ഭീതിയൊഴിയാതെ ശ്രീലങ്ക; കൊളംബോയിൽ ഒരു ബോംബ് കൂടി കണ്ടെത്തി

ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും ഭീതിയൊഴിയാതെ ശ്രീലങ്ക. കൊളംബോയിൽ നിന്ന് ഇന്നും ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. നഗരത്തിലെ ഷോപ്പിംഗ് മാളിനു മുന്നിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ബോംബ് നിർവീര്യമാക്കി. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടനങ്ങളിൽ മുന്നൂറിലധികം പേർ മരിക്കുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബോംബ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം പിന്നീട് തീവ്രവാദ സംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെയാണ് സ്‌ഫോടനം നടന്നത്. ആറ് ഇന്ത്യക്കാരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനം നടന്ന പള്ളിക്കുള്ളിലെ സിസിടിവി ക്യാമറകളിൽ നിന്നും ചാവേറെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here