പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് എം വിടണം; ഫ്രാന്‍സിസ് ജോര്‍ജ്

പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് എം വിട്ട് പുറത്തുവരണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ജോസഫ് മാണി ലയനം പൂര്‍ണ അര്‍ഥത്തില്‍ ഇന്നും സാധ്യമായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ സാധ്യതയും കരുത്തും മുന്നണി യോഗത്തില്‍ അവതരിപ്പിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ട്വന്റി ഫോറിനോട് പറഞ്ഞു.
കേരളകോണ്‍ഗ്രസ് എം-ല്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രതിസന്ധി മുതലെടുക്കാനാണ് ജനാധിപത്യ കേരളകോണ്‍ഗ്രസിന്റെ ശ്രമം. ലയനം ആത്മാര്‍ഥമായിരുന്നില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. എത്രയും വേഗം കേരളാ കോണ്‍ഗ്രസ് എം വിടുന്നതാണ് പിജെ ജോസഫിന് നല്ലതെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേർത്തു.
Read more: ഇടത് മുന്നണിയില്‍ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ഥിയായാല്‍ ഫ്രാന്‍സിസ് ജോർ ജിലൂടെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് അവസരം ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും. ഇടുക്കി സീറ്റിന് അവകാശവാദമുന്നയിക്കാന്‍ കഴിയില്ലെങ്കിലും പ്രതീക്ഷ കൈവിടുന്നില്ല പാര്‍ട്ടി.
ഇടത് മുന്നണി പ്രവേശനം സാധ്യമായ ശേഷം ആദ്യമെത്തുന്ന തിരഞ്ഞെടുപ്പായതിനാല്‍ അവസരം വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ ശ്രമം നടത്തുകയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഇടതുപക്ഷം കൂടി ഉള്‍പ്പെട്ട സഖ്യം എത്തുമെന്നും അതിന്റെ ഭാഗമായി നിലനില്‍ക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നും ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. മുന്നണിക്കുള്ളില്‍ ഇതുവരെ സീറ്റ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും, പാര്‍ട്ടിയെ പരിഗണിക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഫെബ്രുവരി പതിനൊന്നിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് നീക്കം.
കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ ഒന്ന് ലഭിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ അഭ്യന്തര കലഹം ഉണ്ടെന്നും, ആ പാര്‍ട്ടി ജനാധിപത്യ മര്യാദകള്‍ പാലിക്കുന്നില്ല എന്നഭിപ്രായമുള്ളവര്‍ പുനര്‍ചിന്തനം നടത്തി പുറത്തു വരണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചാല്‍ സീറ്റെന്ന ആവശ്യം ബലപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here