Advertisement

ഏപ്രില്‍ ഒന്നു മുതല്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു

March 30, 2019
Google News 1 minute Read

ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ലേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്ലേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം.

രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റംവരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ലാസ് മാറേണ്ടിവന്നാല്‍ പുതിയ സ്റ്റിക്കറിനു അംഗീകൃത സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം. നമ്പര്‍പ്ലേറ്റുകള്‍ക്ക് നിശ്ചിത അളവ് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ മോഡല്‍ അനുസരിച്ച് ഇവ ഘടിപ്പിക്കേണ്ട പ്രതലത്തില്‍ വ്യത്യാസമുണ്ട്.

സാധാരണ നമ്പര്‍ പ്ലേറ്റുകള്‍ സ്‌ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരുതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. ഹോളോഗ്രാം മുദ്ര മറ്റൊരു പ്രത്യേകതയാണ്. നമ്പര്‍ പ്ലേറ്റുകള്‍ക്കു ഏകീകൃതസ്വഭാവം കൊണ്ടുവരാനും പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും. വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കിയാലേ നമ്പര്‍പ്ലേറ്റ് ലഭിക്കൂ.

Read Also : ഗതാഗത കുരുക്കിന്റെ വിവരങ്ങള്‍ ഇനി മൊബൈലിലുമെത്തും

പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമല്ല. എന്നാല്‍, താല്‍പര്യമുള്ളവര്‍ക്ക് ഘടിപ്പിക്കാം. പുതിയ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിലവില്‍ വരുന്നത് ദേശീയതലത്തില്‍തന്നെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃതരൂപം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ എല്ലാ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വേണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇതില്‍ പഴയ വാഹനങ്ങളും ഉള്‍പ്പെടുമെങ്കിലും തല്‍കാലം പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കില്ല. എന്നാല്‍, ഭാവിയില്‍ ഘടിപ്പിക്കേണ്ടിവരുമെന്ന സൂചനയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നല്‍കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here