍പ്പെടെ പരാജയത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെട്ട കേരള ബിജെപിയിലെ ഭിന്നതയില്‍ ഇടപെട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. ഭിന്നതയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം രഹസ്യമായി അന്വേഷണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് രഹസ്യ പരിശോധനയെന്നാണ് വിവരം. (BJP leadership secret investigation in Kerala BJP conflict)
എ ക്ലാസ് മണ്ഡലമെന്ന് ബിജെപി കരുതുന്ന പാലക്കാട്ടെ പരാജയത്തിന്റെ ഒരു കാരണം ആഭ്യന്തര കലഹങ്ങളും അഭിപ്രായ ഭിന്നതകളുമെന്ന സൂചന ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയവരെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ ഫോണ്‍ പരിശോധന ഉള്‍പ്പെടെയുള്ള സാങ്കേതിക കാര്യങ്ങളിലേക്കാണ് കേന്ദ്ര നേതൃത്വം കടക്കുന്നത്. പാലക്കാട്ടെ ഉള്‍പ്പെടെ ജനങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റിയ നേതാക്കളെ കണ്ടെത്തും. ഫേസ്ബുക്ക്, യൂട്യൂബ് വിവരങ്ങളും കേന്ദ്രം രഹസ്യമായി പരിശോധിക്കുമെന്നും വിവരമുണ്ട്.
സന്ദീപ് വാര്യരുടെ പാര്‍ട്ടി മാറ്റം, കെ സുരേന്ദ്രനെതിരെ ഉയരുന്ന പരാതികള്‍, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന ആക്ഷേപം മുതലായ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. ബിജെപി മീഡിയ സെല്‍, ഐ ടി സെല്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാകും പരിശോധന. എതിര്‍പക്ഷത്തോട് ചില നേതാക്കള്‍ ബന്ധപ്പെട്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞുകഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.
Story Highlights : BJP leadership secret investigation in Kerala BJP conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here