കെട്ടടങ്ങാതെ മണിപ്പൂർ, പാർട്ടിയിൽ പടയൊരുക്കം; തടയിടാൻ കഴിയാതെ ബിരേൻ സിങ്, ഒടുവിൽ രാജി

2023 മുതൽ മണിപ്പൂർ ജനത സമാധാനം അനുഭവിച്ചിട്ടില്ല. കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള കലാപ പോരിൽ ഇല്ലാതായത് 250ലധികം ജീവനുകളാണ്. ഒപ്പം ആയിരക്കണക്കിന് പേർ ഭവനരഹിതരുമായി. മണിപ്പൂർ അശാന്തിയായി തുടരുമ്പോഴും മുഖ്യമന്ത്രി ബിരേൻ സിങ് ശാന്തതയിലായിരുന്നു. സംസ്ഥാനത്തെ കലാപത്തിൽ ഒന്നും ചെയ്യനാകാതെ നിന്ന ബിരേൻ സിങ്ങിന് പാർട്ടിയിലെ കലാപം പ്രശ്നമായി. ഒടുവിൽ രാജിക്ക് വഴങ്ങി പുറത്തേക്ക് ഇറങ്ങേണ്ടി വന്നു.
മണിപ്പൂർ കലാപത്തിൽ ബിരേൻ സിങ്ങിനെതിരെ രൂക്ഷ വിമർശനമായിരുന്നു സ്വന്തം പാർട്ടിയിൽ നിന്ന് പോലും ഉയർന്നിരുന്നത്. ഒരു തവണ രാജിയിലേക്ക് പോയ ബിരേൻ സിങ് തീരുമാനം മാറ്റി അധികാരത്തിൽ തുടരുകയായിരുന്നു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ഇടക്ക് ബിരേൻ സിങ് പ്രഖ്യാപിക്കുമെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കലാപത്തിന്റെ പേരിൽ ബിരേൻ ജനങ്ങളോട് മാപ്പ് പറഞ്ഞെത്തിയിരുന്നു.
മണിപ്പൂരിൽ ആക്രമണം വർധിച്ചതോടെ ബിരേൻ സിങ്ങിനെതിരെ ബിജെപിയിലെ കുക്കി വിഭാഗം എംഎൽഎമാർ രംഗത്തെത്തി. ബിരേൻ സിങ്ങിനെതിരെ വിമർശനം തുടർന്നപ്പോഴും നേതൃത്വം അദ്ദേഹത്തിന് കൂടുതൽ സമയം നൽകി. എൻഡിഎയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. എൻഡിഎയ്ക്കുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി സഖ്യം വിട്ടു. എന്നിട്ടും ബിരേൻ സിങ് കുലുങ്ങിയില്ല. കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻ സിങി പരാജയപ്പെട്ടെന്നായിരുന്നു എൻപിപിയുടെ വിമർശനം. ഒടുവിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നതോടെ ബിരേൻ സിങ്ങിന്റെ രാജിക്കായി സമ്മർദം ശക്തമായി. നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ രാജി പ്രഖ്യാപിച്ച് ബിരേന് പടിയിറങ്ങേണ്ടി വന്നു.
Read Also: ‘മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം’; കേന്ദ്രത്തിന് മുന്നിൽ അഭ്യർത്ഥനകളുമായി ബിരേൻ സിങ്
2002 മുതലാണ് എൻ ബിരേൻ സിങ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2003 മുതൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചു. 2016ൽ ബിജെപിയിലേക്ക് ചേക്കേറി. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മാറി. 2022ലും ബിരേൻ സിങ് അധികാരത്തിലെത്തി. എന്നാൽ രണ്ടാം വരവിൽ പതറി. മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മണിപ്പുർ ഹൈക്കോടതി ഉത്തരവാണ് മണിപ്പൂരിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം അവരെ അക്രമികൾ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് മണിപ്പുർ കലാപത്തിന്റെ ഭീകരത പുറംലോകം അറിയിുന്നത്. എന്നാൽ കലാപം തുടങ്ങിയ നാൾ മുതൽ ബിരേൻ സിങ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കേന്ദ്ര സേന വരെ സംസ്ഥാനത്തേക്കെത്തുന്ന സ്ഥിതിയുണ്ടായി.
സംസ്ഥാനത്തുടനീളം ആക്രമണം അഴിച്ചുവിട്ടു. കലാപകാരികൾ പൊലീസിന്റെയും സൈന്യത്തിന്റെയും ആയുധങ്ങൾ അപഹരിച്ചിരുന്നു. മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരിയുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു 2024 നവംബറിൽ ബിരേൻ സിങി ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ കലാപം അടിച്ചമർത്തുന്നതിൽ ബിരേൻ സിങ് പരാജയപ്പെട്ടിരുന്നു. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും എൻ ബിരേൻ സിങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്നും മണിപ്പൂർ ബിജെപിയിലും ആവശ്യമുയർന്നു. ഇതോടെയാണു ബിജെപി കേന്ദ്രനേതൃത്വം ബിരേൻ സിങ് മുഖ്യമന്ത്രിയായി തുടരുന്നതിൽ പുനരാലോചന നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിരേൻ സിങ് മുഖ്യമന്ത്രി പദം ഒഴിഞ്ഞത്.
മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നായിരുന്നു രാജിക്കത്തിൽ എൻ ബിരേൻ സിങ് പറഞ്ഞത്. ഓരോ മണിപ്പൂരിയുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികൾ, ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ, നടത്തിയതിൽ കേന്ദ്രസർക്കാരിനോട് കടപ്പാടുണ്ടെന്ന് ബിരേൻ സിങ് പറയുന്നു.രാജിക്കത്തിൽ കേന്ദ്രത്തിനോട് അഭ്യർത്ഥനകളും ബിരേൻ സിങ് നടത്തിയിട്ടുണ്ട്. മണിപ്പൂരിന്റെ പ്രാദേശിക സമഗ്രത നിലനിർത്തണമെന്നും നുഴഞ്ഞുകയറ്റം തടയുന്നതിനും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള നയം രൂപീകരിക്കണമെന്നും കേന്ദ്രത്തിനോട് ബിരേൻ സിങ് അഭ്യർത്ഥിച്ചു. മയക്കുമരുന്നിനും നാർക്കോ ഭീകരതയ്ക്കുമെതിരായ പോരാട്ടം തുടരണെമെന്നും ബയോമെട്രിക് ഉപയോഗിച്ചുള്ള എഫ്എംആറിന്റെ കർശനവും സുരക്ഷിതവുമായ പരിഷ്കരിച്ച സംവിധാനം തുടരണമെന്നും രാജിക്കത്തിൽ ബിരേൻ സിങ് ആവശ്യപ്പെട്ടു.
Story Highlights : Biren Singh resignation two years after violence began
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here