Advertisement

മരിച്ച മകന്റെ ബീജത്തില്‍ നിന്ന് രണ്ട് വര്‍ഷത്തിന് ശേഷം ഇരട്ടക്കുട്ടികളുടെ അമ്മൂമ്മയായി രാജശ്രീ

February 15, 2018
Google News 0 minutes Read
jayasree

ക്യാന്‍സര്‍ ബാധിച്ച് മരിച്ച മകന്റെ ബീജത്തില്‍ നിന്ന് ഇരട്ടകുട്ടികളെ സ്വന്തമാക്കി ഒരമ്മ, അതും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം!! പൂനെയിലാണ് അത്യപൂര്‍വ്വ സംഭവം.  മകന്റെ വേര്‍പാടില്‍ ഉള്ളുരുകി കഴിയുന്ന അമ്മയ്ക്കിത് അപൂര്‍വ്വതയില്‍ വിരിഞ്ഞ ഇരട്ട  സന്തോഷം.

2016സെപ്തംബര്‍ മാസത്തിലാണ് രാജശ്രീയ്ക്ക് മകന്‍ പ്രതമേഷിനെ നഷ്ടമാകുന്നത്. മകന്റെ ഇരുപത്തിയേഴാം വയസ്സില്‍  മരണം എത്തിയത് ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു.2013ലാണ് പ്രതമേഷിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. മുബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു ചികിത്സ. അവസാനഘട്ടത്തിലാണ് രോഗം കണ്ടെത്തുന്നത്. എങ്കിലും ഏറെ പ്രതീക്ഷയോടെ മൂന്ന് കൊല്ലത്തോളം ചികിത്സ തുടര്‍ന്നു. എന്നാല്‍ സെപ്തംബര്‍ മൂന്നിന് പ്രതമേഷ് ജീവന്റെ തുടിപ്പിന്റെ പകുതി ഭൂമിയില്‍ അവശേഷിപ്പിച്ച് മറഞ്ഞു. മകന്റെ മരണ ശേഷം സഹോദരി ഏറെ ദുഃഖിതയായി, സംസാരം കുറഞ്ഞു, പ്രതമേഷിനായി മുടങ്ങാതെ അവള്‍ ഡൈനിംഗ് ടേബിളില്‍ ഭക്ഷണം വിളമ്പി. ഇതോടെയാണ് ബീജത്തില്‍ നിന്ന് പെട്ടെന്ന് കുഞ്ഞിന് ജന്മം നല്‍കാമെന്ന് തീരുമാനിച്ചതെന്ന് രാജശ്രീ പറയുന്നു. അമ്മ രാജശ്രീയെയും സഹോദരി ധ്യാന ശ്രീയെയും ആണ് മരണാനന്തരം ബീജമുപയോഗിക്കാന്‍ അവകാശപ്പെടുത്തിയിരിക്കുന്നത്.

മകന്റെ രോഗബാധിതനായി ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ച് നടക്കില്ലെന്ന് മനസിലായതോടെ രാജശ്രീയ്ക്ക് മകന്റെ ഓര്‍മ്മകള്‍ എങ്ങനെയെങ്കിലും ജീവിക്കുന്ന ഓര്‍മ്മകളായി തന്നെ തനിക്കൊപ്പം വേണമെന്ന ആഗ്രഹത്തിനും കനം വച്ചിരുന്നു.

prathamesh

ഈ ആഗ്രഹം പലകുറി രാജശ്രീ ഡോക്ടര്‍മാരുമായി പങ്കുവച്ചു. ജയശ്രീയുടെ ഈ അടങ്ങാത്ത ആഗ്രഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ ഡോക്ടര്‍മാരാണ് പ്രതമേഷിന്റെ ബീജങ്ങള്‍ സൂക്ഷിച്ച് വയ്ക്കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. അപ്പോഴെല്ലാം മകന്റെ കുഞ്ഞിന് താന്‍ തന്നെ ജന്മം നല്‍കാമെന്ന ധൈര്യത്തിലായിരുന്നു രാജശ്രീ.  മകന്റെ മരണശേഷം വിഷമങ്ങളില്‍ നിന്നെല്ലാം മനസ് അകന്ന് വന്നപ്പോള്‍ രാജശ്രീ ആദ്യം ചെയ്തത് ബീജം സൂക്ഷിച്ച് വച്ച ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഗര്‍ഭം ധരിക്കുന്നതില്‍ നിന്ന് പ്രായം രാജശ്രീയെ വിലക്കി. പക്ഷേ ആ വിഷമം കൂടി താങ്ങാന്‍ രാജശ്രീയ്ക്ക് ആവില്ലെന്ന് കണ്ടാകണം, ഒരു ബന്ധു പ്രതമേഷിന്റെ ബീജം ഗര്‍ഭത്തില്‍ പേറാനായി വാടക ഗര്‍ഭപാത്ര ദാതാവായി രംഗത്ത് വന്നു. ഐവിഎഫ് മാര്‍ഗ്ഗത്തിലൂടെയായിരുന്നു ചികിത്സ. എന്നാല്‍ ഇരട്ടി സന്തോഷമാണ് ജയശ്രീയെ കാത്തിരുന്നത്. കാരണം മകന്റെ ജീവന് രണ്ട് തുടിപ്പുകളാണ് ദൈവം നല്‍കിയത്. ഇരട്ട കുട്ടികള്‍!! ഒരാണും ഒരു പെണ്ണും.  തിരിച്ചെടുത്ത ഒരു ജീവന് പകരമായി രണ്ട് ജീവനുകള്‍!

മരിച്ച്പോയ മകന് രണ്ട് വര്‍ഷത്തിന് ശേഷം പിറന്ന കുഞ്ഞുങ്ങളുടെ അമ്മൂമ്മ, രാജശ്രീയെ ഇനി ലോകം അറിയുക ഈ വിശേഷണത്തോടെയാവും.ഫെബ്രുവരി 12നായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. എനിക്ക് എന്റെ മകനെ തിരിച്ച് കിട്ടിയെന്നാണ് രാജശ്രീ പ്രതികരിച്ചത്. മകന്റെ പേര് തന്നെയാണ് ആണ്‍കുഞ്ഞിന് രാജശ്രീ നല്‍കിയത്. പ്രീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്. ദൈവത്തിന്റെ സമ്മാനം എന്നാണ് പ്രീഷ എന്ന പേരിന്റെ അര്‍ത്ഥം.  മുകുന്ദ് നഗറിലെ അധ്യാപികയാണ് രാജശ്രീ. കുഞ്ഞുങ്ങളുടെ അമ്മൂമ്മയല്ല അമ്മ തന്നെയാണ് താനെന്നാണ് രാജശ്രീ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here