Advertisement

“ഈ ‘അഹങ്കാരി’ എളുപ്പം കീഴടങ്ങുന്നവനല്ല”; ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയെ കുറിച്ചുള്ള ആര്‍ട്ടിക്കള്‍ വായിക്കാം

February 2, 2018
Google News 2 minutes Read
Virat Kohli 2

“അവർക്ക് ശബ്ദിക്കാനുള്ള അവസരം വിരാടിൻ്റെ ബാറ്റ് നൽകിയില്ല.ഈ ‘അഹങ്കാരി’ എളുപ്പം കീഴടങ്ങുന്നവനല്ല.ഞങ്ങൾ ആരാധകർക്കിഷ്ടം അയാളുടെ ഈ മനോഭാവമാണ്…!”

ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയെ കുറിച്ചുള്ള ആര്‍ട്ടിക്കള്‍ വായിക്കാം
ഡര്‍ബനില്‍ നടന്ന ഇന്ത്യ-സൗത്താഫ്രിക്ക ഒന്നാം ഏകദിന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മികവുറ്റ ബാറ്റിംഗ് പ്രകടനവും അജിങ്ക്യ രഹാനെയുടെ പിന്തുണയുമാണ് ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. സൗത്താഫ്രിക്കന്‍ പിച്ചുകളില്‍ തോല്‍വിയുടെ പാരമ്പര്യം മാത്രമുള്ള ഇന്ത്യന്‍ ടീം ഇന്നലെ നേടിയത് അഭിമാനവിജയം തന്നെയാണ്. ഒപ്പം, മികച്ച ബാറ്റ്‌സ്മാനായിട്ടുപോലും സൗത്താഫ്രിക്കയില്‍ ഒരു സെഞ്ചുറി പോലും സ്വന്തം പേരില്‍ കുറിക്കാന്‍ കഴിയാത്തവന്‍ എന്ന ദുഷ്‌പേര് എണ്ണം പറഞ്ഞ ഒരു ക്ലാസ് സെഞ്ചുറിയോടെ വിരാട് ഇന്നലെ കുറിക്കുകയും ചെയ്തു. അതും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് അഭിമാന നിമിഷമായിരുന്നു.
ഇന്നലെ നടന്ന ഏകദിനത്തിലെ കോഹ്‌ലിയുടെ പ്രകടനത്തെ കുറിച്ചും അയാള്‍ ക്രീസില്‍ പുലര്‍ത്തിയ മനോഭാവത്തെ കുറിച്ചും സന്ദീപ് ദാസ് എഴുതിയ ആര്‍ട്ടിക്കള്‍ വായിക്കാം…

”നിങ്ങളെന്ത് റണ്ണാണ് അതിൽ കണ്ടത്…? “

പവിലിയനിലേക്ക് തിരിച്ചുനടക്കുന്നതിനിടെ ശിഖർ ധവാൻ അമർഷത്തോടെ വിരാട് കോഹ്ലിയോട് ആരാഞ്ഞു.ഇന്ത്യൻ ക്യാപ്റ്റൻ എന്തോ പറയാൻ ശ്രമിച്ചു.പക്ഷേ ധവാന് അത് കേൾക്കാൻ താത്പര്യമില്ലായിരുന്നു.ഡ്രെസ്സിങ്ങ് റൂമിലേക്ക് അയാൾ സാവകാശം നടന്നു.അവിടെ ബാറ്റിങ്ങ് കോച്ച് സഞ്ജയ് ബാംഗറിനെ കണ്ടപ്പോൾ ധവാൻ വീണ്ടും പൊട്ടിത്തെറിച്ചു ! അയാളെ കുറ്റപ്പെടുത്താനാവില്ലായിരുന്നു.നന്നായി കളിച്ചുവന്ന ധവാൻ വിരാടുമായുള്ള ആശയക്കുഴപ്പം മൂലം റണ്ണൗട്ടാവുകയായിരുന്­നു…

തൻ്റെ പങ്കാളിയെ നഷ്ടപ്പെട്ടതിൽ വിരാട് അതീവ ദുഃഖിതനായിരുന്നു.ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ പ്രഥമ ഏകദിനമത്സരത്തിൽ 270 എന്ന ലക്ഷ്യമാണ് ഇന്ത്യ പിന്തുടർന്നിരുന്നത്.വിജയം 203 റണ്ണുകൾ അകലെയാണ്.വിരാടിൻ്റെ പോരാട്ടം ദക്ഷിണാഫ്രിക്കൻ ബൗളർമാരോടു മാത്രമായിരുന്നില്ല ; ചരിത്രത്തോടും കൂടിയായിരുന്നു.ഡർബനിലെ കിങ്സ്മീഡിൽ പ്രോട്ടിയാസിനെതിരെ ഏകദിനം കളിച്ചപ്പോഴെല്ലാം ഇന്ത്യ പരാജയപ്പെട്ടിരുന്നു.­ഏഷ്യൻ ടീമുകൾക്ക് പരിതാപകരമായ ചെയ്സിങ്ങ് റെക്കോർഡുള്ള മൈതാനം.ഉപഭൂഖണ്ഡത്തിൻ്റെ പ്രതിനിധികൾക്ക് 185 റൺസിൻ്റെ സക്സസ്ഫുൾ ചെയ്സ് പോലും നിഷേധിച്ച ഗ്രൗണ്ട് ! ഇതിനുപുറമെ വിരാടിൻ്റെ വ്യക്തിപരമായ സങ്കടങ്ങളും.ദക്ഷിണാഫ്രിക്കയിൽ 11 ഏകദിനങ്ങൾ കളിച്ചിട്ടും ഒരിക്കൽപ്പോലും മൂന്നക്കം പിന്നിടാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല !ദക്ഷിണാഫ്രിക്കയാണെങ്കിൽ സ്വന്തം മണ്ണിൽ തുടരെ 17 ഏകദിനങ്ങൾ ജയിച്ച് ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിൽ നിൽക്കുകയായിരുന്നു !

67/2 എന്ന സ്കോറിൽ അജിൻക്യ രഹാനെ ക്രീസിലെത്തി.ഏതാനും മാസങ്ങൾക്കുമുമ്പു വരെ ടീം മാനേജ്മെൻ്റ് ഒാപ്പണറായി മാത്രം കണക്കാക്കിയ കളിക്കാരൻ നാലാം നമ്പറിൽ ഇറങ്ങുന്നു ! അത് സ്വഭാവികമായിരുന്നു.ഏറ്റവും ഫ്ലാറ്റ് ആയ ദക്ഷിണാഫ്രിക്കൻ പിച്ചുകൾ പോലും ഫാസ്റ്റ് ബൗളർമാർക്ക് എന്തെങ്കിലും കരുതിവെയ്ക്കും.അവിടെ ഇന്ത്യയ്ക്ക് രഹാനെയുടെ സാങ്കേതിക മികവുകൾ ആവശ്യമായിരുന്നു.മുംബൈകർക്കും ചിലതെല്ലാം തെളിയിക്കാനുണ്ടായിരു­ന്നു.അന്തിമ ഇലവനിൽ രഹാനെയുടെ പേര് കണ്ടപ്പോൾ ”ഇവനെയൊക്കെ എന്തിന് ഏകദിന ടീമിലെടുത്തു” എന്ന് ചോദിച്ചവർ ധാരാളമായിരുന്നു.

വിരാടും രഹാനെയും ഒരുനിമിഷം ഡർബനിലെ ഉംഗേനി എൻഡിൽ ഒത്തുചേർന്നു.മറ്റേയറ്റത്ത് അവർ കണ്ടത് ഫ്രണ്ട്ഷിപ് പവിലിയനാണ്.പക്ഷേ മോർക്കലിൻ്റെയും റബാഡയുടെയും മറ്റും പന്തുകൾക്ക് ഒരു സൗഹൃദവും ഉണ്ടായിരുന്നില്ല ! മണിക്കൂറിൽ 148 കിലോമീറ്റർ വേഗത്തിൽ എത്തിയ ഒരു വെൽ ഡിറെക്റ്റഡ് ബൗൺസറാണ് വിരാടിനെ എതിരേറ്റതു തന്നെ ! രഹാനെയെ ഇമ്രാൻ താഹിർ സ്വാഗതം ചെയ്തത് ഉജ്ജ്വലമായ സ്ലൈഡറുകളിലൂടെയും !

നേരിട്ട രണ്ടാം പന്തിൽ വിരാട് വളരെ പ്രയാസകരമായ ഒരവസരം ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയതാണ്.വന്യമായ ഒരു ഡൈവ് നടത്തിയിട്ടും സ്ലിപ്പ് ഫീൽഡറായ ഡ്യുപ്ലെസിയ്ക്ക് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല.വിരാടിനെപ്പോലൊരു ബാറ്റ്സ്മാൻ ക്വാർട്ടർ ചാൻസ് തന്നാൽ പോലും അത് മുതലെടുക്കാൻ ബാദ്ധ്യസ്ഥരാണ് എതിർടീമുകൾ.അല്ലെങ്കിൽ വൻവിലയാണ് നൽകേണ്ടിവരിക.അക്ഷരാർത്ഥത്തിൽ ഇതുതന്നെയാണ് ആദ്യ ഏകദിനത്തിൽ സംഭവിച്ചതും ! സ്ലഗ്ഗിഷ് ആയ പ്രതലത്തിൽ ബാറ്റിങ്ങ് അത്ര എളുപ്പമായിരുന്നില്ല.പക്ഷേ വിരാടും രഹാനെയും അതിനെ ഒരു ബാറ്റിങ്ങ് പറുദീസ പോലെ തോന്നിപ്പിച്ചു !

കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് വിരാടും രഹാനെയും കളിച്ചത്.ദക്ഷിണാഫ്രി­ക്ക പിടി മുറുക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവർ റിലീസ് ഷോട്ടുകൾ കളിച്ചു.പലതും പ്രീമെഡിറ്റേറ്റഡ് ആയിരുന്നുവെങ്കിലും വളരെ ഇഫക്റ്റീവും ആയിരുന്നു.മൊമെൻ്റം ഒ.ഡി.എെ മാച്ചിൽ ‘മൊമൻ്റം’ ഇന്ത്യയോടൊപ്പമാണെന്ന് അവർ ഉറപ്പുവരുത്തി.ഇൻഫെക്ഷൻ ഭയന്ന വിരാട് എെഡ്രോപ്സ് ആവശ്യപ്പെടുന്നത് കാണാമായിരുന്നു.പക്ഷേ ബാറ്റ് ചെയ്യുമ്പോഴെല്ലാം അയാളുടെ മിഴികളിൽ ധീരതയാണ് തെളിഞ്ഞുകണ്ടത്.പേസർമാർ ബൗൺസറുകളുടെ സാഗരം തീർത്തപ്പോഴും അയാൾ ഭയന്നില്ല !

ഡ്യൂപ്ലെസിയുടെ ഗോ ടു ബൗളറാണ് ഇമ്രാൻ താഹിർ.മദ്ധ്യ ഒാവറുകളിൽ വിക്കറ്റുകൾ വീഴ്ത്താനും റൺറേറ്റ് നിയന്ത്രിക്കാനും ദക്ഷിണാഫ്രിക്കൻ സ്കിപ്പർ വല്ലാതെ ആശ്രയിക്കുന്ന റിസ്റ്റ് സ്പിന്നർ.പക്ഷേ വിരാടും രഹാനെയും താഹിറിനെ ഒന്നാന്തരമായി കളിച്ചതോടെ ഡ്യൂപ്ലെസി ശരിക്കും ബുദ്ധിമുട്ടി.സിംഗിൾ എന്ന് ബാറ്റ്സ്മാന് തോന്നിയ അവസരങ്ങളിൽപോലും പന്ത് ബൗണ്ടറി കടക്കുകയായിരുന്നു.അത്ര സുന്ദരമായിരുന്നു ടൈമിങ്ങ് !

വിരാടും രഹാനെയും കാഴ്ച്ചവെച്ച അച്ചടക്കത്തിനുള്ള പ്രതിഫലങ്ങളായിരുന്നു ഇടയ്ക്കെ കിട്ടിയ ലൂസ്ബോളുകളും പാർട്ട് ടൈം സ്പിന്നറായ മാർക്രത്തിൻ്റെ ബൗളിങ്ങും.രണ്ടും ഇന്ത്യ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയുടെ അവസാന പോംവഴിയായിരുന്നു സ്ലെഡ്ജിങ്ങ്.തനിക്കെ­തിരെ ഒാൺഡ്രൈവ് കളിച്ച രഹാനെയെ ക്രിസ് മോറിസ് പ്രകോപിപ്പിക്കാൻ ശ്രമിച്ചു.സ്വാഭാവികമായും വിരാട് അതിൽ ഇടപെട്ടു.”l am not bothered about you ” എന്ന് വിരാട് പരിഹാസപൂർവ്വം മോറിസിനോട് പറയുന്നത് സ്റ്റംമ്പ് മൈക്കിലൂടെ കേൾക്കാമായിരുന്നു.മോറിസിന് തിരിച്ചൊന്നും പറയാൻ നിവൃത്തിയുണ്ടായിരുന്­നില്ല.കാരണം ആ ദിവസം അവർ വിരാടിനെതിരെ പയറ്റിയ സകല തന്ത്രങ്ങളും തകർന്നിരുന്നു.

പിന്നെക്കണ്ടത് മോറിസ് രഹാനെയ്ക്കെതിരെ എറിഞ്ഞ ബാക്ക് ഒാഫ് എ ലെങ്ത്ത് ഡെലിവെറി മിഡ് ഒാണിനു മുകളിലൂടെ കാണികൾക്കിടയിലേക്ക് പറക്കുന്നതാണ്.ഷോട്ട് ഒാഫ് ദ മാച്ച് ! വിരാട് ചിരിച്ചുകൊണ്ട് രഹാനെയെ ആശ്ലേഷിച്ചു.ഒാവറിൻ്റെ അവസാന പന്തിൽ അപ്പർകട്ടിലൂടെ ബൗണ്ടറിയും ! ദേഹമാസകലം ഇടിയേറ്റ് റിങ്ങിൽ നിന്ന് പുറത്തേക്ക് തെറിച്ച ബോക്സറെപ്പോലെയായിരുന്നു മോറിസ് അപ്പോൾ !

ഫെലുക്ക്വായോയുടെ പന്തിനെ കവറിലൂടെ അതിർത്തി കടത്തിക്കൊണ്ട് വിരാട് സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ദക്ഷിണാഫ്രിക്കൻ കോച്ച് ഒാട്ടിസ് ഗിബ്ബ്സൺ പോലും കൈയ്യടിച്ചു.അത്ര മഹത്തരമായിരുന്നു ആ ഇന്നിംഗ്സ്.ഒരു സിക്സർ പോലും അടിക്കാതെ പരമാവധി റിസ്ക് ഫ്രീ ഷോട്ടുകൾ കളിച്ച് ടീമിനു വേണ്ടി കെട്ടിപ്പടുത്ത ഇന്നിങ്സ്.സ്വന്തം നെഞ്ചിൽ ആഞ്ഞിടിച്ചാണ് വിരാട് ആഘോഷിച്ചത്.പിന്നീട് അയാൾ താഴേക്ക് വിരൽ ചൂണ്ടി.ഈ മണ്ണും തന്നെ അനുസരിക്കുമെന്ന പ്രഖ്യാപനം !

വിജയറൺ പിറക്കുമ്പോൾ ക്രീസിൽ നിൽക്കാനുള്ള അവകാശം വിരാടിനും രഹാനെയ്ക്കും ഉണ്ടായിരുന്നു.ഒരാൾക്കത് നിഷേധിക്കപ്പെട്ടപ്പോൾ മറ്റേയാൾക്കും അത് ബാധകമായത് കാവ്യനീതിയായി.വിജയം ഉറപ്പിച്ചിട്ടാണ് മടങ്ങിയതെങ്കിലും സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞതിൽ വിരാട് തികച്ചും അസ്വസ്ഥനായിരുന്നു.സ്വയം പഴിച്ചുകൊണ്ടാണ് അയാൾ തിരിച്ചുനടന്നത്.എങ്കിലും അവസാനനിമിഷം അയാൾ കാണികളെ അഭിവാദ്യം ചെയ്തു.ആ നിമിഷം ഡർബൻ അയാളുടെ കാൽച്ചുവട്ടിലായിരുന്നു.ഒാടിയെത്തി വിരാടിൻ്റെ പുറത്തുതട്ടി അഭിനന്ദിച്ച താഹിർ ഒത്തിരി ഹൃദയങ്ങളെ ജയിച്ചു.പരിക്കേറ്റ് കുറച്ചു നേരം കളിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന വിരാടാണ് ഇത്രയും ഉൗർജ്ജസ്വലനായി കളിച്ചത് !

ധോനിയുടെ ബാറ്റിൽ നിന്ന് വിജയറൺ പിറന്നപ്പോൾ ഗാലറിയിൽ ചാടുകയും അലറുകയും ചെയ്യുന്ന വിരാടിനെ കണ്ടു.അയാളുടെ ഈ വികാരപ്രകടനങ്ങൾ ഇഷ്ടമില്ലാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്.ഇന്ത്യ തോറ്റിരുന്നുവെങ്കിൽ ധവാൻ്റെ റണ്ണൗട്ടിൻ്റെ പേരിൽ അവർ വിരാടിനെ ക്രൂശിക്കുമായിരുന്നു. ദക്ഷിണാഫ്രിക്കയെ ചെറിയ സ്കോറിൽ ഒതുക്കാനായില്ല എന്ന കാരണത്തിൻ്റെ പേരിൽ വിരാടിൻ്റെ ക്യാപ്റ്റൻസിയെ അവർ ആക്രമിക്കുമായിരുന്നു.പക്ഷേ അവർക്ക് ശബ്ദിക്കാനുള്ള അവസരം വിരാടിൻ്റെ ബാറ്റ് നൽകിയില്ല.ഈ ‘അഹങ്കാരി’ എളുപ്പം കീഴടങ്ങുന്നവനല്ല.ഞങ്ങൾ ആരാധകർക്കിഷ്ടം അയാളുടെ ഈ മനോഭാവമാണ്…!

വിരാടിൻ്റെ ചടുലമായ ഒാട്ടം കണ്ടപ്പോൾ സഞ്ജയ് മഞ്ജരേക്കർക്ക് ഒാർമ്മവന്നത് ജാവേദ് മിയാൻദാദിനെയാണ്.ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാനുള്ള വിരാടിൻ്റെ മനസ്സ് കാണുമ്പോൾ പലർക്കും റിക്കി പോണ്ടിങ്ങിനോട് സാമ്യം തോന്നാറുണ്ട്.നൂറുകോടി ജനങ്ങളുടെ പ്രതീക്ഷകളെ ചുമലിലേറ്റുന്ന രീതി കാണുമ്പോൾ സച്ചിൻ തെൻഡുൽക്കറുടെ പിൻഗാമിയാണെന്ന് തോന്നും.ഇത്തരത്തിൽ ഒാരോ അവസരങ്ങളിലും വിരാട് പല പല ഇതിഹാസതാരങ്ങളെ ഒാർമ്മിപ്പിക്കാറുണ്ട്.

പക്ഷേ അവസാനം നമ്മൾ തിരിച്ചറിയും.അയാൾ ഇവരിലാരുമല്ല.ഇവർക്ക് പകരക്കാരനുമല്ല.അയാൾ ഒരേയൊരു വിരാട് കോഹ്ലിയാണ്…

Written by-Sandeep Das

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here