റസലിനെ പിടിച്ചു കെട്ടി; സൺ റൈസേഴ്സിന് 160 റൺസ് വിജയ ലക്ഷ്യം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺ റൈസേഴ്സിന് 160 റൺസ് വിജയലക്ഷ്യം. സ്ലോഗ് ഓവറുകളിൽ ആന്ദ്രേ റസലിനെ കൂറ്റനടികൾക്ക് അനുവദിക്കാതിരുന്നതാണ് സൺ റൈസേഴ്സിനു തുണയായത്. 51 റൺസെടുത്ത ക്രിസ് ലിന്നും 30 റൺസെടുത്ത റിങ്കു സിംഗുമാണ് കൊൽക്കത്തയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹ്മദ് ഹൈദരാബാദിനു വേണ്ടി തിളങ്ങി.
സുനിൽ നരേൻ്റെ കൂറ്റനടികളോടെയാണ് കൊൽക്കത്ത ഇന്നിംഗ്സിനു തുടക്കമായത്. ഓപ്പണിംഗ് ബൗളർമാരായ ഷഹബാസ് നദീമിനെയും ഖലീൽ അഹ്മദിനെയും കടന്നാക്രമിച്ച നരേൻ 8 പന്തുകളിൽ 25 റൺസെടുത്ത് പുറത്തായി. ഖലീൽ അഹ്മദിനു തന്നെയായിരുന്നു വിക്കറ്റ് മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറും സഹിതമായിരുന്നു നരേൻ്റെ ഇന്നിംഗ്സ്.
പിന്നീട് ക്രീസിലെത്തിയ ശുഭ്മൻ ഗിൽ, നിതീഷ് റാണ, ദിനേഷ് കാർത്തിക് എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ കൊൽക്കത്ത സ്കോർ താഴ്ന്നു. ഒരു വശത്ത് ക്രിസ് ലിൻ പിടിച്ചു നിന്നുവെങ്കിലും പിന്തുണ നൽകാൻ ആരും ഉണ്ടായില്ല. ഒടുവിൽ റിങ്കു സിംഗിൻ്റെ വരവോടെയാണ് കൊൽക്കത്ത ഇന്നിംസ്ഗിനു ജീവൻ വെച്ചത്. എങ്കിലും ഇരു താരങ്ങളുടെയും മെല്ലെപ്പോക്ക് റൺ നിരക്കിനെ ബാധിച്ചു. ലിന്നുമായി 51 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ റിങ്കു പതിനാറാം ഓവറിൽ സന്ദീപ് ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 25 പന്തുകളിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളും സഹിതം 30 റൺസായിരുന്നു റിങ്കു സിംഗിൻ്റെ സമ്പാദ്യം. തൊട്ടറ്റുത്ത ഓവറിൽ ക്രിസ് ലിന്നും പുറത്തായി. 47 പന്തുകളിൽ നാല് ബൗണ്ടറികളും ഒരു സിക്സറും സഹിതം 51 റൺസെടുത്ത ലിന്നിനെ ഖലീൽ അഹ്മദാണ് പുറത്താക്കിയത്.
19ആം ഓവറിൽ ഭുവനേശ്വറിനെ രണ്ട് സിക്സറുകളടിച്ച് തുടങ്ങിയെങ്കിലും ആ ഓവറിലെ അഞ്ചാം പന്തിൽ റസൽ വീണു. 9 പന്തുകളിൽ 15 റൺസെടുത്തതു ശേഷമാണ് റസൽ പുറത്തായത്. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ പീയുഷ് ചൗളയും കെസി കരിയപ്പയും നേടിയ ഓരോ ബൗണ്ടറിയും സിക്സറുമാണ് കൊൽക്കത്തയെ മാന്യമായ സ്കോറിലെത്തിച്ചത്.
3 വിക്കറ്റെടുത്ത ഖലീലിനൊപ്പം 2 വിക്കറ്റെടുത്ത ഭുവനേശ്വറും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് ശർമ്മ, റാഷിദ് ഖാൻ എന്നിവരും ഹൈദരാബാദ് വിക്കറ്റ് കോളത്തിൽ ഇടം കണ്ടെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here