സംവിധായകൻ പ്രിയനന്ദനന് ഡൽഹിയിൽ ഭീഷണി, തലസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് സംഘ് പരിവാർ

ഡൽഹിയിൽ സംവിധായകൻ പ്രിയനന്ദൻ പങ്കെടുക്കാനിരുന്ന പരിപാടിയിൽ സംഘപരിവാർ അനുകൂലികളുടെ അതിക്രമവും ഭീഷണിയും.
ഡൽഹിയിലെ കേരളാ ക്ലബ് സാഹിത്യസഖ്യം പ്രിയനന്ദനുമായി നടത്താൻ തീരുമാനിച്ച സംവാദ പരിപാടിയാണ് സംഘപരിവാർ അനുകൂലികൾ അലങ്കോലപ്പെടുത്തിയത്. പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ സിനിമയുടെ ഭാഗമായാണ് സംവാദം നിശ്ചയിച്ചത്. എന്നാൽ ചർച്ചയുടെ ആമുഖം അവതരിപ്പിച്ചതിന് പിന്നാലെ ശബരിമല വിഷയത്തിൽ പ്രിയനന്ദൻ സ്വീകരിച്ച നിലപാടിനെ എതിർത്ത് 20ഓളം പേർ ചേർന്ന് ചർച്ച തടസ്സപ്പെടുത്തി.
കുഴപ്പമുണ്ടാക്കരുതെന്ന സംഘാടകരുടെ അഭ്യർത്ഥന ചെവികൊള്ളാൻ തയ്യാറാകാഞ്ഞ സംഘപരിവാറുകൾ സംഘാടകരെ കയ്യേറ്റവും ചെയ്തു. വിമാനം വൈകിയത് മൂലം പ്രിയനന്ദൻ ചർച്ചയ്ക്ക് എത്തിയിരുന്നില്ല. എത്തിയിരുന്നെങ്കിൽ പ്രിയനന്ദനെതിരെ ഭീഷണി ഉയർത്താൻ ആയിരുന്നു ഇവരുടെ നീക്കം.
സംവിധായകനെതിരെ ഇവർ കൊലവിളിയും നടത്തി. പ്രിയനന്ദനെ ദില്ലിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഫിലിം ഡിവിഷനിൽ നടക്കാനിരിക്കുന്ന സിനിമാ പ്രദർശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും വെല്ലുവിളിച്ചു.
നാളെ പ്രിയനന്ദനന്റെ ചലച്ചിത്രങ്ങളുടെ പ്രദർശനം ഡൽഹിയിൽ നടക്കാനിരിക്കയാണ്. ഇതിനെതിരെയും സംഘ്പരിവാറിന്റെ ഭീഷണിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here