സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ? ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ

അലക്‌സ് റാം മുഹമ്മദ്
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ.രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംഘടന പരിപാടികളിൽ രാജീവ് ചന്ദ്രശേഖർ സജീവമാകുന്നു. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിൻ്റേതാണ്
തിരുവനന്തപുരത്തെ ജില്ല അധ്യക്ഷ തെരഞെടുപ്പിലും രാജീവ് ചന്ദ്രശേഖർ ഭാഗമായി. ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷം സംസ്ഥാന അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ അധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം ദേശീയ നേതൃത്വം പ്രഖ്യാപിക്കും.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് 5 വർഷം പൂർത്തിയായ കെ സുരേന്ദ്രന് ഒരു ടേം കൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രൻ അനുകൂലികൾ. ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.
കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആൾ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നൽകുന്ന പരിഗണന.
സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.
അതേസമയം ബിജെപി പുനസംഘടനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഒരു അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഇല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പില്ല എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും. ജില്ലാ അധ്യക്ഷന്മാരെ 27ന് പ്രഖ്യാപിക്കും.
മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെ ജില്ലാ അധ്യക്ഷന്മാർ ഉണ്ടാകും. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മഹിളയെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടവർ തീരുമാനിക്കുമെന്ന് സുരേന്ദ്രൻ മറുപടി നൽകി. സിപിഐഎമ്മിന് എത്ര മഹിളാ ജില്ലാ സെക്രട്ടറിമാർ ഉണ്ടെന്നു അദ്ദേഹം ചോദിച്ചു.
Story Highlights : BJP Kerala President chance for Rajeev Chandrashekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here