ബ്യൂട്ടി പാർലർ വെടിവയ്പ്പ്; സൂത്രധാരൻ അൽത്താഫ് അറസ്റ്റിൽ

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന്റെ സൂത്രധാരൻ അൽതാഫ് അറസ്റ്റിൽ. ആലുവയിലെ ഹോട്ടലിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കൃത്യത്തിന് കൊച്ചിയിൽ സൗകര്യങ്ങൾ ഒരുക്കിയത് അൽതാഫാണെന്ന് പൊലീസ് പറഞ്ഞു.
വെടിവയ്ക്കാൻ ഉപയോഗിച്ചത് നാടൻ തോക്കുകളെന്നാണ് സൂചന. ഒരു പിസ്റ്റളും ഒരു റിവോൾവറും കണ്ടെടുത്തു. ഇവ ബാലിസ്റ്റിക് പരിശോധനയ്ക്ക് വിധേയമാക്കും. വെടിവച്ചവർക്ക് കാസർകോട്ടുളള ഗുണ്ടാസംഘം വാഗ്ദാനം ചെയ്തത് ഒരു കോടി രൂപയാണ്. എന്നാൽ 50,000 മാത്രമാണ് ലഭിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്തിയ കേസിൽ രണ്ടുപേർ ക്രൈംബ്രാഞ്ചിൻറെ പിടിയിലായിരുന്നു. എറണാകുളം ജില്ലക്കാരായ ബിലാൽ, വിപിൻ വർഗീസ് എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുള്ളവരാണ് പ്രതികൾ. രവി പൂജാരിയുടെ സംഘം ബന്ധപ്പെട്ടത് കാസർകോടുള്ള ഗുണ്ടാസംഘം വഴിയാണ്. കേസിൽ നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനു നേരെ 2018 ഡിസംബർ 15നാണു ബൈക്കിലെത്തിയ 2 പേർ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിയുതിർത്തത്. വെടിവയ്പിന് ഒരുമാസം മുൻപു നടി ലീനയെ ഫോണിൽ വിളിച്ചു രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിനു നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here