Advertisement

അഭിനന്ദന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമസേന

March 6, 2019
Google News 6 minutes Read

ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന  വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമസേന. നിലവില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ ഒരു സാമൂഹ്യ മാധ്യമങ്ങളിലും അഭിനന്ദന് അക്കൗണ്ട് ഇല്ലെന്ന് വ്യോമസേന വ്യക്തമാക്കി.

അഭിനന്ദന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നന്ദി പറഞ്ഞ ഉത്തര്‍പ്രദേശുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി അഭിനന്ദന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തരുതെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

നേരത്തെ, അഭിനന്ദന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് നന്ദി അറിയിച്ചുള്ള സന്ദേശം വന്നിരുന്നു. പ്രതിരോധമന്ത്രി അഭിനന്ദനെ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു നിര്‍മ്മല സീതാരാമനൊപ്പമുള്ള അഭിനന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം നടന്നത്.

അതേസമയം, പാക് തടവില്‍ നിന്നും അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിന് വര്‍ധമാന്റെ പേരില്‍ ബി.ജെ.പി ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചിരുന്നു.

Read Moreഅഭിനന്ദന്‍റെ ‘കൊമ്പന്‍ മീശ’ ഇനി ട്രെന്‍ഡ്

അഭിനന്ദന്‍ പാക് തടവില്‍ കഴിയുന്ന മാര്‍ച്ച് ഒന്നിന് രാവിലെ 9.30നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് ട്വിറ്ററില്‍ നിന്നും വ്യക്തമായത്. എന്നാല്‍ രാത്രിയോടെയാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.

നരേന്ദ്രമോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ‘അഭിമാനം തോന്നുന്നു’ എന്നു ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. മോദിയ്ക്ക് അഭിനന്ദന്‍ നന്ദി പറഞ്ഞുവെന്ന തരത്തില്‍ ബി.ജെ.പി വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.


കൂടാതെ പാക് സേനയേയും പാക്കിസ്ഥാനേയും പ്രകീര്‍ത്തിച്ചു കൊണ്ടും അഭിനന്ദന്റെ പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടും പ്രചരിച്ചിരുന്നു. ഫെബ്രുവരി 28നാണ് ഈ അക്കൗണ്ട് സൃഷ്ടിച്ചത്. പാക് സൈന്യത്തിന് അനുകൂലമായ പ്രചരണങ്ങളാണ് ഇതുവഴി നടത്തിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here