ശ്യാം ബെനഗല്‍: ഇന്ത്യയുടെ സങ്കീര്‍ണ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ചലച്ചിത്ര ഭാഷ കണ്ടെത്തിയ പ്രതിഭ
ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ വക്താവും ദീപശിഖാ വാഹകനുമായ സംവിധായകന്‍ ശ്യാം ബെനഗലിന്റെ വിടവാങ്ങല്‍ ചലച്ചിത്ര രംഗത്ത് വലിയ ശൂന്യതയാണ് അവശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതകള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ശ്രദ്ധേയമായ സിനിമകളാണ് ബെനഗല്‍ ഒരുക്കിയത്. (From Ankur to Zubeidaa: Remembering Shyam Benegal)
ശക്തമായ ആഖ്യാനങ്ങള്‍, സ്വാഭാവിക പ്രകടനങ്ങള്‍, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ തീവ്രമായ ചിത്രീകരണം-ശ്യാം ബെനഗല്‍ ചിത്രങ്ങളുടെ കരുത്ത് നിലകൊണ്ടിരുന്നത് ഈ മൂന്ന് ഘടകങ്ങളിലാണ്. ഇന്ത്യന്‍ സമാന്തര സിനിമയുടെ ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായിരുന്നു ശ്യാം ബെനഗല്‍ ചിത്രങ്ങള്‍.
ഗ്രാമീണ ഭാരതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളിലേക്ക് ക്യാമറ ചലിപ്പിച്ച അങ്കുര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ശ്യാം ബെനഗലിന്റെ ചലച്ചിത്ര സപര്യയുടെ തുടക്കം. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ നാഴികക്കല്ലായി അങ്കുര്‍ മാറി. നിരൂപകപ്രശംസ നേടിയ ചിത്രം രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹമായി. ശബാന ആസ്മിക്ക് മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തതും അങ്കുര്‍ തന്നെ.
Read Also: വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു
1934 ഡിസംബര്‍ 14 ന് ഹൈദരാബാദില്‍ ജനിച്ച ബെനഗല്‍ സാംസ്‌കാരികമായി സമ്പന്നമായ അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ചെറുപ്രായത്തില്‍ തന്നെ സിനിമയോടുള്ള താല്‍പര്യം വളര്‍ത്തിയെടുത്ത ബെനഗല്‍, 12-ാം വയസ്സില്‍ ഫോട്ടോഗ്രാഫറായ അച്ഛന്‍ ശ്രീധര്‍ ബി ബെനഗല്‍ വാങ്ങി നല്‍കിയ ഹാന്‍ഡ് ക്രാങ്ക്ഡ് ക്യാമറ ഉപയോഗിച്ച് ഒരു കൊച്ചുസിനിമ ഒരുക്കി. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം ബെനഗലിന്റെ ഭാവി സിനിമാ ജീവിതത്തെ സജ്ജമാക്കി. പരസ്യചിത്ര നിര്‍മ്മാണരംഗത്തു നിന്നാണ് ബെനഗല്‍ സിനിമയിലേക്ക് ചുവടുവച്ചത്.
ഇന്ത്യയുടെ ധവള വിപ്ലവത്തിന്റെ കഥ പറഞ്ഞ മന്ഥന്‍ ബെനഗലിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥ പറഞ്ഞ നിഷാന്ത്, ഒരു ചലച്ചിത്രനടിയുടെ ജീവിതം പറഞ്ഞ ഭൂമിക, ജുനൂന്‍, സര്‍ദാരി ബീഗം, സുബൈദ, കലിയുഗ്, ആരോഹണ്‍, വെല്‍ഡണ്‍ അബ്ബ , മേക്കിങ് ഓഫ് മഹാത്മ തുടങ്ങി എത്രയോ ചിത്രങ്ങള്‍.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദി ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ‘ഭാരത് ഏക് ഖോജ്’ എന്ന ടെലിവിഷന്‍ പരമ്പര ബെനഗലിനെ ജനപ്രിയനാക്കി. പത്മശ്രീ, പത്മഭൂഷണ്‍, മികച്ച ഫീച്ചര്‍ ഫിലിമിനും സംവിധാനത്തിനുമുള്ള നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍. രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ബെനഗല്‍ ഇന്ത്യയില്‍ ചലച്ചിത്ര വിദ്യാഭ്യാസവും നയവും രൂപപ്പെടുത്തുന്നതിലും വലിയ സംഭാവന നല്‍കിയിട്ടുണ്ട്.
Story Highlights : From Ankur to Zubeidaa: Remembering Shyam Benegal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here