Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (ഫെബ്രുവരി 18 )

February 18, 2019
Google News 0 minutes Read

പെരിയ ഇരട്ടക്കൊലപാതകം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  

കാസര്‍കോട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരവാദികളുമായി ചർച്ചയില്ല; ഇനി നടപടിയ്ക്കുള്ള സമയം : നരേന്ദ്രമോദി

പുൽവാമ ഭീകരാക്രമണത്തിൽ തിരിച്ചടിക്കുള്ള സൂചന നൽകി നരേന്ദ്രമോദി. ഭീകരവാദികളുമായി ചർച്ചയില്ലെന്നും ഇനി നടപടിയ്ക്കുള്ള സമയമാണെന്നും പധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീവ്രവാദികൾക്കെതിരെയുള്ള നടപടി വൈകുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് മോദി പറഞ്ഞു. അർജന്റീന പ്രസിഡന്റ് മൗരീസിയോ മാക്‌രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി നയം വ്യക്തമാക്കിയത്. സംയുക്തമായ നടപടിയാണ് വേണ്ടതെന്ന് മൗരീസിയോ മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ചു.

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ ചോദ്യം ചെയ്യുന്നു. രണ്ട് മോട്ടോര്‍ സൈക്കിളുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷണത്തിനായി കര്‍ണാടക പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ; മുല്ലപ്പള്ളി

കാസര്‍കോട്ട് കൊല്ലപ്പെട്ട രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെ പി സി സി  അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെപിസിസി 10 ലക്ഷം രൂപ വീതം നല്‍കും.  കൊലപാതകം ഗൂഡാലോചന നടത്തിയാണെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു.

പെരിയയിലെ ഇരട്ടക്കൊല; കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് എഫ്ഐആര്‍

ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഎമ്മെന്ന് എഫ്ഐആര്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നും എഫ്ഐആര്‍ പറയുന്നു. കൊലപാതകത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നും എഫ്ഐആറിലുണ്ട്.  അന്വേഷണം തുടങ്ങിയതായി കണ്ണൂര്‍ റെയ്ഞ്ച് ഐജി വ്യക്തമാക്കി.

പുല്‍വാമയിലെ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച പുല്‍വാമയിലെ ഏറ്റമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു മേജര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്ന ആക്രമണത്തിലെ ചാവേറിനെ സഹായിച്ച മൂന്നംഗ സംഘം ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയാണ് തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പുല്‍വാമയില്‍ സ്ഫോടനം നടന്ന സ്ഥലത്തിന്റെ 13കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരച്ചിലില്‍ ഇവിടെ ഒരു ബഹുനില കെട്ടിടത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചത്.

ഇന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഹർത്താൽ

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കാസർകോട് ജില്ലയിൽ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കുൽഭൂഷൺ ജാദവ് കേസ്; വാദം നാളെ തുടരും

ഇന്ത്യന്‍ നാവിക സേനയുടെ മുന്‍ ഉദ്യോഗസ്ഥന്‍ കുൽഭൂഷൺ ജാദവ് കേസിൽ ഇന്നത്തെ വാദം തീർന്നു. വാദം നാളെ തുടരും. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് വാദം. ഇന്ത്യയ്ക്കായി ഹരീഷ് സാൽവെയാണ് വാദിക്കുന്നത്. ഇന്ത്യയ്ക്ക് മൂന്ന് മണിക്കൂറാണ് വാദിക്കാനായി നൽകുക. കുൽഭൂഷൺ ജാദവിനെതിരെ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here