Advertisement

ഇംഗ്ലീഷ് പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്ക്; സ്വപ്‌ന ഫൈനലില്‍ ക്രൊയേഷ്യ (2-1) ചിത്രങ്ങള്‍, വീഡിയോ സഹിതം

July 12, 2018
Google News 65 minutes Read

ഇംഗ്ലീഷ് പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്കുമായി ലൂക്കാ മോഡ്രിച്ചും സംഘവും റഷ്യന്‍ ലോകകപ്പിന്റെ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യയുടെ സ്വപ്‌നഫൈനല്‍ പ്രവേശനം. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ഫൈനലിലെത്തുന്നത്. 15-ാം തിയതി നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. 42 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ഫൈനല്‍ സ്വപ്‌നം കണ്ട ഇംഗ്ലീഷ് പടയുടെ മോഹങ്ങളെ തല്ലികെടുത്തിയാണ് ക്രൊയേഷ്യ ഫൈനലിലേക്കെത്തുന്നത്.

മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത് ഇംഗ്ലണ്ടായിരുന്നെങ്കിലും ക്രൊയേഷ്യ തളരാതെ പോരാടി. രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടി മത്സരം അധിക സമയത്തേക്ക് നീണ്ടു. അവിടെയും ക്രൊയേഷ്യ ആധിപത്യം നിലനിര്‍ത്തി. മത്സരത്തിന് ലോംഗ് വിസില്‍ മുഴങ്ങാന്‍ 10 മിനിറ്റ് മാത്രം ശേഷിക്കേ ക്രൊയേഷ്യയുടെ വിജയഗോളും പിറന്നു. ട്രിപ്പിയറിലൂടെയാണ് ഇംഗ്ലണ്ട് ഗോള്‍ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ ലീഡ് ഗോള്‍. എന്നാല്‍, കളം നിറഞ്ഞ് കളിച്ച ക്രൊയേഷ്യ എണ്ണം പറഞ്ഞ രണ്ട് ഗോളുകളിലൂടെ ഇംഗ്ലീഷ് പടയെ കെട്ടുകെട്ടിച്ചു. 68-ാം മിനറ്റില്‍ ഇവാന്‍ പെരിസിച്ചും 109 -ാം മിനിറ്റില്‍ മാരിയോ മാന്‍ഡ്‌സൂക്കിച്ചുമാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതി ഇങ്ങനെ:

ഇംഗ്ലണ്ടിന്റെ ടച്ചില്‍ മത്സരത്തിന് ആരംഭം.

We’re under way in Moscow! #CROENG // #WorldCup pic.twitter.com/DNZIgjy7Hf

— FIFA World Cup ? (@FIFAWorldCup) July 11, 2018

തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് മുന്നേറ്റം.

മോസ്‌കോയിലെ ആദ്യ ഗോള്‍ പിറക്കുന്നു; ഇംഗ്ലണ്ടിന് ആഘോഷം

അഞ്ചാം മിനിറ്റിലാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഗോള്‍. ബോക്‌സിനു തൊട്ടുവെളിയില്‍ ഡെലെ അലിയെ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് വീഴ്ത്തുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീകിക്ക്. കീറെന്‍ ട്രിപ്പിയറിന്റെ ഫ്രീകിക്ക് ഷോട്ട് ക്രൊയേഷ്യയുടെ നെഞ്ചത്ത്. ക്രൊയേഷ്യയുടെ പ്രതിരോധനിരയും ഉരുക്കുകോട്ടയായ ഗോളി സുബാസിച്ചും ട്രിപ്പിയറിന്റെ ഷോട്ടില്‍ ഫിനിഷ്!!! പന്ത് ഗോള്‍ വലയില്‍…

മത്സരം 10 മിനിട്ടുകള്‍ പിന്നിടുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ക്രൊയേഷ്യന്‍ താരങ്ങളുടെ ശ്രമം. മോഡ്രിച്ച് – പെരിസിച്ച് – റെബിച്ച് ത്രയങ്ങളുടെ മുന്നേറ്റം ക്രൊയേഷ്യയ്ക്ക് ജീവനേകുന്നു.

മത്സരം 20 മിനിട്ടുകള്‍ പിന്നിടുന്നു. പന്ത് കൈവശം വെക്കുന്നതില്‍ ക്രൊയേഷ്യ ആധിപത്യം പുലര്‍ത്തുന്നു. എന്നാല്‍, ഗോള്‍ നേടാന്‍ സാധിക്കുന്നില്ല. പ്രതിരോധം ശക്തിപ്പെടുത്തി ഇംഗ്ലണ്ട്.

30-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആക്രമണം. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നു ഇംഗ്ലീഷ് നിരയ്ക്ക്. ക്യാപ്റ്റന്‍ ഹാരി കെയ്‌ന് ലക്ഷ്യം തെറ്റുന്ന കാഴ്ച. 32-ാം മിനിറ്റിലും 33-ാം മിനിറ്റിലും ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റം. ലൂക്കാ മോഡ്രിച്ചും റെബിച്ചും ഇംഗ്ലണ്ടിന്റെ പോസ്റ്റിലേക്ക് കുതിക്കുന്നു. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡ് ഗോള്‍ സാധ്യതകളെ തട്ടിയകറ്റുന്നു.

40 മിനിറ്റുകള്‍ പിന്നിടുന്നു മത്സരം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം കളിയിലും വാക്കേറ്റത്തിലും.

45-ാം മിനിറ്റില്‍ റാകിടിച്ചിലൂടെ ക്രൊയേഷ്യയുടെ മുന്നേറ്റം. ഇംഗ്ലണ്ട് പ്രതിരോധം കൂടുതല്‍ ശക്തമാകുന്ന കാഴ്ച.

ആദ്യ പകുതിക്ക് ഒരു മിനിറ്റ് അധിക സമയം. ഗോള്‍ നേടാനാകാതെ ക്രൊയേഷ്യ. ട്രിപ്പിയറിന്റെ ഫ്രീകിക്ക് ഗോളില്‍ ആദ്യ പകുതി അവസാനിക്കുമ്പോല്‍ ഇംഗ്ലണ്ട് ലീഡ് ചെയ്യുന്നു.

രണ്ടാം പകുതിയിലെ കണക്കുകള്‍ ഇങ്ങനെ:

സമനില ഗോള്‍ കണ്ടെത്താനായി ക്രൊയേഷ്യയുടെ ശ്രമം. സമ്മര്‍ദം കുറക്കാന്‍ സാധിക്കാതെ ക്രൊയേഷ്യന്‍ താരങ്ങള്‍. 51-ാം മിനിറ്റില്‍ മാന്‍ഡ്‌സൂക്കിച്ചിന് മഞ്ഞ കാര്‍ഡ്.

കളിക്കളത്തില്‍ ഇംഗ്ലണ്ട് അതിവേഗം മുന്നേറുന്നു. ഇംഗ്ലണ്ട് താരങ്ങളുടെ വേഗത്തിനൊപ്പം എത്താന്‍ സാധിക്കാതെ ക്രൊയേഷ്യന്‍ താരങ്ങള്‍. ഇംഗ്ലണ്ട് ഡിഫന്റര്‍ വാള്‍ക്കറിന് മഞ്ഞ കാര്‍ഡ് ലഭിക്കുന്നു.

57-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ട്രിപ്പിയര്‍ നല്‍കിയ പാസ് ഹെഡറിലൂടെ ഗോള്‍ പോസ്റ്റിലെത്തിക്കാന്‍ ഹാരി കെയ്‌ന്റെ മികച്ച ശ്രമം. എന്നാല്‍, ക്രൊയേഷ്യന്‍ പ്രതിരോധം ഗോള്‍ സാധ്യത തട്ടിയകറ്റുന്നു.

തുടരെ തുടരെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ക്രൊയേഷ്യയുടെ റെബിച്ച്. എന്നാല്‍, സമനില ഗോളിലേക്ക് വഴിയൊരുങ്ങുന്നില്ല. മത്സരം 60 മിനിറ്റുകള്‍ പിന്നിടുന്നു.

63-ാം മിനിറ്റില്‍ സ്റ്റെര്‍ലിംഗിന് മികച്ച അവസരം ലഭിക്കുന്നു. അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ ഇംഗ്ലീഷ് താരം.

കാത്തിരിപ്പിന് അവസാനം…ക്രൊയേഷ്യ തിരിച്ചടിച്ചു…പെരിസിച്ച് രക്ഷകനായി

ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് നേടിയ ലീഡിന് രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ. തുടരെ തുടരെയുള്ള മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടത് 68-ാം മിനിറ്റില്‍. സിമെ വ്രസാൽകോയുടെ അത്യുഗ്രൻ ക്രോസിന് അതിലേറെ സുന്ദരമായി ഗോളിലേക്ക് വഴികാട്ടി ഇവാൻ പെരിസിച്ച്.

പെരിസിച്ചിന്റെ പൂഴിക്കടകന്‍ ഗോള്‍!!! ഹെഡറിന് വേണ്ടി വായുവില്‍ പൊന്തിയ പെരിസിച്ച് എല്ലാവരെയും കബളിപ്പിച്ച് കാലുകൊണ്ട് പന്ത് തട്ടി ഇംഗ്ലീഷ് ഗോള്‍വല കുലുക്കുന്നു. സമനില ഗോള്‍ ക്രൊയേഷ്യയ്ക്ക് ജീവന്‍ നല്‍കുന്നു.

സമനില ഗോള്‍ നേടിയ ശേഷം ക്രൊയേഷ്യ തനിരൂപം പുറത്തെടുത്തു. ഇംഗ്ലീഷ് പോസ്റ്റിനെ നിരന്തരം വിറപ്പിക്കുന്ന മുന്നേറ്റം. ഇവാന്‍ പെരിസിച്ച് കളം നിറഞ്ഞ് കളിക്കുന്ന കാഴ്ചയില്‍ ഇംഗ്ലണ്ട് പ്രതിരോധം ആടിയുലഞ്ഞു. 72-ാം മിനിറ്റില്‍ വീണ്ടും പെരിസിച്ചിലൂടെ ക്രൊയേഷ്യയുടെ മുന്നേറ്റം. നിര്‍ഭാഗ്യം!! പന്ത് ക്രോസ് ബാരില്‍ തട്ടി തെറിക്കുന്നു. പന്ത് റെബിച്ചിന്റെ കാലിലേക്ക്. ലക്ഷ്യം കാണാതെ റെബിച്ചിന്റെ ഷോട്ട് ഇംഗ്ലീഷ് കീപ്പറുടെ കയ്യില്‍ ഭദ്രം.

മറുവശത്ത് ഇംഗ്ലണ്ടിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ മാത്രം. ക്രൊയേഷ്യയുടെ സമ്പൂര്‍ണ ആധിപത്യം. 83-ാം മിനിറ്റിലും പെരിസിച്ചിലൂടെ ക്രൊയേഷ്യന്‍ മുന്നേറ്റം. വീണ്ടും പെരിസിച്ചിന് നിര്‍ഭാഗ്യം പ്രതിരോധം തീര്‍ത്തു!!!

ക്രൊയേഷ്യന്‍ ആരാധകര്‍ സന്തോഷത്തില്‍. ഇംഗ്ലണ്ടിന് ചങ്കിടിപ്പ്…

മത്സരം നിശ്ചിത 90 മിനിറ്റ് പൂര്‍ത്തിയാകുന്നു. മൂന്ന് മിനിറ്റ് അധിക സമയം അനുവദിക്കപ്പെടുന്നു. എക്‌സ്ട്രാ ടൈമില്‍ ട്രിപ്പിയറിലൂടെ മറ്റൊരു ഫ്രീകിക്ക്. ഹാരി കെയ്‌ന്റെ അലക്ഷ്യമായ ഷോട്ട് പുറത്തേക്ക്. കെയ്ന്‍ ആരാധകരും നിരാശയില്‍. പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ ഇംഗ്ലീഷ് നായകന്‍.

സമയം പൂര്‍ത്തിയാകുന്നു. വിജയികളെ നിശ്ചയിക്കാന്‍ മത്സരം അധിക സമയത്തേക്ക്. 30 മിനിറ്റിന്റെ കടമ്പ കൂടി…ക്രൊയേഷ്യയുടെ തുടര്‍ച്ചയായുള്ള മൂന്നാം അധികസമയ മത്സരം.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി ആരംഭിക്കുന്നു: 

എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലണ്ട് കുറച്ചുകൂടി നന്നായി പന്ത് തട്ടുന്ന കാഴ്ച. 98-ാം മിനിറ്റില്‍ സ്റ്റോന്‍സിലൂടെ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. സ്റ്റോന്‍സിന്റെ അപകടകരമായ ഹെഡര്‍ മറ്റൊരു ഹെഡറിലൂടെ വ്രസാല്‍ഗോ തട്ടിയകറ്റുന്നു. ക്രൊയേഷ്യ ആശ്വസിക്കുന്നു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി പൂര്‍ത്തിയാകാന്‍ മിനിറ്റുകള്‍ ശേഷിക്കേ ക്രൊയേഷ്യയുടെ തുടരെതുടരെയുള്ള ആക്രമണം. പെരിസിച്ചും മാന്‍ഡ്‌സൂക്കിച്ചും ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നു. എന്നാല്‍, ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡ് ഉറച്ച മതിലാകുന്നു. ഗോള്‍ സാധ്യതകളെ തട്ടിയകറ്റി ഇംഗ്ലീഷ് പ്രതിരോധം.

മത്സരം എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലേക്ക്. ഇരു ടീമുകള്‍ക്കും അവസാന 15 മിനിറ്റ്!! സമനില കുരുക്ക് അഴിക്കാന്‍ നിര്‍ണായകമായ 15 മിനിറ്റ് മാത്രം…

109-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ പിറക്കുന്നു!!! അവിശ്വസനീയം മോസ്‌കോ…

മാരിയോ മാന്‍ഡ്‌സൂക്കിച്ച് ക്രൊയേഷ്യയുടെ ‘സൂപ്പര്‍ മാരിയോ’ ആകുന്ന കാഴ്ച.

ഇവാൻ പെരിസിച്ചിന്റെ പാസിൽനിന്ന് മാന്‍ഡ്‌സൂക്കിച്ചിന്റെ തകർപ്പൻ ക്ലോസ്റേഞ്ചർ…

ക്രൊയേഷ്യയുടെ രണ്ടാം ഗോളിന് മറുപടി നല്‍കാന്‍ കഴിയാതെ ഇംഗ്ലണ്ട്. ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ ക്രൊയേഷ്യ സ്വപ്‌നതുല്യമായ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുന്നു…ഇംഗ്ലീഷ് ആരാധകര്‍ കണ്ണീരൊഴുക്കിയ നിമിഷം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here