ഡൽഹിയിൽ ആം ആദ്മി സഖ്യമില്ല; ഏഴ് സീറ്റിലും കോൺഗ്രസ് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റിലും മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് തീരുമാനം. ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് 4 സീറ്റ് വരെ നൽകാൻ ധാരണയായിരുന്നെങ്കിലും ഹരിയാനയിൽ സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സഖ്യചർച്ചകൾ പരാജയപ്പെട്ടത്. ഡൽഹിയിലെ സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് നാളെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
Read Also; ഡൽഹിയിലെ സഖ്യത്തിൽ കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി
ഡൽഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് നിരവധി തവണ കോൺഗ്രസും ആം ആദ്മി പാർട്ടിയും ചർച്ചകൾ നടത്തിയെങ്കിലും ധാരണയിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ആം ആദ്മിപാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തുവരുകയും ചെയ്തിരുന്നു. ഡൽഹിയിൽ സഖ്യം ഉണ്ടാക്കുന്നതിൽ നിന്നും അരവിന്ദ് കെജ്‌രിവാൾ മലക്കം മറിഞ്ഞെന്നാണ് രാഹുൽ കുറ്റപ്പെടുത്തിയത്.
Read Also; ഡൽഹിയിലെ സഖ്യ ചർച്ചയിൽ ആംആദ്മി ആത്മാർത്ഥത കാണിച്ചില്ലെന്ന് കെ.സി വേണുഗോപാൽ
സഖ്യത്തിനായി കോൺഗ്രസ് ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും എന്നാൽ സമയം പോയിക്കൊണ്ടിരിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. സഖ്യത്തിനുള്ള അവസാനശ്രമമെന്ന നിലയിൽ രാഹുൽ നടത്തിയ നീക്കവും ഫലം കാണാതെ വന്നതോടെയാണ് ഡൽഹിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പറിയിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് രംഗത്തു വന്നിരുന്നു.
Read Also; ഡല്‍ഹിയില്‍ ആം ആദ്മി സഖ്യം കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കുമെന്ന് ഷീല ദീക്ഷിത്
എന്നാൽ മുഴുവൻ ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരും ആംആദ്മി സഖ്യത്തിന് അനുകൂലമായി നിന്നതോടെ കോൺഗ്രസ് സഖ്യത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു. ഡൽഹിയിലെ പാർട്ടി പ്രവർത്തകരുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ഭൂരിഭാഗം പേരും സഖ്യത്തെ അനുകൂലിച്ചിരുന്നു. ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസും ഒന്നിച്ചു നിന്നാൽ ഏഴ് സീറ്റിലും ബിജെപിയെ തോൽപ്പിക്കാനാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കൂടി ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹരിയാനയിൽ ആം ആദ്മിക്ക് സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നതോടെ ഡൽഹിയിലെ സഖ്യചർച്ചകൾ പരാജയപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here