മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക് ദേവയുടെ ട്രെയ്‌ലർ എത്തി

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പ്രിത്വിരാജിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക്, ‘ദേവ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷാഹിദ് കപൂർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് തന്നെയാണ്. ഷാഹിദ് കപൂറിന്റെ ഇതിന് മുൻപ് റിലീസായ ജേഴ്‌സി,കബീർ സിങ് തുടങ്ങിയ ചിത്രങ്ങളും തെന്നിന്ത്യൻ ചിത്രങ്ങളുടെ റീമേക്കുകൾ ആയിരുന്നു. രണ്ടിലും ഷാഹിദ് കപൂർ കരിയർ ബെസ്ററ് പെർഫോമൻസുകളായിരുന്നു പുറത്തെടുത്തത്.

ട്രെയ്‌ലർ ലോഞ്ചിൽ ഷാഹിദ് പറഞ്ഞത് ഈ ചിത്രം തന്റെ ഹൃദയത്തിന്റെ ഒരു കഷ്ണം ആണെന്നാണ്. ‘വർഷങ്ങളായി ആളുകൾ എന്നോട് ഒരു മാസ് റോൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതെന്റെ കരിയറിൽ ഏറ്റവും ചലഞ്ചിങ് ആയ ചിത്രമാണ്. ഒരുപാട് ആഴമുള്ളൊരു കഥാപാത്രമാണിത്. എനിക്ക് അതിനെ പറ്റി അധികമൊന്നും പറയാനും തൽകാലം അനുവാദമില്ല, ഷാഹിദ് കപൂർ പറയുന്നു.
ബോബി ആൻഡ് സഞ്ജയ്,ഹുസ്സൈൻ ദലാൽ,അബ്ബാസ് ദലാൽ,അർഷാദ് സൈദ്,സുമിത് അറോറ എന്നിവർ ചേർന്നാണ് ദേവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാഹിദ് കപൂറിനൊപ്പം പൂജ ഹെഗ്‌ഡെ,പവെയ്ൽ ഗുലാട്ടി,പ്രവീഷ് റാണ,കുബ്ര സൈത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. വിശാൽ മിശ്ര സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്.
മുംബൈ പോലീസ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആണെങ്കിൽ ദേവ ഒരു സസ്പെൻസ് ആക്ഷൻ ത്രില്ലർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ശ്രീകർപ്രസാദ് ചിത്രസംയോജനവും, അമിത് റോയ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സമീപ കാലത്ത് റിലീസായ സിംഗം എഗൈൻ,ബേബി ജോൺ തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞതിന്റെ ക്ഷീണത്തിൽ നിൽക്കുന്ന ബോളിവുഡിന്, ദേവ ആശ്വാസം പകരുമെന്നാണ് ആണ് കരുതുന്നത്. സിദ്ധാർഥ് റോയ് കപൂറും ഉമേഷ് കെ.ആർ ബൻസലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജനുവരി 31 വേൾഡ് വൈഡ് റിലീസ് ചെയ്യും.

Story Highlights :മുംബൈ പോലീസിന്റെ ഹിന്ദി റീമേക്ക് ദേവയുടെ ട്രെയ്‌ലർ എത്തി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here