വൈഎസ്ആറിന്റെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയിലും കുളിമുറിയിലും രക്തക്കറകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ എം വി കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹത്തില്‍ തലയില്‍ മുന്‍ഭാഗത്തും പിന്നിലുമായി മുറിവുകളുണ്ട്. മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് പുറത്ത് വരേണ്ടതുണ്ടെന്നും റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു.

വൈഎസ് ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡി പാര്‍ട്ടിയില്‍ നിന്നും വിട്ടു നിന്നിരുന്നു. പിന്നീട് വിഷയങ്ങള്‍ പരിഹരിച്ചാണതിരിച്ചെത്തിയത്. 68 കാരനായ വിവേകാനന്ദ റെഡ്ഡിക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top