ഫ്രാങ്കോയ്‌ക്കെതിരായ കേസ്; കുറ്റപത്രം വൈകുന്നതിനെതിരെ പരാതി

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പരാതി. അന്വേഷണ സംഘത്തിനെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. കെസിആർഎം
ആണ് പരാതി നൽകിയത്. കുറ്റപത്രം വൈകിക്കുന്നത് കുറ്റകൃത്യമെന്ന് പരാതി. ആക്ഷൻ കൗൺസിൽ സമരം പ്രഖ്യാപിച്ചന് പിന്നാലെയാണ് പരാതി.

നേരത്തെ കുറ്റപത്രം വൈകുന്നതിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റിന് ശേഷം അഞ്ച് മാസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു.

Read Also : ഫ്രാങ്കോ മുളയ്ക്കലിൻറെ സഹായിയെ കള്ളപ്പണവുമായി എൻഫോഴ്‌സ്‌മെൻറ് പിടികൂടി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ FIR രജിസ്റ്റര്‍ ചെയ്തിട്ട് 8 മാസം പിന്നിട്ടു. കേസില്‍ കുറ്റപത്രം തയ്യാറായെങ്കിലും ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം അകാരണമായി വൈകിക്കുന്നതിനാല്‍  ക്രമിനല്‍ നിയമപ്രകാരം  അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷ്, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നിയമം 173 A പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ബലാത്സംഗ പരാതിയില്‍ കുറ്റപത്രം വൈകിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു. കുറ്റപത്രം വൈകുന്നതിനെതിരെ സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ സമരം പ്രഖ്യാപിച്ചിരുന്നു. നാളെയാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. കേസ് അട്ടിമറിക്കാനും സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കാനും ശക്തമായ ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നാണ് കോട്ടയം എസ്പിക്ക് ലഭിച്ച പരാതിയിന്മേല്‍ ജലന്ധര്‍ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ഉള്‍പ്പെടെ 25 ദിവസം ജയില്‍വാസം അനുഭവിച്ച ഫ്രാങ്കോ ഒക്ടോബര്‍ 16ന് ജാമ്യത്തിലിറങ്ങി. അറസ്റ്റിനുശേഷം അഞ്ചരമാസം പിന്നിട്ടിട്ടും കേസില്‍ കുറ്റപത്രം നല്‍കിയില്ല. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഡിജിപിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top