മൂന്ന് പതിറ്റാണ്ടായി താമര വിരിയുന്ന ഭോപ്പാൽ; ‘ദിഗ് വിജയ’ത്തിന് കോൺഗ്രസ്

രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. രാജ്യത്ത് പ്രധാന നേതാക്കൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ നിരവധിയാണ്.വാഴുന്നവരും വീഴുന്നവരും വാർത്തകളിൽ നിറയുന്ന അത്തരം മണ്ഡലങ്ങളെ അടുത്തറിയാം…
മധ്യഭാരതത്തിൽ മാത്രമല്ല ഇന്ന് രാജ്യമെമ്പാടും ചർച്ച ചെയ്യുന്ന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് മധ്യപ്രദേശിലെ ഭോപ്പാൽ. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ് ഠാക്കൂറിനെ ഇവിടെ സ്ഥാനാർത്ഥിയായി രംഗത്തിറക്കിയതിന്റെ പ്രതിഫലനങ്ങൾ രാജ്യമെങ്ങും എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മറ്റു മണ്ഡലങ്ങളിലെ പോലെ വികസനമോ മറ്റ് പതിവു വിഷയങ്ങളോ ഒന്നും ഈ തെരഞ്ഞെടുപ്പിൽ ഭോപ്പാലിൽ ചർച്ചയാകുന്നില്ല. പകരം കാവി നിറഞ്ഞ പ്രചാരണ വേദികളിൽ ഹിന്ദുത്വ വിഷയം മാത്രം ഉയർത്തിക്കാട്ടുകയാണ് ബിജെപി.
എന്നാൽ കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയതരംഗം ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ മറികടക്കാൻ കരുത്ത് നൽകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്.
രാഷ്ട്രീയ ചാണക്യനായി അറിയപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെ തന്നെ കോൺഗ്രസ് കളത്തിലിറക്കിയിരുന്നതും കാവിക്കോട്ടയിൽ ഒരു അട്ടിമറി ലക്ഷ്യമിട്ട് തന്നെയാണ്.
Read Also; ജയ്പുർ റൂറലിൽ ഒളിമ്പ്യൻമാരുടെ പോരാട്ടം
കഴിഞ്ഞ മുപ്പതു വർഷമായി ബിജെപിക്കൊപ്പം നിൽക്കുന്ന ലോക്‌സഭാ മണ്ഡലമാണ് ഭോപ്പാൽ. 1989 മുതൽ 2014 വരെ മറ്റൊരു പാർട്ടിക്കും ഇവിടെ ജയിക്കാനായിട്ടില്ല. ഇതിനിടെ ഓരോ തെരഞ്ഞെടുപ്പിലും ഇവിടെ നിന്നും ലോക്‌സഭയിലേക്കെത്തുന്ന ബിജെപി എംപിമാരുടെ ഭൂരിപക്ഷത്തിലുണ്ടാകുന്ന വർധനവും ശ്രദ്ധേയമാണ്. നിലവിൽ അലോക് സഞ്ജാറാണ് ഇവിടുത്തെ എം.പി. 2014 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രകാശ് ശർമ്മയ്‌ക്കെതിരെ മൂന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു അലോകിന്റെ വിജയം.
1957 ൽ രൂപീകൃതമായ മണ്ഡലത്തിൽ 1989 വരെ നാല് തവണയാണ് കോൺഗ്രസിന് ജയിക്കാനായത്. ഒരു തവണ ബിഎൽഡി സ്ഥാനാർത്ഥിയും ഇവിടെ ജയിച്ചു. 1989 മുതൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി കുതിപ്പ് തുടരുന്നത്. 1999 ൽ ഉമാ ഭാരതിയായിരുന്നു ഭോപ്പാലിൽ നിന്നുള്ള എം.പി.
ജനസംഘത്തിന്റെ കാലം മുതലേ ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്.മൂന്നു പതിറ്റാണ്ടായി ഒപ്പം നിൽക്കുന്ന പാർട്ടിയുടെ ഉരുക്കുകോട്ടയായ ഭോപ്പാൽ മണ്ഡലത്തിൽ ഇത്തവണ പ്രജ്ഞ സിങ് ഠാക്കൂറിനെ പോലെയുള്ളൊരു സ്ഥാനാർത്ഥിയെ ബിജെപി രംഗത്തിറക്കുന്നത് കൃത്യമായ കണക്കൂകൂട്ടലിൽ തന്നെയാണ്.
Read Also; സഖ്യത്തിന് കൈ കൊടുക്കാത്ത നോർത്ത് ഈസ്റ്റ് ഡൽഹി; ഇത്തവണ കരുത്ത് കാട്ടാനുള്ള പോരാട്ടം
കോൺഗ്രസിൽ നിന്നും കാര്യമായൊരു മത്സരം പോലും പ്രതീക്ഷിക്കുന്നില്ലെന്ന് ബിജെപി അവകാശപ്പെടുന്ന മണ്ഡലത്തിൽ വിവാദങ്ങളുടെ പെരുമഴ പെയ്യിക്കുന്ന പ്രജ്ഞാ സിങിനെ തന്നെ ദൗത്യമേൽപ്പിച്ചിരിക്കുന്നത് മറ്റു ചില സുപ്രധാന ലക്ഷ്യങ്ങളോടെയാണ് എന്നതാണ് വാസ്തവം.
ഹിന്ദു നേതാക്കളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചുവെന്ന് ബിജെപി ആരോപിക്കുന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന് എതിരാളിയായി ‘ഇര’ വാദത്തോടെ പ്രജ്ഞയെ തന്നെ അവതരിപ്പിക്കുമ്പോൾ ബിജെപി പ്രതീക്ഷിക്കുന്നത് ഭോപ്പാലിലോ മധ്യപ്രദേശിലോ മാത്രം ഒതുങ്ങിനിൽക്കുന്നൊരു നേട്ടമല്ല.
സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു മുതൽ നിരന്തരം വിവാദപരാമർശങ്ങളുമായി പ്രചാരണരംഗത്ത് നിറഞ്ഞുനിൽക്കുകയാണ് പ്രജ്ഞ സിങ്. ഹേമന്ദ് കർക്കറെയെപ്പറ്റിയും ബാബറി മസ്ജിദിനെപ്പറ്റിയുമെല്ലാമുള്ള പ്രജ്ഞയുടെ പരാമർശങ്ങൾ ഒന്നൊന്നായി വിവാദങ്ങളിലേക്ക് നീങ്ങുമ്പോൾ ഹിന്ദുത്വ വിഷയമുയർത്തി ധ്രുവീകരണമൊരുക്കുകയെന്ന ലക്ഷ്യത്തിലേക്ക് ബിജെപിയും അടുക്കുകയാണ്.
Read Also; കോൺഗ്രസിനെ ഹൃദയത്തിലേറ്റിയ അമേഠി; ഇത്തവണ പോരാട്ടം ഒപ്പത്തിനൊപ്പം
നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങളുടെ കൂട്ടത്തിൽ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി തയ്യാറാക്കിയ വെള്ളി പൂശിയ ഇഷ്ടികയുമുണ്ടെന്ന് പ്രജ്ഞ സിങ് രേഖപ്പെടുത്തിയതും ഏറെ ചർച്ചയാക്കാൻ ബിജെപിക്ക് സാധിച്ചു. മധ്യപ്രദേശിലെ മറ്റു മണ്ഡലങ്ങളെപ്പോലെ വികസനമോ രാഷ്ട്രീയമോ ഉന്നയിക്കുന്ന പ്രചാരണ വേദികൾ ഭോപ്പാലിൽ ഇത്തവണ കാണാനാകുന്നില്ലെന്നതാണ് പ്രത്യേകത. ഒരു ഭാഗത്ത് ഹിന്ദുത്വത്തെ ഉയർത്തികാണിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ തങ്ങൾ ഹിന്ദുത്വത്തിന് എതിരല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന തിരക്കിലാണ് കോൺഗ്രസിന്റെ ക്യാമ്പുകൾ.
കോൺഗ്രസ് കള്ളക്കേസിൽ കുടുക്കി വേട്ടയാടിയ സന്യാസിനിയെന്ന പരിവേഷമാണ് ബിജെപി പ്രചാരണവേദികളിൽ പ്രജ്ഞ സിങ്ങിനുള്ളത്. കനത്ത സുരക്ഷയിൽ സന്യാസിനിമാരുടെ സംഘത്തോടൊപ്പമാണ് പ്രജ്ഞയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
ബിജെപിയുടെ പതാകകളേക്കാൾ കൂടുതലായി കാവി നിറത്തിലുള്ള കൊടികളും ഷാളുകളുമാണ് പ്രചാരണവേദികളിൽ ഉപയോഗിക്കുന്നത്. ഹിന്ദുക്കളെ വേട്ടയാടാനും ഭീകരവാദികളാക്കാനും കോൺഗ്രസ് ശ്രമിച്ചെന്ന് പ്രചാരണവേദികളിൽ ആവർത്തിച്ച് പറയുന്ന പ്രജ്ഞ ഇത്തവണ ഭോപ്പാലിൽ നടക്കുന്നത് ധർമ്മയുദ്ധമാണെന്നും വ്യക്തമാക്കുന്നുണ്ട്.
Read Also; മക്കൾ രാഷ്ട്രീയത്തിനൊപ്പം നിൽക്കുമോ മാണ്ഡ്യയുടെ മനസ്സ് ?
കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്നും സ്ത്രീകൾക്കെതിരായ അതിക്രമം തടയുകയാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ലക്ഷ്യമെന്നും പ്രജ്ഞ വ്യക്തമാക്കുന്നു. ഉമാ ഭാരതി അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രജ്ഞയ്ക്കു വേണ്ടി ഭോപ്പാലിൽ സജീവമായി പ്രചാരണരംഗത്തുണ്ട്. ഹിന്ദുത്വ വിഷയങ്ങൾ മാത്രമുയർത്തി ഉത്തരേന്ത്യയാകെയുള്ള ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ് ഭോപ്പാലിലെ മത്സരത്തിലൂടെ ഇത്തവണ ബിജെപി ലക്ഷ്യമിടുന്നത്.
എതിരാളി പ്രജ്ഞാ സിങ് ആയതുകൊണ്ട് തന്നെ കോൺഗ്രസ് നേതൃത്വവും ഭോപ്പാലിലെ മത്സരത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഭോപ്പാലിൽ ദിഗ്‌വിജയ് സിങ്ങിനുള്ള സ്വീകാര്യത തന്നെയാണ് 70-ാം വയസ്സിലും അദ്ദേഹത്തെ തന്നെ കളത്തിലിറക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിനു പിന്നിലുള്ളത്. 15 വർഷമായി തുടർന്നു വന്ന ബിജെപി ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്ത് അധികാരത്തിലെത്താൻ കഴിഞ്ഞത് കോൺഗ്രസിന് നൽകിയിരിക്കുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർത്തിയ മൃദ്യുഹിന്ദുത്വ സമീപനം തന്നെയാണ് കോൺഗ്രസ് ഇത്തവണയും പരീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കടം എഴുതിത്തള്ളലും കർഷക ക്ഷേമ പദ്ധതികളും ഗുണം ചെയ്യുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. മണ്ഡലപരിധിയിൽ വരുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിക്കാനായതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്.
Read Also; ബേഗുസരായിയിൽ ഇക്കുറി കരുത്തൻമാരുടെ പോരാട്ടം
പ്രചാരണത്തിന്റെ തുടക്കത്തിലേ മുതൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഭോപ്പാൽ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് അടുക്കുമ്പോഴേക്കും കൂടുതൽ വിവാദങ്ങളും ചൂടേറിയ വാദപ്രതിവാദങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. ഉത്തരേന്ത്യയൊന്നാകെ പിടിക്കാനുള്ള പരീക്ഷണങ്ങളുമായി ബിജെപി കളത്തിലിറങ്ങുമ്പോൾ ഇതിനെ മറികടക്കാൻ കോൺഗ്രസ് വരും ദിനങ്ങളിൽ പുറത്തെടുക്കുന്ന അടവുകൾ എന്തൊക്കെയാകുമെന്നതും നിർണായകമാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളെ അടുത്തറിയാനുള്ള തെരഞ്ഞെടുപ്പ് പംക്തി- ‘രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളിലൂടെ’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here