Advertisement

വ്യാപാര യുദ്ധത്തിന് ശേഷം കറന്‍സി യുദ്ധമോ ??

September 6, 2018
Google News 1 minute Read

ഇന്ത്യന്‍ രൂപയുടെ വില മൂക്കുകുത്താന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെ ഉണ്ടായ മൂല്യത്തകര്‍ച്ച പ്രധാനമായും ആഭ്യന്തര കരണങ്ങളാലായിരുന്നു. ഇക്കാലയളവില്‍ രൂപക്കുണ്ടായത് 6% മൂല്യശോഷണം. എന്നാല്‍ ഇപ്പോഴത്തെ തകര്‍ച്ചക്ക് കാരണം രാജ്യാന്തര സാഹചര്യങ്ങള്‍ കൂടെയാണ്. വ്യാപാര യുദ്ധം, കയറുന്ന ക്രൂഡ് ഓയില്‍ വില, വിദേശ നിക്ഷേപത്തിന്റെ ഗതി തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍.
കറന്‍സി മൂല്യം കുറയുമ്പോള്‍ കയറ്റുമതി കൂടും, രാജ്യം വളരും എന്ന് വാദിക്കുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ ഉണ്ട്. കേന്ദ്രബാങ്കും ഇങ്ങനെ ചിന്തിച്ചു തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാന്യമായ വിദേശ നാണ്യ ശേഖരം ഉണ്ടായിട്ടും റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ നടത്തുന്നില്ല.

കറന്‍സി മൂല്യം കുറഞ്ഞാല്‍ കയറ്റുമതി കൂടുമെന്ന സാമാന്യ സാമ്പത്തികശാസ്ത്രം മുറുകെ പിടിക്കുന്നവര്‍ മറ്റു പല കണക്കുകളും കാണുന്നില്ല. അല്ലെങ്കില്‍ കണ്ടില്ല എന്ന് നടിക്കുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ കയറ്റുമതി വളര്‍ച്ച മുരടിപ്പില്‍ ആയിരുന്നു. ജിഡിപി കയറ്റുമതി അനുപാതം കുറഞ്ഞെന്നു കേന്ദ്രബാങ്ക് കണക്കുകള്‍ തന്നെ സമ്മതിക്കുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ മത്സര ക്ഷമത വളരെ കുറവാണ്. കഴിഞ്ഞ 5 വര്‍ഷങ്ങളുടെ കയറ്റുമതി വളര്‍ച്ച 1.7% ത്തില്‍ തന്നെയാണ്. ഇന്ത്യന്‍ ഉല്പന്നങ്ങളെക്കാള്‍ രാജ്യങ്ങള്‍ പരിഗണിക്കുന്നത് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങളും സേവനങ്ങളും തന്നെ.

രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച 1.7% ത്തില്‍ തട്ടിനില്‍ക്കുമ്പോള്‍ നിലവില്‍ കയറ്റുമതി കൂടുമെന്നു കരുതാന്‍ വയ്യ. മാത്രവുമല്ല രാജ്യത്തെ ഇറക്കുമതി ഗണ്യമായി കൂടിയിരിക്കുന്നു. അതുകൊണ്ടു തന്നെ വ്യാപാരക്കമ്മി 5 വരാഹങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലും. പോയ വര്‍ഷം ക്രൂഡ് വിലയില്‍ ഉണ്ടായ കുറവോ മറ്റു ആനുകൂല്യങ്ങളോ പോലും സ്വാധീനിക്കാനാവാതെ കറന്റ് അക്കൗണ്ട് കമ്മിയും ഉയര്‍ന്നു.

ഇനി മറ്റൊരു ഘടകം റിയല്‍ എഫക്റ്റീവ് എക്‌സ്‌ചേഞ്ച് റേറ്റ് അഥവാ ‘reer’ ആണ് . വിലക്കയറ്റം കൂടി പരിഗണിച്ചുള്ള വിദേശ നാണ്യ മൂല്യം ആണിത്. രൂപ 6% വിലയിടിവ് രേഖപ്പെടുത്തിയ കാലയളവില്‍ reer 3.9% ശതമാനമായിരുന്നു. അതായത് രാജ്യാന്തര വ്യാപാര രംഗത്ത് നമുക്ക് സ്ഥിതി മെച്ചപ്പെടുത്താനായില്ല. ബ്രസീലും റഷ്യയും മാത്രമാണ് ഇക്കാലയളവില്‍ മെച്ചപ്പെട്ട reer ഓടെ രാജ്യാന്തന്തര വിപണിയിലെ പ്രകടനം മെച്ചപ്പെടുത്തിയത്.

നിലവിലെ കറന്‍സി മാര്‍ക്കറ്റില്‍ സംഭവിക്കുന്നത് ഒരു കറന്‍സി യുദ്ധമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ മനഃപൂര്‍വം കറന്‍സി മൂല്യം കുറയ്ക്കുന്ന അവസ്ഥ. ഇന്ത്യയൊഴികെ മൂല്യശോഷണം സംഭവിക്കുന്ന രാജ്യങ്ങള്‍ ഇതു സ്വമേധയാ ചെയ്യുന്നെന്ന് കരുതേണ്ടിയിരിക്കുന്നു. മറ്റു രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ പലിശ ഉയര്‍ത്തുന്ന നയത്തിലേക്കു പോവുകയും ചെയ്യുന്നു. ഇത് ആഗോള വിപണികളിലെ വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ മാറ്റം വരുത്തും. ഇവിടെയും ഇന്ത്യന്‍ മൂലധനവിപണിയില്‍ നിന്നുള്ള തിരിച്ചൊഴുക്കിനുള്ള സാധ്യതയാണ് കാണുന്നത് .

കറന്‍സി വിപണിയില്‍ ഒരു കുറഞ്ഞ ഇടപെടല്‍ എങ്കിലും കേന്ദ്രബാങ്ക് നടത്തേണ്ടിയിരിക്കുന്നു. ഉയരുന്ന ക്രൂഡ് വിലയും രാജ്യത്തെ വിലക്കയറ്റവും പരിഗണിച്ചാല്‍ വീണ്ടുമൊരു പലിശ നിരക്കുയര്‍ത്തലിന്റെ സാധ്യതയാണ് കാണുന്നത്. പ്രായോഗിക സാമ്പത്തിക ശാസ്ത്രത്തിലെ ഒരു നയം ഒട്ടനവധി സ്വാധീന ശക്തികളാല്‍ ബന്ധിതമാണെന്നു മനസിലാക്കണം. പുസ്തകങ്ങളില്‍ പഠിച്ച എക്കണോമിക്‌സും യഥാര്‍ഥ സാഹചര്യങ്ങളില്‍ സംഭവിക്കുന്നതും തമ്മിലും വ്യതിയാനം ഉണ്ടാവാം. അതുകൊണ്ടുതന്നെ സിലബസിനപ്പുറമുള്ള സാമ്പത്തിക വിശകലനത്തിന് ശേഷിയുള്ള എക്കണോമിസ്റ്റുകളും വേണ്ടിയിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here