മാണ്ഡ്യയിൽ അപരശല്യം രൂക്ഷമാകുന്നു; ഇതു വരെ പത്രിക നൽകിയത് നാല് സുമലതമാർ

ബിജെപി പിന്തുണയോടെ കർണാടകത്തിലെ മാണ്ഡ്യയിൽ മത്സരിക്കുന്ന നടി സുമലതയ്ക്ക് അപരശല്യം തലവേദനയാകുന്നു. സുമലതയ്‌ക്കെതിരെ വേറെ മൂന്ന് സുമലതമാരാണ് മത്സരിക്കുന്നത്. മൂന്നുപേരും സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് നാമനിർദ്ദേശ പത്രിക നൽകിയിരിക്കുന്നത്. മാണ്ഡ്യ, രാമനഗരം ജില്ലകളിൽനിന്നുള്ളവരാണ് മറ്റു മൂന്ന് സുമലതമാരും. മൂന്ന് സുമലതമാർ എതിരെ മത്സരിക്കുന്നത് യഥാർത്ഥ സുമലതയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നുറപ്പാണ്.
Read Also; അംബരീഷിന്റെ പാരമ്പര്യം തുടരും, മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാവും: സുമലത
അന്തരിച്ച കോൺഗ്രസ് നേതാവും എംപിയുമായിരുന്ന അംബരീഷിന്റെ ഭാര്യ സുമലത നേരത്തെ ഇവിടെ സീറ്റ് വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഈ സീറ്റ് ജെഡിഎസിന് നൽകുകയായിരുന്നു. ജനതാദൾ നേതാവും കർണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയാണ് ഇവിടെ ജെഡിഎസ് സ്ഥാനാർത്ഥി. മാണ്ഡ്യയിൽ സ്ഥാനാർത്ഥിയെ നിർത്താതെ ബിജെപി സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മാണ്ഡ്യയിൽ കടുത്ത പോരാട്ടം ഉറപ്പിച്ചിരിക്കെയാണ് സുമലതയ്‌ക്കെതിരെ അപരസ്ഥാനാർത്ഥികൾ രംഗത്തു വന്നിരിക്കുന്നത്.
Read Also;മാണ്ഡ്യയിൽ സുമലതയ്ക്ക് ബിജെപി പിന്തുണ
അംബരീഷിന്റെ ഭാര്യ സുമലതയ്ക്ക് പത്താംക്ലാസാണ് യോഗ്യത. മറ്റുള്ള രണ്ട് സുമലതമാരിൽ രണ്ടു പേർ ഏഴ്,എട്ട് ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും കനകാപുര സ്വദേശിയായ മറ്റൊരു സുമലത എംഎസ്‌സി ബിരുദധാരിയുമാണ്. അതേ സമയം എതിരാളികൾ പരാജയ ഭീതികൊണ്ടാണ് അപര സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുന്നതെന്നും ഇത്തരം മോശമായ നടപടികൾക്കെതിരെ ജനങ്ങൾ തന്നെ വിധിയെഴുതുമെന്നും നടി സുമതല പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here