കേരളത്തിൽ വെടിക്കെട്ടപകടങ്ങൾ തുടർ കഥയാകുന്നു
കേരളചരിത്രത്തിൽ ഉണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നടന്നത്. പക്ഷേ കൊല്ലത്തുകാർക്ക് ഇത് പഴയ ഒരു ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. 1990 മാർച്ച് 24 ൻ പുലർച്ച മലനട പോരുവഴി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടവും ഇതിനോട് സമാനമായിരുന്നു. ഇന്ന് കൃത്യമായ കണക്കുകൾ പുറത്തു വന്നു. എന്നാൽ അന്നത്തെ അപകടത്തിൽ 26 പേർ മരിച്ചെന്നായിരുന്നു ഔദ്യോഗിക കണക്ക്. യഥാർത്ഥ്യം ഇതിലും എത്രയോ വലുതായിരുന്നു. അന്ന് ഉത്സവം കാണാനെത്തിയ പലരും ഒരു തെളിവു പോലും ബാക്കിവയ്ക്കാതെ കത്തിയമർന്നു പോയവരാണ്. മൃതദേഹത്തിന്റെ അവശിഷ്ടം പോലും ലഭിക്കാത്തതിനാൽ ആ മരണങ്ങൾ ഒന്നും കണക്കിൽപ്പെട്ടില്ല.
കേരളത്തിൽ ഇതിനു മിമ്പും വെടിക്കെട്ടപകടങ്ങൾ നടന്നിട്ടുണ്ട്. സംസ്ഥാനത്ത് 20 വർഷത്തിനിടയിൽ നടന്നത് 750 ഓളം വെടിക്കെട്ടപകടങ്ങൾ. ചെറുതും വലുമായ അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്രയൊക്കെ അപകടങ്ങൾ നടന്നിട്ടും, കാര്യമായ നടപടികൾ കൈകൊള്ളാനോ, സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല. കേരളത്തിൽ ഇതുവരെ നടന്ന വെടിക്കെട്ടപകടങ്ങളിൽ സ്ത്രീകൾ അടക്കം 400 ൽ അധികം പേർ മരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലാണ് ദുരന്തങ്ങൾ ഉണ്ടായത്. വെടിക്കെട്ടപകടങ്ങൾ കൂടുതലും സംഭവിച്ചത് തെക്കൻ ജില്ലകളിലാണ്.
കേരളത്തിൽ പ്രധാന വെടിക്കെട്ട് ദുരന്തങ്ങൾ:
1952 ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്‌ഫോടനം. മരണം 68
1978 തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
1984 തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
1987 തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
1987 തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് മരിച്ചു. മരണം 27
1988 തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10
1989 തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
1990 കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
1997 ചിയ്യാരം പടക്കനിർമാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
1998 പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തറി. മരണം 13
1999 പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
2006 തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
2016 കൊല്ലം പരവൂർ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണം 87 (പൂർണമല്ല)
ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here