‘ഒരു സാദാ മലയാളിയെ പോലെ വയ്യാവേലിക്കൊന്നും പോകാൻ നേരമില്ല എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു’

കല്ലട ബസിൽ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലെ അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം-ബംഗളൂർ കല്ലട ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് മായ മാധവൻ എന്ന അധ്യാപിക തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. രാത്രിയാത്രക്കായി എത്തേണ്ടിയിരുന്ന ബസ് എത്താതിരുന്നതും അതിന് ശേഷം ഉണ്ടായ അനുഭവങ്ങളുമാണ് മായ പങ്കുവെയ്ക്കുന്നത്. രാവിലെ ആറ് മണിക്ക് തിരുവനന്തപുരത്ത് എത്തേണ്ട വണ്ടി എത്തിയത് വൈകീട്ട് ആറ് മണിക്കാണെന്നും അവർ വ്യക്തമാക്കുന്നു.
രാത്രി11 മണിക്ക് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞ് തന്നെയും മകളേയും ഓഫീസിൽ ഇരുത്തുകയാണ് ജീവനക്കാർ ചെയ്തത്. ഒരു മണി ആയപ്പോൾ ഓഫീസ് അടച്ച് തങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ട് നിർത്തിയിട്ട് സ്റ്റാഫ് മുങ്ങി. താനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ തങ്ങൾ മാത്രമായി. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലായിരുന്നു. ആർത്തവവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ? കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫീസ് എങ്കിലും തുറന്ന് തങ്ങളെ അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ ‘ബസ്,ദാ എത്തി’ എന്ന് ആവർത്തിച്ചുകൊണ്ടിരുന്നുവെന്നും അധ്യാപിക വ്യക്തമാക്കുന്നു. അന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കേസ് കൊടുക്കാനൊന്നും തയ്യാറായില്ല. എന്നാൽ ഇപ്പോൾ അതേപ്പറ്റി ഓർത്ത് താൻ ഖേദിക്കുന്നുവെന്നും മായ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കല്ലടയുടെ പുതിയ വാർത്ത കണ്ടപ്പോൾ നമ്മുടെ അനുഭവം ഓർമ വന്നു….അതിഭീകരമായിരുന്നു. രാത്രി11 മണിക്ക് ചെന്നൈയിൽ നിന്ന് എത്തിച്ചേരേണ്ട വണ്ടി 12 മണിക്ക് എത്തുമെന്ന് പറഞ്ഞു ഞങ്ങളെ അവരുടെ ഓഫീസിൽ ഇരുത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ് എപ്പോൾ എത്തും എന്ന് ഒരു അറിയിപ്പും കിട്ടിയില്ല. 1 മണി ഒക്കെ ആയപ്പോൾ ഓഫിസ് അടച്ചിട്ട് ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ട് നിർത്തിയിട്ട് സ്റ്റാഫ് മുങ്ങി. ഞാനും മകളും പിന്നെ രണ്ട് മൂന്ന് പുരുഷന്മാരും ആണ് ഉണ്ടായിരുന്നത്. ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ…വല്ലാതെ ഭയപ്പെട്ട് പോയിരുന്നു. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടി വന്നത് കാളകൾ മേഞ്ഞു നടന്ന അടുത്തുള്ള തുറസായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ലോറിയുടെ മറവ്.ആർത്തവവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയണ്ടല്ലോ….കല്ലടയുടെ എന്ന് പറയപ്പെടുന്ന ഒരു മാനേജർ അവിടെ ഉണ്ടായിരുന്നു. പല പ്രാവശ്യം അവരോട് ഓഫിസ് എങ്കിലും തുറന്ന് ഞങ്ങളെ അകത്തിരുത്താൻ പറഞ്ഞെങ്കിലും അയാൾ ‘ബസ് ,ദാ എത്തി’ എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു. അവസാനം വെളുപ്പിന് അഞ്ച് മണിയോടടുത്ത് ഒരു ബസ് വന്നു.
വന്ന ബസിന്റെ സ്റ്റാഫിന് തീരെ താല്പര്യം ഇല്ലാതെയാണ് ഞങ്ങളെ അകത്ത് കയറ്റി വിട്ടത്. അവർക്ക് ഓടേണ്ട സമയം കഴിഞ്ഞു എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അന്നേരം മുതൽ അതിന്റെ ദേഷ്യം അവർ യാത്രക്കാരോട് തീർത്തുകൊണ്ടിരുന്നു. ഭക്ഷണത്തിനോ പ്രഥമികവശ്യങ്ങൾക്കോ നിർത്താൻ ആവശ്യപ്പെട്ടാൽ കേട്ടാലറയ്ക്കുന്ന തെറിയാണ് ഉത്തരം. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു വയോധികൻ അദ്ദേഹത്തിന് എന്തൊക്കെയോ അസുഖങ്ങൾ ഉള്ളത് കാരണം കൃത്യസമയത്തു ഭക്ഷണം കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ എന്ന് പറഞ്ഞതിന് അദ്ദേഹത്തോടയി പിന്നെ….ഒരു റിട്ടയർഡ് അധ്യാപകൻ ആയ അദ്ദേഹം അതേ ഭാഷയിൽ മറുപടി പറയാനാവാതെ വിഷമിക്കുന്നത് കണ്ടു. ഈ ആവശ്യം പറഞ്ഞതിന്റെ പേരിൽ ‘എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട….ബസ് ഇവിടെ കിടക്കട്ടെ…..പിന്നെ നിങ്ങൾ എന്ത് ചെയ്യും എന്ന് കാണട്ടെ….’എന്ന് ആക്രോശിച്ചു കൊണ്ട് ഗുണ്ടകൾ എന്ന് തന്നെ വിളിക്കാവുന്ന അതിലെ സ്റ്റാഫ് ബസ് വഴിയിൽ ഒതുക്കിയിട്ടു. രാവിലെ7 മണിക്കെങ്കിലും തിരുവനന്തപുരം എത്തേണ്ട ബസിൽ പിറ്റേ ദിവസം ഉച്ചയോടെയാണീ സംഭവം എന്നോർക്കണം. നേരെ ഭക്ഷണം പോലുമില്ലാതെ , കുളിക്കാതെ ബസിലും പുറത്തുമായി ഏകദേശം 13 മണിക്കൂർ കഴിഞ്ഞിരുന്നു അപ്പോൾ.
അവശതയും ഭയവും വല്ലാതെ അലട്ടിയ ഞങ്ങൾ അവരുടെ കൈയും കാലും പിടിച്ചു മാപ്പ് പറഞ്ഞിട്ടാണ് ആ ഓണംകേറാമൂലയിൽ നിന്ന് ബസ് എടുക്കാമെന്ന് അവർ സമ്മതിച്ചത്. അങ്ങനെ രാവിലെ 6 മണിക്ക് എത്തേണ്ട ബസ് വൈകിട്ട് 6 മണിക്ക് എത്തി…അല്ല, എത്തിച്ചു എന്ന് പറയേണ്ടി വരും . ഈ സംഭവം അന്ന് ബസിലിരുന്ന് മാളു ഇട്ട പോസ്റ്റ് താഴെ കൊടുക്കുന്നു. അത് വായിച്ചിട്ട് ചില സുഹൃത്തുക്കൾ തിരിച്ചെത്തിയ ഉടനെ ഉപഭോക്തൃകോടതിയെ സമീപിക്കണം എന്ന് ഉപദേശിച്ചെങ്കിലും ,ഒരു സാദാ മലയാളിയെ പോലെ ‘വയ്യാവേലിക്കൊന്നും പോകാൻ എനിക്ക് നേരമില്ലേ…’ എന്ന തീരുമാനം കൈക്കൊണ്ടതിൽ ഇന്ന് ഖേദിക്കുന്നു. കല്ലടയ്ക്ക് എതിരെ ഉള്ള എന്ത് പോരാട്ടത്തിനും എന്റെ ഐക്യദാർഢ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here