Advertisement

മയ്യഴിക്കനവ്

February 9, 2018
Google News 1 minute Read

വര്‍ഷങ്ങളോളം സിരകളെ ത്രസിപ്പിച്ച മയ്യഴിയുടെ വഴികളും, പുഴയിലെ ഓളങ്ങളും , അങ്ങകലെ വെള്ളിയാങ്കല്ലും കണ്ട കണ്ണുകളുടെ കഥ പറച്ചില്‍ (ഭാഗം-2) 

ക്രിസ്റ്റീന ചെറിയാന്‍

കെഎല്‍ 36 ബി 3969 എന്ന ഞങ്ങളുടെ ആദ്യ കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റ് , ചെറിയതല നിറയെ മയ്യഴിയുമായിരിക്കുന്ന എന്നെയും വഹിച്ച് യാത്ര തുടങ്ങി. തൃശൂരിന്റെയും, കോഴിക്കോടിന്റെയും,മലപ്പുറത്തിന്റെയുമൊക്കെ അതിര്‍ത്തി കടക്കുമ്പോഴും എന്റെ മനസില്‍ മയ്യഴി തന്നെ..യഥാര്‍ത്ഥ മയ്യഴിയല്ല..മുകുന്ദന്റെ മയ്യഴി..പുഴയരികിലെ വിളക്കുകാലിനരികിലെ കുഞ്ചക്കനും, ഫ്രഞ്ചു നിര്‍മ്മാണ രീതിയിലുള്ള വീടുകളും, ഒരു പിടി ഫ്രഞ്ചുകാരും, വൈന്‍ ഷോപ്പുകളും, ദാസന്‍ പഠിച്ച കോര്‍ കൊപ്ലമന്തോറും, മയ്യഴി മാതാവിന്റെ ദേവാലയവും, പുത്തലത്ത് ക്ഷേത്രവും, നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ച വെള്ളിയാങ്കല്ലുമൊക്കെ യാത്രയുടെ ഏഴു മണിക്കൂറുകളില്‍ മനസിലൂടെ വീണ്ടും വീണ്ടും കടന്നു പോയി…

maheമയ്യഴിയിലെത്തിയെന്നോര്‍മ്മിപ്പിച്ച് വൈന്‍ഷോപ്പുകളുടെ നീണ്ട നിര. കാര്യം മദ്യ വിരോധിയാണെങ്കിലും ഓരോ വൈന്‍ ഷോപ്പിലും കലാപരമായി അടുക്കിവെച്ച മദ്യക്കുപ്പികള്‍ കലാസ്വാദകയായ എന്നെയങ്ങ് ഇംപ്രസ് ചെയ്തു…കൗതുകകരമായ ശില്‍പ്പചാരുതയോട് കൂടിയ കുപ്പികളില്‍ നിറഞ്ഞ പാനീയങ്ങളുടെ നിറഭേദങ്ങള്‍..

ഓരോ വലിയ കുപ്പികളുടെയും കുട്ടിക്കുപ്പികള്‍ അടുക്കി വെച്ചിരിക്കുന്ന കാഴ്ച ..എന്റമ്മോ..കുടിക്കാത്തവരെപ്പോലും ഒന്നു പ്രലോഭിപ്പിക്കും..ഓരോ ബ്രാന്‍ഡിനും ഓരോ നിറത്തിനും ഓരോ രുചി ഭേദത്തിനും പറയാന്‍ ഓരോ കഥയുണ്ടത്രേ..ബ്രാന്‍ഡ് കോണ്‍ഷ്യസായ ചില മദ്യാസ്വാദകര്‍ക്ക് ബ്രാന്‍ഡ് മാറിക്കുടിച്ചാല്‍ ചെടിക്കും പോലും..സാരഥിയായ ഭര്‍ത്താവ് പറഞ്ഞു തന്ന കഥകള്‍.

 

തികഞ്ഞ മദ്യപാനികളേക്കാള്‍ ആര്‍ത്തിയോടെ ഓരോ വൈന്‍ ഷോപ്പിലേയും നിറഭേദങ്ങളിലേക്ക് നോക്കിയ എന്നെ തിരിച്ചു നോക്കിയ കണ്ണുകളില്‍ ഒരു കൗതുകവും ഞാന്‍ കണ്ടു..മയ്യഴിയിലെ പെണ്ണുങ്ങള്‍ പോലും ഇത്ര ആക്രാന്തത്തോടെ മയ്യഴിക്കുപ്പികളെ നോക്കിയിട്ടില്ല..

ഇതേതാണപ്പാ പുതിയൊരു ഇറക്കുമതി എന്നൊരു ചോദ്യം അവരുടെ കണ്ണുകളില്‍ തത്തിക്കളിക്കുന്നതങ്ങ് അവഗണിച്ചു.. ജനിച്ചതില്‍ പിന്നെ ആദ്യായിക്കാണുന്ന കാഴ്ച്ച സെന്‍സര്‍ ചെയ്യാന്‍ വന്നോരോട് വന്യമായൊരു അവഹേളനമങ്ങ് വെച്ചുകൊടുത്തു..എന്നാല്‍ ക്യൂ നില്‍ക്കുന്ന കുടിയന്മാരായ സഹോദരങ്ങളുടെ മിഴികളില്‍ തെളിഞ്ഞതൊരു ഭീതി..ഇതു മുഴുവനും കൂടി ഇവളങ്ങ് വാങ്ങിക്കൊണ്ടുപോയാല്‍ ഞങ്ങളെന്നാ ചെയ്യുമെന്നൊരു ആശങ്കയും കണ്ടില്ലാന്നു വച്ചു. അല്ല പിന്നെ..

നിരയായി നില്‍ക്കുന്ന മൂന്നു നാല് മദ്യ മ്യൂസിയങ്ങള്‍ (അവയുടെ ഒരു പ്രസന്റേഷന്‍ കണ്ടാല്‍ അങ്ങനെയേ വിളിക്കൂ….) പിന്നിട്ട് നോക്കിയ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഞെട്ടാന്‍ കാരണം വഴിയരികില്‍ നില്‍ക്കുന്ന ദേവാലയമാണ്. ഒന്നു കൂടി ബോര്‍ഡ് നോക്കി ഉറപ്പു വരുത്തി. മയ്യഴിമാതാവിന്റെ ദേവാലയം..ആണ്ടോടാണ്ട് പെരുന്നാളു കൂടാന്‍..മയ്യഴിക്കാര്‍ക്കു പുറമേ തലശേരിയിലും, കണ്ണൂരിലുമൊക്കെയുള്ള ജനസഹസ്രങ്ങള്‍ വരുന്ന ദേവാലയം. ചതിച്ചല്ലോ മാതാവേ. സങ്കല്‍പ്പത്തിലെ ചീട്ടുകൊട്ടാരത്തിന്റെ ആദ്യഭാഗം അവിടെത്തകര്‍ന്നു.  mahi church വിശാലമായ ഒരു ഗ്രൗണ്ടില്‍ തലയെടുത്തു നില്‍ക്കുന്ന ഒരു വലിയ പള്ളി..അതായിരുന്നു എന്റെ മനസിലെ മയ്യഴി ദേവാലയം. ഇതിപ്പോ റോഡിനു തൊട്ട് ചെറിയൊരു പള്ളി..മയ്യഴിയുടെ എഴുത്തുകാരനോട് തോന്നിയത് ചെറുതല്ലാത്ത നീരസം.. ഉള്ളില്‍ കയറിയപ്പോള്‍ കണ്ട മയ്യഴി മാതാവിന് ഒരു ഫ്രഞ്ച് ലുക്ക് പ്രതീക്ഷിച്ച ഞാന്‍ വീണ്ടും ഞെട്ടി..ചെറുതിലേ മുതല്‍ ഞാന്‍ കണ്ടു വരുന്ന മാതാവിനേപ്പോലൊക്കെ..ഞെട്ടലുകളുടെ ഒരു മെഗാ പരമ്പര അവിടെത്തുടങ്ങുകയായിരുന്നു. ഈശ്വരാ ഇതാണോ ഞാന്‍ വര്‍ഷങ്ങളായി കനവ് കണ്ട സ്വപ്‌നഭൂമി

…പള്ളിയില്‍ കയറി ആദ്യമായി ഒട്ടും ആത്മാര്‍ത്ഥതയില്ലാതൊരു പ്രാര്‍ത്ഥനയും കഴിച്ച് റജുലാ മാഡത്തെ വിളിച്ചു..ആദ്യം ചോദിച്ചത് ഇതാണോ മാടയാ കോടയാന്നു പറഞ്ഞ് എം മുകുന്ദന്‍ സാറും നീയുമൊക്കെ ഞങ്ങളെ കൊതിപ്പിച്ച മാഹി..കല്യാണത്തിരക്കിലാരുന്ന കക്ഷി പറഞ്ഞു..ഹേയ് .ഒരുപാട് കാണാനൊണ്ട്.. നീയാദ്യം വീട്ടിലേക്ക് വാ ..
അങ്ങനെ സെമിത്തേരി റോഡിലുള്ള ചാരോത്ത് വീട്ടിലേക്ക് വെച്ചു പിടിച്ചു. വീട്ടിലെത്തിയ ഞങ്ങളെ നിറഞ്ഞ ചിരിയോടെ സ്വാഗതം ചെയ്തത് ഒരുപാടു പേര്‍. കല്യാണവീടാണല്ലോ…പക്ഷേ പാദരക്ഷകള്‍ അഴിച്ചു വെച്ചുകൊണ്ട് പരിഭവങ്ങളുടെ കെട്ടഴിക്കാനായിരുന്നു എന്റെ തിടുക്കം..ഇതാണോ സ്വപ്‌നസുന്ദരമായ ആ സുന്ദരഭൂമി ….ഫ്രാന്‍സിന്റെ ഒരു കേരള പരിച്ഛേദം പ്രതീക്ഷിച്ചു തകര്‍ന്നതിന്റെ ഇച്ഛാഭംഗം….
നീയൊന്നു സമാധാനിക്കു..

ആദ്യം കുളിച്ച് വല്ലതും കഴിക്കു എന്നിട്ടാവാം യാത്ര..പോരാത്തതിന് മയ്യഴി ഗൈഡായി ബന്ധുവായ ഷിബുവേട്ടനെയും, സച്ചിയെയും ഏല്‍പ്പിച്ചു. ഇനിയിപ്പോ എന്തു വന്നാലും അതൊന്നും എന്റെ ഉത്തരവാദിത്തമല്ലെന്ന മട്ടില്‍ റജുല കൈകഴുകി..പീലാത്തോസിനു ശേഷം വീണ്ടുമൊരു ചരിത്രപരമായ കൈകഴുകല്‍ നടത്തി ആളങ്ങു തിരക്കഭിനയിച്ച് സ്‌ക്കൂട്ടായി…എന്തായാലും ഞങ്ങളെ മയ്യഴി കാണിക്കാനുള്ള ഉത്തരവാദിത്തം ഷിബുവേട്ടനും, സച്ചിയും,സമീറും കൂടിയൊരു കൂട്ടുത്തരവാദിത്തമായങ്ങ് ഏറ്റെടുത്തു വിത്ത് വണ്‍ കണ്ടീഷന്‍…മൂവര്‍ക്കും വേണ്ടി മുന്‍കൂര്‍ ജാമ്യമെടുത്തത് ഷിബുവേട്ടന്‍…ദേ മയ്യഴിപ്പുഴ വായിച്ച ആവേശത്തില്‍ മാഹി കാണാന്‍ വരരുത് ..നിരാശ മാത്രമായിരിക്കും അത്തരക്കാര്‍ക്ക് കിട്ടുക..ഇതേ വാചകം ഞങ്ങളുടെ യാത്രയിലുടനീളം ഷിബുവേട്ടന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ആദ്യം പോയത് ടാഗോര്‍ പാര്‍ക്കിലേക്ക്. മനസില്‍ അപ്പോഴേക്കും നിരാശ തിരശ്ശീല വലിച്ചിട്ടിരുന്നത് കാരണം ഇനിയിപ്പോ ഒന്നും കാണാതങ്ങ് തിരിച്ചുപോയാലും മതിയെന്ന മാനസീകാവസ്ഥയിലായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ എല്ലാം ഒന്നു കണ്ടെന്നു വരുത്തിപ്പോകാനായിരുന്നു തിടുക്കം. ടാഗോര്‍ പാര്‍ക്കില്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകമായ മരയാന്റെ പ്രതിമ..സ്‌ക്കൂളില്‍ കുട്ടികളെ ഇതേ മരിയാനെക്കുറിച്ച് പഠിപ്പിച്ചതോര്‍ത്തു.

നേരെ മയ്യഴിപ്പുഴയുടെ തീരത്തേക്ക്. കുഞ്ചക്കന്‍ തെളിച്ചിരുന്ന വിളക്കുകാലുടെ സ്ഥാനത്ത് ആലക്തിക ദീപങ്ങള്‍ സ്ഥാനം പിടിച്ചിരുന്നു..മറുവശത്തേക്ക് നോക്കിയാല്‍ മയ്യഴിപ്പാലം…മൂപ്പന്‍ സായ്വിന്റെ കാര്‍ വന്നിറങ്ങിയ സ്ഥലം..ഞാന്‍ പഴയ മയ്യഴിക്കാരിയാണല്ലോ,,അതുകൊണ്ടു തന്നെ പാലത്തിലൂടെ പോകുന്ന പുതിയ വാഹനങ്ങളെയൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.വെറുതെ അവിടെ നിന്ന് മൂപ്പന്‍ സായ്വിന്റെ കാര്‍ വന്നപ്പോള്‍ കാണാനെത്തിയ മയ്യഴിക്കാരികളിലൊരാളായി..എണേ ക്രിസ്റ്റീനേ സായ്വിന്റെ കാര്‍ കണ്ടോ ഇഞ്ഞി എന്ന് കുറമ്പിയമ്മ എന്നോട് ചോദിക്കുന്നതു പോലെ തോന്നി..

മല്‍സ്യബന്ധനത്തിനെത്തിയ ഒന്നു രണ്ട് വള്ളങ്ങളില്‍ ക്ഷമയോടെ മീനിനായി കാത്തിരിക്കുന്ന പഴയ തലമുറയുടെ പ്രതീകങ്ങള്‍.. അതാണ് കടലും പുഴയും ചേരുന്ന ഭാഗമെന്ന് ഷിബുവേട്ടന്‍ ചൂണ്ടിക്കാട്ടി. അവിടത്തെ ജലത്തിനു പോലും ഒരു കണ്‍ഫ്യൂഷനുള്ളതു പോലെ..ഞാന്‍ കടലിന്റെയോ , അതോ പുഴയുടെയോ എന്ന്..കൗമാരക്കാര്‍ക്ക് താന്‍ മുതിര്‍ന്ന ആളോ അതോ കുട്ടിയോ എന്ന് തോന്നുന്ന ഒരു സന്ദേഹമില്ലേ ..ദദ് തന്നെ..ആ കണ്‍ഫ്യൂഷനില്‍തന്നെ അവര്‍ ചെറിയ തിരകളായി മാറി മണ്ണിനെ ഇക്കിളിയാക്കി ചിരിപ്പിച്ചു കൊണ്ടിരുന്നു….വിളക്കു കാലുകള്‍ നാട്ടിയ വോക്ക് വേയിലൂടെ ധാരാളം പേര്‍ നടക്കാനിറങ്ങിയിരിക്കുന്നു. ഒറ്റയ്ക്ക് നടക്കുന്നോരുണ്ട്..നവദമ്പതികളുണ്ട്…കുടുംബമായി വന്നോരും, യുവാക്കളുടെ സംഘവുമുണ്ട്..എന്നെപ്പോലെ മയ്യഴി ഭ്രാന്തില്‍ വന്നിരിക്കുന്ന ആരെങ്കിലുമൊക്കെ അവരില്‍ കണ്ടേക്കാം..സന്ധ്യയായത് കാരണം മൂപ്പന്‍ സായ്വിന്റെ ബംഗ്ലാവിലേക്കുള്ള പ്രവേശന സമയം അവസാനിച്ചു.

Mayyazhi

വെറുതേ വോക്ക് വേയിലൂടെ നടന്നു.. ഓരോ ചുവട് വെക്കുമ്പോഴും ദാസനും,അല്‍ഫോണ്‍സച്ചനും, കുട നന്നാക്കുന്ന ചോയിയും, കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയുടെ മകന്‍ മാധവനും, അനാദിപ്പീടികക്കാരന്‍ കുഞ്ഞമ്പുവും, അപ്പക്കൂടുകാരന്‍ ചാത്തുവും, കുഞ്ഞിക്കുട്ടി സറാപ്പും, നൂറു കുമാരനും, വനജയും,രാധയും, മാഗി മദാമ്മയും,രാധയും, രേവതിയും, ചപ്പിലയും,കമലേച്ചിയും, ചന്ദ്രികയും,പൈതല്‍ ദേരസറും, റൗഡി അച്ചുവുമൊക്കെ ഒരു വ്യവസ്ഥയുമില്ലാതെ മനസിലേക്ക് തിക്കിത്തിരക്കി വന്നു..പല നോവലുകളിലെ കഥാപാത്രങ്ങള്‍ ഇടിച്ചു കയറി വന്നപ്പോള്‍ എന്റെ മുന്നില്‍ കണ്ട മയ്യഴിയുടെ ഏതു ഭാഗത്ത് ഇവരെ കുടിയിരുത്തുമെന്നാലോചിച്ച് ഞാന്‍ ബേജാറായി..

christeena
തിരികെ നടക്കുമ്പോ വീണ്ടും മുന്നില്‍ മയ്യഴിപ്പള്ളി..ഹും പള്ളിയാണ്രേത പള്ളി ..മനസില്‍ പറഞ്ഞു കൊണ്ട് സിമിത്തേരി റോഡിലുള്ള ചാരോത്ത് വീട്ടിലേക്ക്..പോകുന്ന വഴി ഷിബുവേട്ടന്‍ എന്നെ ഹലാക്കിലാക്കിയ എഴുത്തുകാരന്റെ വീടു കാട്ടിത്തന്നു. നേരെ കേറിച്ചെന്ന് മനുഷ്യരെയങ്ങനെ മക്കാറാക്കരുതെന്ന് പറയണമെന്നുണ്ടാരുന്നു..പിന്നീടൊരിക്കലാകാമെന്ന് വെച്ചു. പിന്നീട് ഞാന്‍ അദ്ദേഹത്തെ കണ്ടു..അത് വഴിയേ പറയാം..പോകുന്ന വഴി കുപ്പികടകളില്‍ നിരത്തി വെച്ചിരിക്കുന്ന നിറമുള്ള സുന്ദരിക്കുപ്പികള്‍ പോലും എന്നെ നോക്കി കളിയാക്കുന്നോ എന്നൊരു സംശയം..ചെമ്പരത്തി പ്പൂ തലയില്‍ വെച്ച പോലെ ചോന്ന തൊപ്പിയുള്ള കുറേ പൊലീസുകാരും, നിറമുള്ള വെള്ളത്തിന്റെ നിറമങ്ങ് പിടിച്ച് അവിടെയുമിവിടെയും വീണു കിടക്കുന്ന മയ്യഴി മക്കള്‍, നിരന്നു നില്‍ക്കുന്ന ബാങ്കുകള്‍ ഇവയൊക്കെ കടന്ന് ഞങ്ങള്‍ വീട്ടിലെത്തി. കുളിച്ച് ഭക്ഷണവും കഴിച്ച് റെജുലയുടെ അ്ഛനും പഴയ ഫുട്‌ബോള്‍ കളിക്കാരനുമായ പുരുഷേട്ടനുമായി ചോദ്യോത്തരവേള തുടങ്ങി. ജപ്പാനില്‍ അച്ഛനെ അളിയാന്നാ വിളിക്കുന്ന ഡയലോഗനര്‍ത്ഥം പകരുന്നത് പോലെ, സ്വന്തം അച്ഛനെക്കുറിച്ചാരു ചോദിച്ചാലും റജുല പുരുഷേട്ടനെന്നേ പറയൂ…മുകുന്ദന്റെ ചതി പറഞ്ഞ ഞാന്‍ പഴയ മയ്യഴിയെക്കുറിച്ചറിയാനൊരു ശ്രമം നടത്തി നോക്കി.

mayyazhi നോവലിലെ കുഞ്ഞിക്കണ്ണന്‍ എന്ന കഥാപാത്രം ഷാരോത്ത് കുടുംബത്തിലെയാണത്രേ.. കുതിര വണ്ടിയില്‍ സ്‌ക്കൂളില്‍ പോയിരുന്നതും,മയ്യഴി പള്ളിയിലെ പെരുന്നാളുമുള്‍പ്പെടെ പല ഓര്‍മ്മകളും പങ്കു വെച്ചെങ്കിലും ആളു ഫുട്‌ബോള്‍ പ്രേമിയായത് കൊണ്ട് വിഷയത്തെ യൂ ടേണ്‍ എടുപ്പിച്ച് ഫുട്‌ബോളില്‍ കൊണ്ട് നിര്‍ത്തി. പണ്ടത്തെ സെവന്‍സ് ടീമുകളെപ്പറ്റിയും. ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനോടുള്ള പ്രത്യേക സ്‌നേഹവും പങ്കു വെച്ചു..പിന്നെ പറശ്ശിനിക്കടവ് മുത്തപ്പനെ കാണണമെന്ന സ്‌നേഹത്തോടുള്ള നിര്‍ദ്ദേശവും..അപ്പോളേക്കും ഉറങ്ങാനുള്ള നിര്‍ദ്ദേശവുമായി റജുലയെത്തി..യാത്രയും നടപ്പും തന്ന ക്ഷീണത്തില്‍ കിടന്നതും ഉറങ്ങി..രാവിലെ എഴുന്നേറ്റ് ഒരു നടപ്പിനിറങ്ങി.
ആദ്യം നടന്നത് സിമിത്തേരി റോഡിന്റെ അവസാനം കാണുന്ന സിമിത്തേരിയിലേക്ക് ..പുറത്ത് നിന്ന് നോക്കി ഫ്രഞ്ചുകാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന സിമിത്തേരിയും പിന്നെ തൊട്ടടുത്തുള്ള ഫ്രഞ്ച് പള്ളിക്കൂടവും കണ്ടു ബോധിച്ചു . യൂണിഫോമില്‍ സ്‌ക്കൂളിലേക്ക് പോകുന്ന നിരവധി കുട്ടികളെ കണ്ടെങ്കിലും അവരിലൊന്നും, രാധയോ, ചന്ദ്രികയോ,വനജയോ,ദാസനോ , ശിവനോ,ശശിയോ ഉള്ളതായി തോന്നിയില്ല.അത്രയേറെ മാറിയിരിക്കുന്നു മയ്യഴി. ഫ്രഞ്ച് നിര്‍മ്മാണ ശൈലിയിലുള്ള വീടുകള്‍ തേടി കണ്ണ് കഴച്ചു..പതിയെ ബോട്ട് ഹൗയിലേക്ക് വെച്ചടിച്ചു. അവിടാണെങ്കില്‍ കുറെ കൂട്ടിയിട്ടിരിക്കുന്ന ബോട്ടുകളും, പുതുച്ചേരി സര്‍ക്കാര്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനായി വെച്ചിരിക്കുന്ന ഒരു ബോര്‍ഡും. വെറുതേ പുഴ നോക്കി നിന്നു…വോക്ക് വേയുടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു.. തലശേരിക്കു പോകേണ്ടതു കൊണ്ട് മയ്യഴിക്കാഴ്ചകള്‍ക്ക് തല്‍ക്കാലം വിട നല്‍കി വണ്ടിയെടുത്ത് തലശേരിക്കു വിട്ടു. മയ്യഴിപ്പാലം ആദ്യമായി കടന്നപ്പോള്‍ ആദ്യം പാലം കടന്നു വന്ന ഫ്രഞ്ചുകാരനെപ്പോലൊരു വികാരം..പോകുന്ന വഴിയില്‍ തട്ടമിട്ട സുന്ദരികള്‍ .. തട്ടത്തിന്‍ മറയത്തിലെ മൊഞ്ചത്തികളെ ഓര്‍മ്മിപ്പിച്ചു..എന്തോ പെട്ടെന്ന് ഓഫീസിലെ മൊഞ്ചത്തിക്കുട്ടി ബിന്ദ്യയെ ഓര്‍മ്മ വന്നു..തലശേരിയില്‍ ഭക്ഷണപ്രേമിയായ എന്നെ കാത്തിരിക്കുന്ന മറ്റൊരു ആകര്‍ഷണമുണ്ട്. അതാണ് ഹോട്ടല്‍ പാരീസ്.. ഒട്ടും നിരാശപ്പെടുത്തിയില്ല. നല്ല കിടുക്കന്‍ ബിരിയാണി..ബിരിയാണിയുടെ സ്വാദ് മാത്രമല്ല, സ്‌നേഹത്തോടെ വിളമ്പിത്തരുന്നതും തലശ്ശേരിക്കാരുടെ പ്രത്യകതയാണെന്ന് മനസിലായി.വേണേക്കഴിച്ചിട്ടു പോ എന്നല്ല, വയറു നിറയെ കഴിച്ചിട്ടു പോയാ മതി എന്ന നിര്‍ബന്ധം..ബിരിയാണിക്കൊപ്പം സൈഡ് ഡിഷായി തേങ്ങ ചതച്ച ചമ്മന്തിയും , സാലഡും. വായില്‍ നിന്ന് തൊണ്ടക്കുഴിയിലൂടെ താഴേക്കുപോകുമ്പോഴുള്ള ഓരോ ജംഗ്ഷനിലും സ്വാദിന്റെ അമിട്ട് പൊട്ടിച്ചു കൊണ്ടു പോകുന്ന ബിരിയാണിക്കമ്പടിയായി പൂത്തിരിയും മത്താപ്പൂവും കത്തിച്ചു കൊണ്ട് ചമ്മന്തിയും.

ആ ചമ്മന്തിക്കെന്തോ ഒരു പ്രത്യേക സ്വാദാണ് ..പിന്നെ സമോവറിന്റെ നൊസ്റ്റാള്‍ജിയ മുഴുവന്‍ ചേര്‍ത്ത ചായയും. ഒരുപിടി ബിരിയാണി, പിന്നാലെ ലേശം ചട്‌നി…..ആ രുചിയിലലിഞ്ഞില്ലാതാവുമ്പോ ജീവിച്ചിപ്പുണ്ടെന്നോര്‍മ്മിപ്പിക്കാന്‍ തൊണ്ടയ്ക്ക് സുഖമുളള ഒരു പൊള്ളല്‍ സമ്മാനിച്ച് ചായ..ആഹാഹാ..ഇതാണ് സ്വര്‍ഗ്ഗമെന്നറിയാതെ പറഞ്ഞു പോകും.

തലശ്ശേരിക്കാരോടൊക്കെ വല്ലാത്ത അസൂയ തോന്നി. ദിവസോം പാരീസ് ബിരിയാണി നുണയാന്‍ ഭാഗ്യം സിദ്ധിച്ച തലശേരിക്കാരെ കൊല്ലിക്കു പിടിച്ച് പുറത്താക്കാന്‍ തോന്നി. ഉച്ചയ്ക്കത്തെ ബിരിയാണി കഴിഞ്ഞപ്പോ വൈകിട്ടത്തെ സര്‍പ്രൈസ്..പാരീസില്‍ കയറി ഒരു ചായ കൂടി ആവാമെന്ന് കരുതിയപ്പോ, സ്‌നേഹത്തോടെ ഒരു ഉപ്പുമാവ് കൂടിയാകാമല്ലേ എന്ന ചോദ്യം..പിന്നെന്താ ആയിക്കോട്ടെ. പ്രിയ സുഹൃത്ത് വീണാ ഹരിയുടെ(ഇഷ്ടമുള്ളോരുടെ ഭാഷ കടമെടുക്കുന്നതൊരു ശീലമായിപ്പോയി) ഭാഷയില്‍ പറഞ്ഞാല്‍ മാരക ഉപ്പുമാവ് …ഒരു രക്ഷയുമില്ല..ഉപ്പുമാവിനൊക്കെ ഇത്രയും രുചിയുണ്ടെന്നറിയാന്‍ തലശ്ശേരി വരെ വരേണ്ടി വന്നല്ലോ തമ്പുരാനേ…എന്തായാലും ആദ്യ മയ്യഴി യാത്രയെന്ന നിരാശയുടെ പാണ്ടിലോറിയില്‍ക്കേറി ഞങ്ങള്‍ തിരികെ…തിരികെയുള്ള യാത്ര മുഴുവന്‍ നിരാശയുടെ കാരണമന്വേഷിച്ചു മനസ് തിത്തൈ തെയ്‌തെയ് പാടുകയായിരുന്നു. ഒടുവില്‍ കണ്ടെത്തി..കത്രീനേ …നിന്നോടാരാ പറഞ്ഞേ..സ്വന്തായിട്ട് മയ്യഴി വരച്ചിടാന്‍ …നിന്റെ മയ്യഴി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മയ്യഴി…യാഥാര്‍ത്ഥ്യ ബോധത്തോടെ മയ്യഴി കാണാന്‍ പോകൂ…ഉള്ളിലിരുന്നെന്നോടു തന്നെ കുറമ്പിയമ്മയോ അല്‍ഫോണ്‍സച്ചനോ ഒക്കെ പറയുന്നതു പോലെ തോന്നി..അങ്ങനെ മയ്യഴിയെ മയ്യഴിയായിക്കാണാന്‍ ഞാന്‍ വീണ്ടും പോയി..അക്കഥ അടുത്ത ദിവസം

(തുടരും)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here