ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍ ഇളക്കിമാറ്റി; ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷനും

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെയുള്ള രോഷം പലവിധത്തിലാണ് ഇന്ത്യയില്‍ പ്രകടമാകുന്നത്. പാക്കിസ്ഥാനെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രസ്താവനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയതിനു പിന്നാലെ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല സ്റ്റേഡിയത്തില്‍ നിന്നും പാക് താരങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്തു. മുന്‍ പാക്ക് ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്റെയടക്കം ചിത്രങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.
ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റേതായിരുന്നു തീരുമാനം. ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാകിസ്ഥാന്‍ താരങ്ങളുടെ എല്ലാ ഫോട്ടോകളും നീക്കം ചെയ്തതായും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും അസോസിയേഷന്‍ പറഞ്ഞു. നേരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ഇതേ രീതിയില്‍ പാക് താരങ്ങളുടെ ഫോട്ടോകള്‍ നീക്കം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാരുടെയും ഫോട്ടോകള്‍ ആണ് അധികൃതര്‍ മാറ്റിയത്. ഇവിടെയും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും നിലവിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ചിത്രവും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരോടുള്ള ആദരവ് കൊണ്ടാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് വിശദീകരണം.പാകിസ്ഥാന്‍ താരങ്ങളുടെ ഫോട്ടോകള്‍ എടുത്തു മാറ്റിയ നടപടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അപലപിച്ചിരുന്നു.
Read Also: ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പാക് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് ഇന്ത്യ
അതേ സമയം ഈ വര്‍ഷം നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഒഴിവാക്കാന്‍ സാധ്യതയില്ലെന്ന നിലപാടുമായി ഐസിസി ഇന്ന് രംഗത്തെത്തിയിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിക്കറ്റ് മത്സരത്തെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും നിലവിലെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നുമാണ് ഐസിസി സിഇഒ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here