വിവാഹം കഴിക്കൂ ,ഇല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; വിചിത്ര നിർദ്ദേശവുമായി കമ്പനി

വിവാഹം കഴിക്കാത്തവരും ,വിവാഹമോചിതരുമായ ജീവനക്കാരെ സെപ്തംബർ അവസാനത്തോടെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ കെമിക്കൽ കമ്പനി. ജനുവരിയിലാണ് ഷുണ്ടിയന്‍ കെമിക്കൽ കമ്പനിയിലെ 28 നും 58 നും ഇടയിൽ പ്രായമുള്ള ജീവനക്കാരെ ലക്ഷ്യമിട്ട് ഇങ്ങനെയൊരു നിയമം പുറത്തിറക്കിയത്. മാർച്ച് മാസത്തോടെ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തവർ സ്വയം ജോലി രാജിവയ്ക്കണമെന്നും, കൂടുതൽ വൈകിയാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്നുമായിരുന്നു കമ്പനിയുടെ നിർദ്ദേശം.
Read Also: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമാനത്തിന് തകരാർ; മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്തു
സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പുതിയ നിയമം വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് മനസിലാക്കിയ കമ്പനി തീരുമാനം പിൻവലിച്ചതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനയിൽ വിവാഹ നിരക്ക് കുറയുന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ ഈ തീരുമാനം. മുൻവർഷങ്ങളിൽ നിന്ന് 2023-ൽ വിവാഹങ്ങളുടെ എണ്ണം 6.1 ദശലക്ഷമായി കുറഞ്ഞിരുന്നു, കൂടാതെ ജനന നിരക്കിലും കുറവ് രേഖപ്പെടുത്തിയിരുന്നു . എന്നാൽ 2024-ലെ കണക്കിൽ രാജ്യത്ത് 9.54 ദശലക്ഷം നവജാതശിശുക്കൾ ജനിച്ചതായി കണ്ടെത്തി.2017-ന് ശേഷമുള്ള ജനനനിരക്കിലെ ആദ്യത്തെ വർധനവാണിതെന്നും പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെമോഗ്രാഫർ ഹെ യാഫു പറഞ്ഞു.
എന്നാൽ ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ,വിവാഹം കഴിക്കുക എന്ന ഒരാളുടെ വ്യക്തിപരമായ അവകാശത്തിനോടുള്ള ലംഘനമാണിതെന്നുമാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. ചൈനയിലെ തൊഴിൽ നിയമനങ്ങൾ പ്രകാരം തൊഴിലാളികളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു കമ്പനിക്കും അർഹതയില്ലെന്ന് അവർ പറയുന്നു.
വിവാഹ നിരക്ക് കൂട്ടാനായുള്ള സർക്കാരിന്റെ തീരുമാനം നടപ്പിലാക്കേണ്ടത് ഇത്തരത്തിലുള്ള നിയമനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ചിട്ടല്ലെന്നും, മറ്റുള്ളവർക്ക് വേണ്ടിയല്ല വിവാഹം പോലെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടതെന്നും സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചു. നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് തദ്ദേശ മാനവിക വിഭവശേഷി സാമൂഹ്യ സുരക്ഷാ ബ്യൂറോ കമ്പനിയിൽ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായാണ് കമ്പനി നിയമം പിൻവലിക്കാൻ തയാറായതും, ആരെയും പിരിച്ചുവിടില്ലെന്ന തീരുമാനത്തിലെത്തിയതും.ചൈനയിലെ വിവാഹ നിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പല പ്രദേശങ്ങളിലും സർക്കാർ ജനങ്ങൾക്ക് പണം നൽകുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .
Story Highlights : A chemical company in China has warned that unmarried and divorced employees will be fired by the end of September.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here