പൊന്നാനിയിൽ എ വിജയരാഘവന്റെ കോലം കത്തിച്ച് പ്രതിഷേധം

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ പൊന്നാനിയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രവർത്തകർ എ വിജയരാഘവന്റെ കോലം കത്തിച്ചു. ഇന്നലെ പൊന്നാനിയിൽ എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ രമ്യയ്ക്കെതിരെ മോശം പരാമർശം നടത്തിയത്.
Read Also; വിവാദ പരാമര്‍ശം; എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി
ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം. പരാമർശം വിവാദമായതോടെ വിശദീകരണവുമായി വിജയരാഘവൻ രംഗത്തെത്തിയിരുന്നു.രമ്യയെ കാണുന്നത് സഹോദരിയെപ്പോലെയാണെന്നും രമ്യയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് വിജയരാഘവൻ വ്യക്തമാക്കിയത്. അതേ സമയം തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ഇത്തരമൊരു പ്രസ്താവനയിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ അതൃപ്തി അറിയിച്ചിരുന്നു.
വിവാദ പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പരാതി നൽകിയിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പിക്കാണ് രമ്യ പരാതി നൽകിയത്. സംഭത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് പരാതി നൽകിയതെന്ന് രമ്യ പറഞ്ഞു. നിയമപരമായ വശങ്ങളിലൂടെ മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എത്ര വലിയ നേതാവായാലും ആർക്കെതിരെ ആയാലും വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. പരാമർശം ആസൂത്രിതമായ നീക്കത്തിന്റെ ഫലമാണ്. വനിതാ കമ്മീഷൻ പോലും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും രമ്യ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here