Advertisement

സിറിയ പിടിച്ചടക്കിയ എച്ച്ടിഎസ് വിമതരോ ഭീകരരോ?

December 9, 2024
Google News 2 minutes Read

സിറിയയിൽ 54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ തുടർച്ചയായ ഭരണത്തിനാണ് ഹയത് തഹിർ അൽ-ഷം (എച്ച്ടിഎസ്) എന്ന വിമതസേന അന്ത്യം കുറിച്ചത്. 1971 മുതൽ രാജ്യം ഭരിച്ച പിതാവ് ഹാഫിസ് അൽ അസദിൽ നിന്ന് 2000 ൽ അധികാരം ഏറ്റെടുത്ത ബാഷർ അൽ അസദ്, പ്രസിഡന്റ് പദത്തിൽ കാൽ നൂറ്റാണ്ട് കാൽ നൂറ്റാണ്ടിലേക്ക് അടുക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, ഇന്നലെ രാജ്യം വിട്ട് ജീവനും കൊണ്ടോടി. അതോടെ എച്ച്ടിഎസും അവരെ നയിക്കുന്ന ജലാനിയും ലോക ശ്രദ്ധയിലേക്ക് എത്തി. വെറും 11 ദിവസം കൊണ്ട് രാജ്യത്തെ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ഇവർ വിമതരാണോ ഭീകരരാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

തന്റെ 35മത്തെ വയസ്സിലാണ് 2000ൽ ബാഷർ അൽ അസദ് സിറിയയിൽ അധികാരത്തിലെത്തിയത്. പിന്നീട് വൻ ജനകീയ പിന്തുണ ആർജ്ജിച്ച അദ്ദേഹത്തെ ജനകീയ നേതാവ് എന്ന് വിശേഷിപ്പിച്ചത് 2009 ഡിസംബറിലാണ്. അന്ന് രാജ്യത്തെ 68 ശതമാനത്തോളം വരുന്ന അറബ് വംശജരുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. രാജ്യത്ത് സാമ്പത്തിക രംഗത്ത് ഉദാരവൽക്കരണം നടപ്പിലാക്കിയ അദ്ദേഹത്തിന് സാമൂഹ്യനീതി നടപ്പിലാക്കാനായില്ല. താഴെത്തട്ടിൽ ശക്തമായിരുന്ന ദാരിദ്ര്യം മുതൽ ഭരണതലത്തിലെ പരിഷ്കാരങ്ങൾ വരെ ജനങ്ങൾക്കിടയിൽ അതൃപ്തി ശക്തമായിരുന്നു. അവസരം മനസ്സിലാക്കി മതതീവ്രവാദികൾ ഇടപെട്ടതോടെ മതേതരത്വ പുരോഗമന നിലപാടുണ്ടായിരുന്ന സിറിയ ചരിത്രമായി മാറുകയാണ്.

പശ്ചിമ ഏഷ്യയിലും വടക്കൻ ആഫ്രിക്കയിലും 2011ൽ അലയടിച്ച അറബ് വസന്തം ടുണീഷ്യ, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ ഭരണ അട്ടിമറികളിലേക്ക് നയിച്ചപ്പോൾ, സിറിയയുടെ തെരുവുകളിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അന്ന് രാജ്യത്തു ഉയർന്ന കലാപ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ പ്രസിഡണ്ടിന് സാധിച്ചു. വിമതർക്ക് അമേരിക്ക വേണ്ട സഹായങ്ങൾ എല്ലാം ചെയ്തിട്ടും, റഷ്യ-ഇറാൻ-ഹിസ്ബുള്ള പിന്തുണയിൽ ഭരണവിരുദ്ധരുടെ മുന്നേറ്റം തടയാൻ ബാഷർ അൽ അസദിന് സാധിച്ചു. വിമതർക്കും സ്വന്തം ജനങ്ങൾക്കും നേരെ രാസായുധം പ്രയോഗിച്ച് നടക്കാം ആരോപണങ്ങൾ ബാഷർ അൽ അസദ് നേരിട്ടു. ഇതിനിടെ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് പലസ്ഥലങ്ങളിലും സ്വാധീനം നേടുകയും ഉണ്ടായി. അന്ന് അടിച്ചമർത്തപ്പെട്ട വിമത മുന്നേറ്റം കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി മരവിച്ച അവസ്ഥയിൽ കിടക്കുകയായിരുന്നു.

ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ, ഇന്ന് സിറിയയുടെ ഭരണം പിടിച്ചടക്കിയ എച്ച്ടിഎസ് എന്ന വിമത സംഘത്തിന്റെ തലവൻ അബു മുഹമ്മദ് അൽ ജലാനി തന്റെ അനുയായികളോട് പ്രസംഗിച്ചത് അലപ്പോ നഗരത്തിലും ദമാസ്കസിലും ഉടൻ ഈദ് അൽ ഫിത്ർ ആഘോഷിക്കും എന്നായിരുന്നു. ഇനിയും നാലു മാസങ്ങൾ ഈദ് അൽ ഫിത്ർ ആഘോഷത്തിന് ബാക്കിയിരിക്കെയാണ് എച്ച് ടി എസ് സിറിയയുടെ ഭരണം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ ബാഷർ അൽ അസദിന് ഏറ്റവും ശക്തമായ പിന്തുണ നൽകിയിരുന്ന റഷ്യ, ഇറാൻ, ഹിസ്ബുള്ള എന്നീ ശക്തികളുടെ ശക്തി ക്ഷയിച്ചതാണ് വിമതർക്ക് നേട്ടമായത്. റഷ്യ യുക്രൈനെതിരെ യുദ്ധത്തിലും ഇറാനും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിലുമായിരുന്നു. ഇതോടെ അസദിന്റെ സൈന്യം ഒറ്റയ്ക്കായി. അതിനാൽ തന്നെ വിമതർ മുന്നേറിയപ്പോൾ പല പ്രധാന നഗരങ്ങളിലും സൈന്യത്തിന് ഒന്നും ചെയ്യാനായില്ല. ഇവിടങ്ങളിൽ അൽ ഖ്വൈദയുടെ ഉറച്ച പിന്തുണ എച്ച്ടിഎസിന് ഉണ്ടായിരുന്നു. തുർക്കിയുടെ പിന്തുണയും എച്ച് ടി എസിനും വിമതർക്കും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ മുൻഗാമികളായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ ശാഖയായി സിറിയയിൽ 2012 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ജബദ് അൽ നസ്ര എന്നതായിരുന്നു എച്ച്ടിഎസിന്റെ പഴയപേര്. 2013ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ഇറാക്കിൽ നിന്ന് സിറിയയിലേക്ക് അബൂബക്കർ അൽ ബാഗ്ദാദി മാറ്റിയപ്പോൾ, അബു മുഹമ്മദ് അൽ ജലാനി ഇസ്ലാമിക് സ്റ്റേറ്റിനോട് വിട പറഞ്ഞു. പിന്നീട് അൽ ഖ്വൈദ നേതാവ് അയ്‌മൻ അൽ സവാഹിരിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം അൽ ഖ്വൈദയോടും സവാഹിരിയോടും ബൈ പറഞ്ഞ ജലാനി തങ്ങളുടെ പ്രവർത്തനം ഗ്ലോബൽ ജിഹാദിൽ നിന്ന് സിറിയയിലേക്ക് മാത്രമായി ചുരുക്കുകയും സംഘടനയ്ക്ക് എച്ച്ടിഎസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിനെ അവരുടെ സ്വാധീന മേഖലകളിൽ ഇല്ലാതാക്കി എന്ന് മാത്രമല്ല, 2020 ജൂണിൽ ഹുറസ് അൽ ദിൻ എന്ന പേരിൽ സിറിയയിൽ പുതിയ ശാഖ ഉണ്ടാക്കാനുള്ള അൽ ഖ്വൈദയുടെ ശ്രമങ്ങൾക്ക് കൂട്ടിയിടുകയും ചെയ്തത് ജലാനിയുടെ നേട്ടമായി. എന്നാൽ ലോക ക്രമത്തെ മതതീവ്രവാദ കാഴ്ചപ്പാടിലൂടെ നോക്കുന്ന എച്ച്ടിഎസ്, ഇസ്ലാമിക് സ്റ്റേറ്റിനെയും അൽ ഖ്വൈദയും പോലെ അപകടകാരിയാണെന്ന് വിലയിരുത്തപ്പെടുന്നു.

Story Highlights : From Asad rule to HTS Revolution in Syria, Is Al-Jolani group rebels or extremists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here