സഹപ്രവർത്തകന്റെ വിയോഗം; പൊട്ടിക്കരഞ്ഞ് സണ്ണി ലിയോൺ: വീഡിയോ

സഹപ്രവർത്തകൻ്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് നടി സണ്ണി ലിയോൺ. അർബാസ് ഖാനുമായുള്ള ചാറ്റ് ഷോയിലായിരുന്നു സഹപ്രവർത്തകൻ പ്രഭാകറിനെപ്പറ്റി ചോദിച്ചപ്പോൾ സണ്ണി ലിയോൺ വികാരാധീനയായത്. പോണ്‍ സിനിമയിലെ അഭിനയം അവസാനിപ്പിച്ച് ബോളിവുഡ് അഭിനയം തുടങ്ങിയപ്പോൾ താന്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചാണ് സണ്ണി ലിയോണ്‍ പ്രധാനമായി സംസാരിച്ചത്.

വൃക്ക സംബന്ധമായ രോഗം മൂലമായിരുന്നു പ്രഭാകറുടെ മരണം. പ്രഭാകറിന്റെ ചികിത്സയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് സണ്ണി ലിയോണ്‍ കുറച്ചു നാളുകള്‍ക്ക് മുന്‍പ് രംഗത്ത് വന്നിരുന്നു. ഇതിനെ ഒരുപാട് പേർ വിമർശിച്ചിരുന്നു. കോടികള്‍ സമ്പാദിക്കുന്ന നടി എന്തിനാണ് സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാരോട് ചോദിക്കുന്നത് എന്നതായിരുന്നു പ്രധാന ചോദ്യം. ഇതെക്കുറിച്ച് സംസാരിച്ചപ്പോഴാണ് സണ്ണി ലിയോണ്‍ വികാരാധീനയായത്.

താനും ഭർത്താവ് ഡാനിയൽ വെബറും കൂടിയായിരുന്നു അദ്ദേഹത്തിൻ്റെ ചികിത്സാ ചെലവുകൾ നോക്കിയിരുന്നതെന്നും ആശുപത്രി ചെലവിനും രക്തം മാറ്റുന്നതിനുമെല്ലാം ധാരാളം പണം ആവശ്യമായിരുന്നുവെന്നും സണ്ണി പറഞ്ഞു. “ഒരുപാട് കാലം പരിചയമുള്ള സുഹൃത്തുക്കളോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോ മരണത്തിലേക്ക് നീങ്ങുകയാണ് എന്നറിയുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും പരിഭ്രാന്തരാകും. പ്രഭാകര്‍ വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായിരുന്നു. ആളുകള്‍ക്ക് അയാളെ വലിയ ഇഷ്ടവുമായിരുന്നു. അയാളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല ഞാന്‍ അത് പോസ്റ്റ് ചെയ്തത്, അദ്ദേഹത്തിന് കുടുംബമുണ്ട്, ഒരു മകനുണ്ട്. ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും താല്‍പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിന് ലഭിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ചെയ്തത്.”- സണ്ണി പറഞ്ഞു.

പ്രഭാകര്‍ ഒരിക്കല്‍ പോലും എന്നോട് സഹായം ചോദിച്ചിട്ടില്ല. അസുഖത്തെക്കുറിച്ച് ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാനും ഡാനിയും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ തോറ്റു, മരണം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി കളഞ്ഞു- സണ്ണി ലിയോണ്‍ പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More