Advertisement

തച്ചങ്കരി പടിയിറങ്ങുമ്പോഴും പ്രതിസന്ധിയ്ക്ക് അയവില്ലാതെ കെ എസ് ആര്‍ ടി സി

January 31, 2019
Google News 1 minute Read

സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായെന്ന നേട്ടവുമായാണ് കെ എസ് ആര്‍ ടി സി എം ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരി പടി ഇറങ്ങുന്നത്. പരിഷ്‌കാര നടപടികളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചെങ്കിലും തച്ചങ്കരി യുഗം കെ എസ് ആര്‍ ടി സിയില്‍ വലിയ മാറ്റം ഉണ്ടാക്കിയിട്ടില്ല എന്നതാണ് വസ്തുത. 2018 ഏപ്രില്‍ പകുതിയോടെ ആണ് ടോമിന്‍ ജെ തച്ചങ്കരി കെ എസ് ആര്‍ ടി സിയുടെ അധിക ചുമതല ഏറ്റെടുക്കുന്നത്. ഒന്‍പത് മാസത്തിന് ഇപ്പുറം കളം ഒഴിയുമ്പോഴും കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധിക്ക് അയവില്ല. മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വന്ന നിരക്ക് വര്‍ധനയും, മണ്ഡല മകര വിളക്ക് സീസണില്‍ ഉണ്ടായ സ്വാഭാവിക നേട്ടവുമാണ് വരുമാനത്തില്‍ പ്രതിഫലിച്ചത് എന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് വ്യക്തമാക്കുന്നു. 2018 മെയ്, ഡിസംബര്‍ മാസങ്ങളില്‍ വരുമാനം 200 കോടി കടന്നപ്പോള്‍ പ്രളയം ബാധിച്ച ഓഗസ്റ്റില്‍ 171.3 കോടിയാണ് വരുമാനം. സ്വന്തമായി ശമ്പളം നല്‍കുന്ന ഈ മാസം ആകട്ടെ ഇതുവരെ വരുമാനം 164.6 കോടി രൂപയും. താത്കാലിക കണ്ടക്ടര്‍മരുടെ പിരിച്ചുവിടല്‍ മൂലം ഉണ്ടായ ആള്‍ ക്ഷാമം ഇനിയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഷെഡ്യൂളുകള്‍ വെട്ടി ചുരുക്കിയത് ബാധിച്ചത് ഗ്രാമ പ്രദേശങ്ങളിലുളള ജനങ്ങളെയാണ്.

Read More:തച്ചങ്കരിയെ മാറ്റിയതില്‍ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി

2017 നെ അപേക്ഷിച്ച് 2018-ല്‍ ശരാശരി പ്രതിദിനം 600 ഓളം ഷെഡ്യൂളുകള്‍ റദ്ദാക്കപ്പെട്ടതായും , ദിവസേന 3 ലക്ഷം യാത്രക്കാര്‍ കുറഞ്ഞതായുമാണ് കണക്ക്. ഇന്ധന ഉപയോഗത്തിലും, ശമ്പള ഇനത്തിലും ഉണ്ടായ കുറവും കടം തിരിച്ച് അടവില്‍ ലഭിച്ച ഇളവുമെല്ലാമാണ് കെ എസ് ആര്‍ ടി സി ചെലവ് കുറച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here