എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം; ചാനൽ ഓഫീസിൽ നിന്നും അന്വേഷണ സംഘം ദൃശ്യങ്ങൾ ശേഖരിച്ചു

എം.കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തിൽ യഥാർത്ഥ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘം ചാനൽ ഓഫീസിൽ നിന്നും ശേഖരിച്ചു.രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ദൃശ്യങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ചാനലിന്റെ വാർത്താ വിഭാഗം മേധാവിയുടെ അടക്കം അഞ്ച് പേരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.കോഴിക്കോട് നോർത്ത് അസി.കമ്മീഷണർ എ.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടിവി 9 ചാനലിന്റെ നോയിഡയിലെ ഓഫീസിലെത്തി ദൃശ്യങ്ങൾ ശേഖരിച്ചത്.
റെക്കോർഡിങ്ങിനുപയോഗിച്ച ക്യാമറയും മറ്റും കൈമാറാൻ അടുത്ത ഘട്ടത്തിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും. അതേ സമയം എം.കെ.രാഘവനിൽനിന്ന് വീണ്ടും മൊഴിയെടുക്കുമെന്നാണ് സൂചന. ജില്ലാ വരണാധികാരിയായ കളക്ടർ സാംബശിവ റാവു കഴിഞ്ഞ ദിവസം രാഘവന്റെ മൊഴിയെടുത്തിരുന്നു.കളക്ടറുടെ അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.അതേസമയം ജില്ലാ വരണാധികാരി നോട്ടീസ് അയച്ചെങ്കിലും ടിവി 9 ചാനൽ പ്രതിനിധികൾ ഇതുവരെ മൊഴി നൽകാൻ എത്തിയിട്ടില്ല.
സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ അന്വേഷണം എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഉന്നതതല നിർദ്ദേശം. ഹോട്ടൽ സംരംഭകരെന്ന വ്യാജേന എം.കെ രാഘവൻ എംപിയെ കാണാനെത്തിയ ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് ചാനൽ നേരത്തെ പുറത്തുവിട്ടിരുന്നത്. എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയാണിതെന്നുമാണ് എം.കെ രാഘവന്റെ നിലപാട്.
ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ എം.കെ രാഘവനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. കോഴിക്കോട് സിറ്റി പോലീസാണ് കേസെടുത്തത്. സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ഒളിക്യാമറദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു.രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്ന് വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഒളിക്യാമറ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടില്ലെന്നും ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ കൃത്രിമമല്ലെന്നുമാണ് ഐജിയുടെ അന്വേഷണ റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here