Advertisement

വടിവാളുമായി നൃത്തം ചെയ്ത് ഇരട്ടക്കൊലക്കേസിലെ പ്രതികള്‍; വീഡിയോ പുറത്ത്

February 22, 2019
Google News 2 minutes Read

പെരിയയില്‍ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. അറസ്റ്റിലായ സജിയും ഗിജിനും വടിവാളുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ ഇരുവരും വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത്.

എച്ചിലടുക്കയിലെ കടയില്‍ നിന്നും വടിവാളുമായി ഇറങ്ങിവരുന്ന സജി, വടിവാള്‍ ഗിജിന് എറിഞ്ഞുകൊടുക്കുന്നത് ദൃശ്യത്തിലുണ്ട്. സിപിഐഎമ്മിന്റെ പ്രാദേശിക കമ്മിറ്റി ഓഫീസിന് സമീപത്താണ് ഈ കടയുള്ളത്. കടയുടെ പുറകില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് വടിവാള്‍ പിടിച്ചെടുത്തിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സജിയുടെ കട കത്തിച്ചിരുന്നു.

Read more: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു സജി ജോര്‍ജ്. കൊലപാതകത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലിലെടുത്ത സജിയുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനായി സജിയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സജി കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. സജിയും പീതാംബരനും തമ്മില്‍ അടുപ്പമുള്ളവരാണെന്നും പൊലീസ് പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അഞ്ച് പ്രതികളുടെ അറസ്റ്റ് പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. അശ്വിന്‍, സുരേഷ്, ഗിരിന്‍, ശ്രീരാഗ്, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. സിപിഐഎം അനുഭാവികളാണിവര്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അനിയും സുരേഷും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളാണ്. പീതാംബരന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊലനടത്തിയതെന്നും പൊലീസ് പറയുന്നു.

കേസിലെ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം ഉച്ചയോടുകൂടി കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പൊലീസ് കസ്റ്റഡിയിലുള്ള സജി ജോര്‍ജുമായി ഇന്നലെ പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here