Advertisement

ശുഹൈബിന്റെ കൊലപാതകം; വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കി ഉത്തരമേഖലാ ഡിജിപിയുടെ നിര്‍ണായക വാര്‍ത്താസമ്മേളനം

February 19, 2018
Google News 0 minutes Read
press meet 1

രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ നിര്‍ണായക വാര്‍ത്താസമ്മേളനം നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപരമായി നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജേഷ് ദിവാന്റെ വാര്‍ത്താസമ്മേളനം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാലും അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനാലുമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേസിനെ കുറിച്ചും പോലീസ് അന്വേഷണത്തെ കുറിച്ചും രാജേഷ് ദിവാന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കി. അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യതോടെയാണ് അന്വേഷണം നടത്തുന്നതെന്നും പോലീസിനെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ വിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണ്. അവര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ട്. ഇതിനുപിന്നില്‍ എന്തെങ്കിലും ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പോലീസ് പുറത്തുകൊണ്ടുവരും. പോലീസിന് ഈ കേസില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളില്ല. ഏതൊരു കേസും ഏറ്റെടുക്കുന്നത് പോലെയാണ് ഈ കേസും പോലീസ് പരിഗണിക്കുന്നത്. അതിലേക്ക് രാഷ്ട്രീയം കയറ്റുന്നത് മറ്റ് ബാഹ്യശക്തികളാണ്. ഒരു സമ്മര്‍ദ്ദവുമില്ലാതെ പോലീസ് ഈ കേസ് പോലീസ് അന്വേഷിക്കും. പിടിയിലായിരിക്കുന്ന പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്. പതിനഞ്ചോളം പേരെയാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് അഭിപ്രായമുള്ളവര്‍ക്ക് നിയമപരമായി ഈ കേസ് മറ്റുള്ളവരെ ഏല്‍പ്പിക്കാം.

പ്രതികള്‍ കീഴടങ്ങിയതാണെന്ന വാര്‍ത്തകള്‍ ശരിയല്ല. പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ രണ്ട് യുവാക്കളും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എത്രപേരാണ് കൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളതെന്ന് വ്യക്തമല്ല. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടികൂടിയ പ്രതികള്‍ ഡമ്മി പ്രതികളാണെന്ന കോണ്‍ഗ്രസിന്റെ വാദം ഉത്തരമേഖലാ ഡിജിപി തള്ളികളഞ്ഞു.

മരണശേഷം മൊഴിയെടുക്കാന്‍ പോലീസ് എത്തിയില്ലെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ വാദവും രാജേഷ് ദിവാന്‍ തള്ളി. കേസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ശുഹൈബിന്റെ മാതാപിതാക്കളുടെ മൊഴി എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന് നിയമവ്യവസ്ഥയോടും ഭരണഘടനയോടും മാത്രമാണ് പ്രതിബദ്ധതയുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തങ്ങള്‍ക്ക് മമതയില്ലെന്നും ഏതൊരു കേസും ഏറ്റെടുത്ത് അന്വേഷിക്കുന്നതുപോലെ തന്നെയാണ് ഈ കേസും പോലീസ് അന്വേഷിക്കുന്നതെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here