‘SFI മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധഃപ്പതിച്ചു; പൊലീസ് പക്ഷപാതപരമായി പെരുമാറി’; കെ. സുധാകരൻ
എസ്.എഫ്.ഐ മനോവൈകൃതം ബാധിച്ചവരുടെ സംഘടനയായി അധപ്പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂർ തോട്ടട ഐടിഐയിൽ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച നടപടി കിരാതം. കുട്ടി സഖാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ പറയുന്നു.
സ്വതന്ത്ര സംഘടന പ്രവർത്തനം തടസ്സപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ തുടർച്ചയാണ് അക്രമമെന്ന് സുധാകരൻ പറഞ്ഞു. പൊലീസ് പെരുമാറിയത് പക്ഷപാതപരമായി എന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മനഃപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ എസ്.എഫ്.ഐ ശ്രമിക്കുകയാണ്. അക്രമികൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.
Read Also: ‘ഐടിഐ എസ്എഫ്ഐയുടെ ആയുധപ്പുര, സിപിഐഎം ക്രിമിനലുകളെ വളർത്തുന്നു’; വി ഡി സതീശൻ
വളർന്നു വരുന്ന തലമുറയിൽ രാഷ്ട്രീയ നേതൃപാടവം വളർത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സിപിഐഎം നേതൃത്വം ചെയ്യുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. കൈയ്യൂക്കിന്റെ ബലത്തിൽ കായികമായി നേരിട്ട് നിശബ്ദമാക്കാമെന്ന ധാർഷ്ട്യം സിപിഐഎമ്മും എസ്എഫ് ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം കോൺഗ്രസ് ശൈലിയല്ലെന്നും ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാർഗം കുട്ടികൾ സ്വീകരിച്ചാൽ അവർക്ക് സംരക്ഷണം ഒരുക്കി കെപിസിസി രംഗത്തുണ്ടാകുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.
Story Highlights : K Sudhakaran against SFI in Kannur ITI clash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here