വിമാനത്താവളം അദാനിക്ക് കൊടുക്കുന്നത് മോദിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനുവേണ്ടി; വി.എം.സുധീരന്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ഫണ്ട് സ്വരൂപിക്കുന്നതിനായി നരേന്ദ്ര മോദിയും കൂട്ടരും നടത്തുന്ന ഉപജാപത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഇതിനു വേണ്ടിയാണെന്നും വി എം സുധീരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടത്തിപ്പ് പോലും അദാനിയെ ഏല്‍പ്പിക്കുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുവെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും സുധീരന്‍ ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായുള്ള ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബിഡ്ഡില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാമതും, ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാമതുമെത്തി. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയാണുണ്ടാകുക.സിയാലിന്റെ പേരില്‍ ബിഡില്‍ പങ്കെടുക്കാനായിരുന്നു സംസ്ഥാനത്തിന്റെ ആദ്യ നീക്കം. പിന്നീടു തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. ഒടുവില്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണു ബിഡില്‍ പങ്കെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം, കൂടുതല്‍ തുക നിര്‍ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കില്‍പോലും തുക വര്‍ധിപ്പിക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ ബിഡില്‍ അതുണ്ടായില്ല. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നിവയുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാകും. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമതായി. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here