ഇന്നത്തെ പ്രധാന വാർത്തകൾ

സംസ്ഥാനം വെന്തുരുകുന്നു; കർശന നിർദ്ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

കൊടുംചൂടിൽ സംസ്ഥാനം വെന്തുരുകുമ്പോൾ കർശന സുരക്ഷാ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.സംസ്ഥാനത്തെ 12 ജില്ലകളിലും രാവിലെ 11 മണിക്ക് ശേഷം പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ ഇന്നലത്തെ ചൂട് 41 ഡിഗ്രിയാണ്.പുറത്തിറങ്ങുന്നവരോട് 11 മണിക്ക് മുൻപ് വെയിലത്ത് നിന്ന് കയറണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

 

ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ് സര്‍ക്കുലര്‍

ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനവകുപ്പ് സര്‍ക്കുലര്‍. ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള തിയതി 27 വരെയായി പരിമിതപ്പെടുത്തി. മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ സ്വീകരിച്ചിരുന്ന ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ്. സാമ്പത്തിക വര്‍ഷാവസാന ദിവസം അര്‍ദ്ധരാത്രിവരെ ട്രഷറി പ്രവര്‍ത്തിക്കുന്ന പതിവു രീതി ഇക്കുറിയുണ്ടാവില്ല.

 

വയനാട് സീറ്റില്‍ തീരുമാനം നാളെ; കര്‍ണ്ണാടകയിലും രാഹുലിനെ പരിഗണിക്കുന്നു 

രാഹുലിന്റെ രണ്ടാം സീറ്റ്‌ സംബന്ധിച്ച അന്തിമതീരുമാനം  നാളെയ്ക്കകം അറിയാം.  കേരളത്തിൽ നിന്നോ കർണ്ണാടകയിൽ നിന്നോ മത്സരിക്കുന്ന കാര്യമാണ് പരിഗണനയിൽ ഉള്ളത്.  വയനാട് സീറ്റിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

 

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; റോഷനോടൊപ്പം സ്വമേധയാ പോയതാണെന്ന് പെണ്‍കുട്ടി

ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി.  പെണ്‍കുട്ടിയെ കാണാതായി ഒമ്പതാം ദിവസമാണ് ഇപ്പോള്‍ പോലീസ്  ഇവരെ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കിയത്.   മുബൈയിലെ ഒരു  ചേരിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

 

സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ; പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു

സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ പറത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. സംഭവം അന്വേഷിക്കാൻ ശംഖുമുഖം എസിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി. കോവളത്തും പൊലീസ് ആസ്ഥാനത്തും ആയിരുന്നു സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ ശ്രദ്ധയിൽപെട്ടത്.

 

 

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top